ബെംഗളൂരു: മുന്‍ സഹപാഠിയുടെ കുത്തേറ്റ് കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ മരിച്ച സംഭവത്തില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരിനെതിരെ വന്‍ വിമര്‍ശനം. കോണ്‍ഗ്രസ് നേതാവ് നിരഞ്ജന് ഹിരെമത്തിന്റെ മകള്‍ നേഹ ഹിരെമത്തിനെ (23) സഹപാഠി കുത്തി കൊലപ്പെടുത്തിയത് ലവ് ജിഹാദിന്റെ പേരിലാണെന്ന ആരോപണവുമായി കോളേജിലെ വിദ്യാര്‍ത്ഥിസംഘടനയായ എബിവിപി രംഗത്തെത്തിയതോടെയാണ് പ്രതിഷേധം രൂക്ഷമായത്.
സംസ്ഥാനത്തെ ക്രമസമാധനം തകര്‍ക്കുന്ന സംഭവമാണിതെന്നും അക്രമിക്ക് കഠിനശിക്ഷ നല്‍കണമെന്നും എബിവിപി ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നില്‍ ലവ് ജിഹാദാണെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിയും ബിജെപി ധാര്‍വാഡ് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ പ്രഹ്ലാദ് ജോഷി ആരോപിച്ചു. ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയം മുഖ്യമന്ത്രി സിദ്ധരാമയ്യ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ലൗജിഹാദ് ആരോപിച്ച് പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ നിരജ്ഞന് ഹിരെമത്തും രംഗത്തെത്തി. തന്റെ മകളെ ഫയാസ് ലൗ ജിഹാദ് കാരണമാണ് കൊലപ്പെടുത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഭവം ലൗ ജിഹാദല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വാദിക്കുന്നതിനിടെയാണ് പിതാവിന്റെ ഈ ഗുരുതര ആരോപണം. തന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ പ്രതി അവളെ 7-8 തവണ കുത്തിയതായി പിതാവ് പറഞ്ഞു. ഇത് ലൗ ജിഹാദല്ലെങ്കില്‍ പിന്നെ എന്താണ്?-നിരഞ്ജന് ഹിരേമത്ത് ചോദിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഞാന്‍ വിവിധ കേസുകള്‍ കാണുന്നു, അവരുടെ ക്രൂരത വര്‍ദ്ധിക്കുന്നു. എന്തുകൊണ്ടാണ് യുവാക്കള്‍ വഴിതെറ്റുന്നത്? ഇത് പറയാന്‍ മടിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മകള്‍ നഷ്ടപ്പെട്ടതിന്റെ വേദന എനിക്കറിയാം.
മാതാപിതാക്കള്‍ക്ക് കുട്ടികളെ നഷ്ടപ്പെടുന്ന പല കേസുകളും ഞാന്‍ കണ്ടിട്ടുണ്ട്, ലൗ ജിഹാദ് വളരെയധികം പ്രചരിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു, നിരഞ്ജന് പറഞ്ഞു. പ്രതിക്ക് വേണ്ടി ജാമ്യാപേക്ഷ നല്‍കരുതെന്നും ഒരുതരത്തിലും സഹായം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലൗ ജിഹാദ് കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും പിതാവ് കോടതിയോടും ബാര്‍ അസോസിയേഷനോടും പോലീസിനോടും ആവശ്യപ്പെട്ടു. ഇതുവരെ പ്രതികളായ നാല് പേരില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെയും എത്രയും വേഗം അറസ്റ്റ് ചെയ്യണം. ഇത് ലൗ ജിഹാദല്ലെങ്കില്‍ പിന്നെ എന്താണ്? ലൗ ജിഹാദിന് വേണ്ടി അവര്‍ ലക്ഷ്യമിടുന്നത് നല്ല കുടുംബത്തിലെ പെണ്‍കുട്ടികളെയാണ്. ഇവനെ എത്രയും വേഗം നേരിടുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണമെന്നും ഹിരേമത്ത് പറഞ്ഞു.
ഇരുവരും ഇഷ്ടത്തിലായിരുന്നെന്നും പ്രണയത്തില്‍ നിന്ന് പെണ്‍കുട്ടി വിട്ടുനിന്നപ്പോള്‍ പ്രകോപിതനായ യുവാവ് കുത്തികൊല്ലുകയായിരുന്നെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വവര പ്രതികരിച്ചു. സംഭവത്തിന് പിന്നില്‍ ലവ് ജിഹാദുള്ളതായി കണ്ടെത്തിയിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നും സംസ്ഥാനത്തെ ക്രമസമാധാനം നല്ല രീതിയിലാണ് പോകുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
എന്നാല്‍ കൊലപാതകം ലവ് ജിഹാദിന്റെ ഭാഗമാണെന്ന് നേഹയുടെ അച്ഛനും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന് ഹിരെമത്തിന്റെ നിലപാടാണിപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലായിരിക്കുന്നത്. കുറച്ചുനാളുകളായി മകളെ അപകടപ്പെടുത്താന്‍ അക്രമിസംഘം തയാറെടുക്കുകയായിരുന്നെന്നും ഹിരെമത്ത് പറഞ്ഞു. ഇതിനിടെ, എബിവിപി ഉള്‍പ്പെടെയുള്ള സംഘടനകളുടെ വലിയ പ്രതിഷേധങ്ങള്‍ ഹുബ്ബള്ളിലും ഫയാസിന്റെ ജന്മനാടായ മുനവള്ളിയിലും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: