കോട്ടയം: വായ്പ കുടിശികയെ തുടര്‍ന്ന് വീട് ജപ്തി ചെയ്യുന്നതിനിടെ പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. വെള്ളിയാഴ്ചയാണ് നെടുങ്കണ്ടം ആശാരികണ്ടം ദിലീപിന്റെ ഭാര്യഷീബ ദിലീപ് (49) ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. 80 ശതമാനം പൊള്ളലേറ്റ ഷീബ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഷീബയെ ആത്മഹത്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതിനിടയില്‍ പൊള്ളലേറ്റ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസര്‍ അമ്പിളി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എസ.ഐ ബിനു എബ്രഹാം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അമ്പിളിക്ക് 40% പൊള്ളലുണ്ട്.
ഷീബയും കുടുംബവും വീടും സ്ഥലം വാങ്ങുന്നതിന് മുമ്പ് ഇതിന്റെ ഉടമ ബാങ്കില്‍ നിന്ന് 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈ ബാദ്ധ്യത നിലനിറുത്തിയാണ് ഷീബ വീട് വാങ്ങിയത്. തിരിച്ചടവ് മുടങ്ങിയതിനാല്‍ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് 63 ലക്ഷം രൂപയുടെ ബാദ്ധ്യത വന്നതായി പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച കോടതി ഉത്തരവുമായി പോലീസ് അകമ്പടിയില്‍ സ്വകാര്യബാങ്ക് ജീവനക്കാര്‍ ജപ്തി ചെയ്യാന്‍ എത്തിയപ്പോഴാണ് ഷിബ തീ കൊളുത്തിയത്. വായ്പ അടച്ചുതീര്‍ക്കുന്നത് സംബന്ധിച്ച് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ബാങ്ക് അധികൃതര്‍ എത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
എസ്.എന്‍.ഡി.പി യോഗം വനിതാസംഘം നെടുങ്കണ്ടം യൂണിയന് മുന്‍ പ്രസിഡന്റാണ് മരിച്ച ഷീബ ദിലീപ്. സംസ്കാരം ഞായറാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: അഭിജിത്ത്, മിഥുല
പ്രതികരിക്കാൻ ഇവിടെ എഴുതുക: