തിരുവനന്തപുരം: 1.15 കോടി രൂപ മുടക്കി നവകേരള യാത്രയക്ക് തയാറാക്കിയ ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടിലോടിക്കാന്‍ തീരുമാനം. ഇതിനായി പെര്‍മിറ്റ് അടക്കമുള്ളവയില്‍ മാറ്റംവരുത്താന്‍ നടപടി തുടങ്ങി. പലയിടങ്ങളില്‍ ബസ് മാസങ്ങളായി വെറുതെ കിടന്ന് നശിക്കുന്നത് വിവാദമായതിന് പിന്നാലെയാണ് തീരുമാനം.
ടിക്കറ്റ് കൊടുത്ത് ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയിലേക്ക് മാറ്റുന്നതിനായി് കോണ്‍ട്രാക്ട് ക്യാരേജ് ആയിരുന്ന പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് ആക്കി മാറ്റം വരുത്തും. അന്തര്‍സംസ്ഥാന യാത്രയ്ക്കുള്ള പെര്‍മിറ്റ് നേടാനുള്ള നടപടികളും തുടങ്ങി. സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്നതിനുവേണ്ടി സീറ്റുകളിലടക്കം ബസിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ തയാറാക്കിയ പ്രത്യേക സീറ്റ് അഴിച്ചുമാറ്റി. നവകേരള സദസിന് ശേഷം ബസിനുള്ളില്‍ സര്‍വീസ് നടത്തുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ബസിന്റെ ബോഡി നിര്‍മിച്ച ബെംഗളൂരുവിലുള്ള പ്രകാശ് ബസ് ബോഡി ബില്‍ഡിങ് കമ്പനിയിലേക്ക് മാറ്റിയിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ക്കാവുന്ന പണികള്‍ മാത്രമുള്ള ബസ് മൂന്ന് മാസത്തോളം അവിടെകിടന്നു. ഒരു മാസം മുമ്പ് ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സില്‍ എത്തിച്ചെങ്കിലും നിരത്തിലിറക്കാന്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. ഇത് ലോകസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതോടെ തിരിച്ചടിയാകുമെന്ന് ഭയന്നാണ് പെര്‍മിറ്റ് മാറ്റാനുള്ള നടപടികള്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: