പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലേക്കു കാട്ടുപന്നി പാഞ്ഞുകയറിയത് പരിഭ്രാന്തി പരത്തി. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഈ സമയം രോഗികളാരും അവിടെ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ജീവനക്കാരെ കുറെനേരം പരിഭ്രാന്തിയിലാക്കിയ കാട്ടുപന്നി ഒടുവില്‍ ഒപി ടിക്കറ്റ് കൗണ്ടറിനു സമീപത്തുകൂടി പുറത്തേക്ക് പോയി.
കോന്നി വനം ഡിവിഷനിലെ താവളപ്പാറ വനമേഖലയോട് ചേര്‍ന്നാണ് മെഡിക്കല്‍ കോളജ് സ്ഥിതിചെയ്യുന്നത്. കോളജ് ഹോസ്റ്റലിന് സമീപത്ത് രാത്രിയില്‍ പതിവായി കാട്ടുപന്നികള്‍ എത്തുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. മുന്‍പൊക്കെ രാത്രിയില്‍ മെഡി. കോളജിന്റെ മുറ്റത്ത് കാട്ടുപോത്തുകള്‍ എത്തുന്നത് പതിവായിരുന്നു. രാത്രി ജോലി ചെയ്യുന്നത് ഭീതിയോടെയാണെന്ന് സെക്യൂരിറ്റി ജീവനക്കാരും പറയുന്നു. കാട്ടുപന്നി ആക്രമണത്തിലും വാഹനങ്ങള്‍ക്ക് കുറുകെ ചാടി ഉണ്ടായ അപകടങ്ങളിലും കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലയില്‍ അഞ്ച് പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: