കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ഇ ഡി ചോദ്യം ചെയ്യും. ഇതില്‍പ്പെട്ടവരെ ഇ ഡി ചോദ്യം ചെയ്തിരുന്നു. അതില്‍ നിന്നുള്ള വിവരങ്ങളനുസരിച്ചാണ് കൂടുതല്‍ പേരെ വിളിക്കുന്നത്.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ ചോദ്യം ചെയ്യല്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ കോടതി പറഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് ഇ ഡിയുടെ അടുത്ത നീക്കം. ഇ ഡിക്കെതിരേ ശശിധരന് കര്‍ത്തയും മൂന്നു ജീവനക്കാരും നല്കിയ ഹര്‍ജി ഹൈക്കോടതി അവധിക്കാലത്തിനു ശേഷമേ പരിഗണിക്കൂ. സിഎംആര്‍എല്‍, വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാടു നടത്തി. നല്‍കാത്ത സേവനത്തിന് സിഎംആര്‍എല്‍ വീണയ്ക്കും എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് വീണയ്ക്കും സംഘത്തിനുമെതിരേ കേന്ദ്ര ഏജന്‍സികള്‍ നടപടി തുടങ്ങിയത്. ഇതിനിടെ വീണയുടെ കമ്പനി എക്സാലോജിക്കിനെതിരേയുള്ള കേസില്‍ ഇ ഡി പ്രതിപ്പട്ടിക തയ്യാറാക്കി.
സ്വകാര്യ കരിമണല്‍ കമ്പനി ഒന്നാം പ്രതി സ്ഥാനത്തും കമ്പനി എംഡി രണ്ടാം പ്രതിയും കമ്പനി സീനിയര്‍ മാനേജര്‍ മൂന്നാം പ്രതിയും സീനിയര്‍ ഓഫീസര്‍ നാലാം പ്രതിയും എക്സാലോജിക് അഞ്ചാം പ്രതിസ്ഥാനത്തും വീണ ആറാം പ്രതിയുമാകും. ഇതില്‍ ആദ്യ നാലു പ്രതികളുടെ ചോദ്യം ചെയ്യല്‍ നടന്നു.
എസ്എഫ്ഐഒയുടെ പ്രോസിക്യൂഷന് കംപ്ലെയിന്റ് അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റര്‍ ചെയ്തത്. എക്സാലോജിക്കും കരിമണല്‍ കമ്പനിയും തമ്മിലെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നത്.
എക്സാലോജിക്കിന് കൈമാറിയ തുക സംബന്ധിച്ചു തൃപ്തികരമായ വിശദീകരണം ലഭിക്കാത്തതിനാല്‍ കള്ളപ്പണ ഇടപാടായാണ് ഇ ഡി കണക്കാക്കുന്നത്. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കാനൊരുങ്ങുന്നു. വീണയെ വീട്ടിലെത്തി ചോദ്യം ചെയ്യും. ആരോഗ്യ പ്രശ്നം കാട്ടി ഹാജരാകാനാകില്ലെന്നു കോടതിയെ അറിയിച്ചെങ്കിലും, സിഎംആര്‍എല്‍ എംഡിയെ ഇ ഡി വീട്ടിലെത്തി ചോദ്യം ചെയ്യുകയായിരുന്നു. സംസ്ഥാന വ്യവസായ വികസന വകുപ്പ് , രജിസ്ട്രാര്‍ ഓഫ് കമ്പനി എന്നിവയിലെ ഉദ്യോഗസ്ഥരെ ഇ ഡി മൊഴിയെടുക്കാന്‍ വിളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: