തിരുവനന്തപുരം: ആറ്റുകാലില്‍ ഏഴുവയസുകാരനെ രണ്ടാനച്ഛന് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മ അഞ്ജനയെ രണ്ടാം പ്രതിയാക്കി ഫോര്‍ട്ട് പോലീസ് അറസ്റ്റു ചെയ്തു. രണ്ടാനച്ഛന് അനുവിനെ ഇന്നലെ അറസ്റ്റുചെയ്തിരുന്നു. ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കേസ്. കുട്ടിയെ ശിശുസംരക്ഷണസമിതിയിലേക്ക് മാറ്റി. ബാലാവകാശ കമ്മിഷനും കേസെടുത്തേക്കും.
ക്രൂരമായ മര്‍ദ്ദനമാണ് അനു നടത്തിയതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. അടിവയറ്റില്‍ ചട്ടുകംവച്ച് പൊള്ളിക്കുക, പട്ടിയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അടിക്കുക, ഫാനില്‍ കെട്ടിത്തൂക്കുക തുടങ്ങിയ വിധത്തിലെല്ലാം ഉപദ്രവിക്കുമായിരുന്നു. സ്കൂള്‍ നോട്ടെഴുതാത്തതിന് പച്ചമുളക് തീറ്റിച്ചു. ചിരിച്ചതിന് ചങ്ങലകൊണ്ട് അടിച്ചു. ഫാനില്‍ കെട്ടിത്തൂക്കി. ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ അമ്മ തടയാതെ നോക്കിനില്ക്കുവെന്നും കുട്ടി പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. അമ്മയ്ക്ക് സുഖമില്ലാതിരുന്ന ദിവസം അനുവിന്റെ വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ബന്ധുക്കളാണ് വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ തന്നെയും മര്‍ദ്ദിക്കുമെന്ന് ഭയന്നാണ് തടസംപിടിക്കാതിരുന്നതെന്ന് അഞ്ജന പറയുന്നു.
അഞ്ജനയാണ് കുട്ടിയുടെ കുറ്റങ്ങള്‍ പറഞ്ഞ് അനുവിന് മര്‍ദ്ദനത്തിന് പ്രേരണ നല്‍കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. അഞ്ജനയെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ്. ഒരുവര്‍ഷമായി ബന്ധുവായ അനുവിനൊപ്പമാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: