ബെംഗളൂരു: മകളെ കൊലപ്പെടുത്തിയ ആണ്‍സുഹൃത്തിനെ അമ്മ കുത്തിക്കൊന്നു. സൗത്ത് ബെംഗളൂരുവിലെ പാര്‍ക്കില്‍ വ്യാഴാഴ്ചയാണ് സംഭവം. ഗോരഗുണ്ടെപാളയ സ്വദേശി സുരേഷ് (46), ശാകംബരി നഗറില്‍ താമസിക്കുന്ന അനുഷ (25) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ അനുഷയുടെ അമ്മ ഗീത അറസ്റ്റിലായി.
അനുഷയും സുരേഷും ഒരേ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. ഇരുവരും അടുപ്പത്തിലുമായിരുന്നു. എന്നാല്‍ അടുത്തിടെ സുരേഷുമായുള്ള ബന്ധത്തില്‍ നിന്ന് അനുഷ പിന്മാറിയിരുന്നു. ഇക്കാര്യം സംസാരിക്കാന്‍ സുരേഷ് അനുഷയെ കഴിഞ്ഞദിവസം ശിവക്ഷേത്ര പാര്‍ക്കില്‍ വിളിച്ചുവരുത്തി. അമ്മ ഗീതയെയും കൂട്ടിയാണ് അനുഷ സുരേഷിനെ കാണാനെത്തിയത്. ഇത് ഇയാളെ പ്രകോപിപ്പിച്ചു.
ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും, ഇതേതുടര്‍ന്ന് കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് അനുഷയെ പലതവണ സുരേഷ് ആക്രമിക്കുകയായിരുന്നു. ഇത് കണ്ടുനിന്ന ഗീത സുരേഷിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അനുഷയുടെ ശരീരത്തില്‍ 28 തവണ കുത്തേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: