ഗാന്ധിനഗര്‍ (ഗുജറാത്ത്): മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടം പിടിക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
നാനൂറില്‍ അധികം സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ മോദിയെ വീണ്ടും അധികാരത്തിലേറ്റാനുള്ള ആവേശത്തിലാണ് ജനങ്ങളെന്നും ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചശേഷം അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, രാജ്യസഭാ എംപി മായങ്ക് നായക് എന്നിവര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ഒപ്പം എത്തിയാണ് അമിത് ഷാ വരണാധികാരികൂടിയായ ഗാന്ധിനഗര്‍ ജില്ലാ കളക്ടര്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസ് സൃഷ്ടിച്ച നഷ്ടങ്ങള്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് നികത്താന്‍ മോദി സര്‍ക്കാരിന് സാധിച്ചു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് വികസിത ഭാരതത്തിന്റെ അടിത്തറ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടല്‍ജി, അദ്വാനിജി എന്നിവര്‍ ഗാന്ധിനഗറിനെ പ്രതിനിധീകരിച്ചു എന്നത് എനിക്ക് അഭിമാന കരമാണ്. മോദിജി ഈ മണ്ഡലത്തിലെ വോട്ടറായിരുന്നു. 30 വര്‍ഷമായി ഈ പ്രദേശത്തെ ജനങ്ങള്‍ എനിക്ക് നല്‍കിയത് അളവറ്റ സ്നേഹമാണ്, ഷാ പറഞ്ഞു.
ഗാന്ധിനഗര്‍ മണ്ഡലത്തില്‍ ഇത് രണ്ടാം തവണയാണ് അമിത് ഷാ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5.57 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അമിത് ഷാ ജയിച്ചത്. സി.ജെ. ചാവ്ദയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: