ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പത്താം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍ തീര്‍ന്നു. ഇന്നലെ നടന്ന പ്ലേഓഫ് നോക്കൗട്ടില്‍ 2-1ന് ഒഡീഷ എഫ്സിയോട് പരാജയപ്പെട്ടു. നിശ്ചിത സമയ മത്സരം 1-1 സമനിലയില്‍ തീര്‍ന്ന് കളി അധിക സമയത്തിലാണ് അവസാനിച്ചത്.
ഏകപക്ഷീയമായ ഒരു ഗോളിന് നിശ്ചിത സമയത്ത് വിജയം ഉറപ്പിച്ചു നിന്ന കേരള ബ്ലാസ്റ്റേഴ്സിനെതിരെ 87-ാം മിനിറ്റില്‍ ഒഡീഷ എഫ്സി നേടിയ ഗോള്‍ കളിയുടെ ഗതി മാറ്റി മറിച്ചു. നിശ്ച്ത സമയ മത്സരം സമനിലയിലായി. വാസ്തവത്തില്‍ ഓഫ് സൈഡില്‍ പെടുത്താവുന്ന ഗോളായിരുന്നു ഇത്. പക്ഷെ സൈഡ് റെഫറിക്കും പിഴച്ചു. അപ്പീല്‍ ചെയ്യുന്നതില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും ശ്രദ്ധിച്ചില്ല. ഈ സമനിലയുടെ ബലത്തില്‍ അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ ഒഡീഷ 98-ാം മിനിറ്റില്‍ വിജയഗോള്‍ കണ്ടെത്തി സെമിയിലേക്ക് കുതിച്ചു. ബ്ലാസ്റ്റേഴ്സ് പുറത്തേക്കും.
കളിയുടെ 67-ാം മിനിറ്റില്‍ ഫെഡോര്‍ കെര്ണിച്ച് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് മുന്നിട്ടു നിന്നത്. കളിയിലുടനീളം ഇരു ടീമുകളും ഒപ്പത്തിനൊപ്പം നല്ക്കുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്. ഒരു ഫൈനലിന്റെ എല്ലാ ലക്ഷണങ്ങളും ഒത്ത മത്സരമായിരുന്നു. രണ്ട് ടീമുകളും നിരവധി മുന്നേറ്റങ്ങളാണ് എതിര് വലയെ ലക്ഷ്യമാക്കി നീങ്ങിയത് പക്ഷെ ഗോള്‍ മാത്രം കണ്ടില്ല.
ആദ്യപകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്. മുന്‍ നിശ്ചയിച്ചത് പോലെ മുന്‍നിര താരം ദിമിത്രിയോസ് ഡയമന്റക്കോസ് കളിക്കുണ്ടായിരുന്നില്ല. ബ്ലാസ്റ്റേഴ്സ് നായകന് അഡ്രിയാന്‍ ലൂണ പകരക്കാരനായാണ് മത്സരത്തിലിറങ്ങിയത്. ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയ കെര്ണിച്ചിനെ പിന്‍വലിച്ച് 81-ാം മിനിറ്റിലാണ് ലൂണ ഇറങ്ങിയത്. ലീഗിന്റ രണ്ടാം പകുതിക്ക് ശേഷം ആദ്യമായാണ് ലൂണ കളിക്കിറങ്ങിയത്. താരം കളിക്കാനിറങ്ങുമെന്ന് കോച്ച് ഇവാന് വുക്കോമനോവിച്ച് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നതാണ്.
87-ാം മിനിറ്റില്‍ ഡീഗോ മൗറീഷിയോ ആണ് ഓഡീഷയ്ക്ക് സമനില സമ്മാനിച്ചത്. അധിക സമയത്തില്‍ ഇസാക് വാന്ലുല്റുവറ്റ്ഫീല ആണ് ഒഡീഷയുടെ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ 98-ാം മിനിറ്റിലായിരുന്നു ഇസാക്കിന്റെ ഗോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: