ഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി ആന്‍ ടെസ തിരിച്ചെത്തിയത് സന്തോഷകരമായ വാര്‍ത്തയാണ്. ഇത്രയും വേഗം ഇങ്ങനെ സംഭവിക്കുമെന്ന് ആരും കരുതിയില്ല. ടെഹ്റാനിലെ ഇറാന് മിഷന്റെയും ഇറാന് സര്‍ക്കാരിന്റെയും സംയുക്ത ശ്രമഫലമായാണ് ഇവരെ വിട്ടയച്ചതെന്ന് ഭാരത വിദേശകാര്യ മന്ത്രാലയം അറിയിച്ചതോടെ ആശങ്കയുടെ മഞ്ഞുരുകുകയാണ്. പതിനേഴ് ഭാരതീയരാണ് കപ്പലിലുണ്ടായിരുന്നത്. അവശേഷിക്കുന്ന പതിനാറ് പേരെയും അധികം വൈകാതെ വിട്ടയയ്ക്കുമെന്ന് ഇനി പ്രതീക്ഷിക്കാം. ഇവരില്‍ മൂന്നു പേര് മലയാളികളുമാണ്. കപ്പലിലെ മുഴുവന്‍ ഭാരതീയരെയും തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറ്റാലിയന്‍-സ്വിസ് കമ്പനിക്കു കീഴിലുള്ള ചരക്കു കപ്പല്‍ ഇറാന് പിടിച്ചെടുത്ത വിവരം അറിഞ്ഞതോടെ കപ്പലിലുള്ള സ്വന്തം പൗരന്മാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഭാരതം തുടക്കമിട്ടിരുന്നു. ഡമാസ്കസിലെ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയാണ് ആദ്യം ചെയ്തത്. ഭാരതീയരായ ജീവനക്കാരുടെ ക്ഷേമവും നേരത്തെയുള്ള മോചനവും ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങളും നയതന്ത്ര മാര്‍ഗങ്ങളിലൂടെ ശ്രമം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചിരുന്നു. ഭാരത വിദേശ കാര്യമന്ത്രാലയം നടത്തിയ ശ്രമങ്ങള്‍ക്ക് അനുകൂലമായ പ്രതികരണം ഇറാനില്‍നിന്ന് ലഭിച്ചു. കപ്പലിലെ ഭാരതീയ ജീവനക്കാരെ കാണാന്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് ഇറാന് അനുമതി നല്‍കിയതായി വിദേശ കാര്യമന്ത്രി എസ്.ജയശങ്കര്‍ അറിയിച്ചതോടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും, നിശ്ചിതസമയത്തിനകം ജീവനക്കാരെ മോചിപ്പിക്കാന്‍ കഴിയുമെന്നും വ്യക്തമായിരുന്നു.
ഇറാന് വിദേശകാര്യമന്ത്രി അമിര്‍ അബ്ദുള്ളാഹിയാനുമായി വിദേശകാര്യ മന്ത്രി ജയശങ്കര്‍ ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചരക്കുകപ്പലിലെ ജീവനക്കാരെ കാണാന്‍ അനുമതി ലഭിച്ചത്. കപ്പല്‍ ജീവനക്കാരുടെ ആരോഗ്യനിലയില്‍ ജയശങ്കര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെയും ദല്‍ഹിയിലെയും ഇറാന് നയതന്ത്ര ഉദ്യോഗസ്ഥരെ ഭാരതം നേരത്തെ തന്നെ ആശങ്ക അറിയിച്ചിരുന്നു. ഇസ്രായേലും ഇറാനും തമ്മിലെ സംഘര്‍ഷം രൂക്ഷമായതിനാല്‍ എല്ലാവരും സംയമനം പാലിക്കണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, അന്തരീക്ഷം എപ്പോള്‍ വേണമെങ്കിലും വഷളാകാമെന്നതിനാല്‍ ഭാരത നാവികസേനയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുപോന്നു. പാക്കിസ്ഥാന്, ഫിലിപ്പൈന്‍സ്, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരും കപ്പലിലുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും കഴിയാത്തവിധത്തില്‍ പ്രശ്നത്തില്‍ ഇടപെടാനും, സ്വന്തം പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ഭാരതത്തിനു കഴിഞ്ഞു. യുദ്ധമുഖത്ത് നിലയുറപ്പിച്ചിരിക്കുകയാണെങ്കിലും ഇറാനും ഇസ്രായേലും തമ്മില്‍ ഭാരതത്തിന് നല്ല ബന്ധമാണ്. സംഘര്‍ഷം കൂടുതല്‍ വഷളാകാതിരിക്കാനുള്ള ഇടപെടലുകള്‍ നയതന്ത്രതലത്തില്‍ ഭാരതം നടത്തുന്നുണ്ട്. മറ്റ് രാജ്യങ്ങള്‍ക്കും ഇതില്‍ വലിയ പ്രതീക്ഷയാണുള്ളത്. പക്ഷേ അപ്രതീക്ഷിതമായ നീക്കങ്ങള്‍ ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പശ്ചിമേഷ്യന്‍ സംഘര്‍ഷം എപ്പോഴും ഭാരതത്തെ നേരിട്ടു ബാധിക്കുന്നതാണ്. പാലസ്തീനിലെ ഇസ്ലാമിക ഭീകരസംഘടനയായ ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിനെ തുടര്‍ന്നുള്ള യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ ഗാസയിലും മറ്റും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിനു പിന്നാലെയാണ് ഡമാസ്കസിലെ തങ്ങളുടെ കോണ്‍സുലേറ്റ് ആക്രമിച്ചത് ഇസ്രായേലാണെന്നു പറഞ്ഞ് ഇസ്രായേലിന്റെ സൈനിക കേന്ദ്രത്തിനു നേര്‍ക്ക് ഇറാന് ആക്രമണം നടത്തിയത്. തങ്ങളെ സംബന്ധിച്ചിടത്തോളം ആക്രമണം അവസാനിച്ചുവെന്നും, ഇനി കാര്യങ്ങള്‍ ഇസ്രായേലിന് തീരുമാനിക്കാമെന്നും ഇറാന് പറയുകയുണ്ടായി. കനത്ത പ്രത്യാക്രമണം ഭയന്നാണിത്. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നാണ് ഇസ്രായേല്‍ പ്രതികരിച്ചിട്ടുള്ളത്. ഇതിനിടെയാണ് ചരക്കു കപ്പല്‍ ഇറാന് പിടിച്ചെടുത്തത്. തങ്ങള്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കു കപ്പലിലെ ജീവനക്കാരായ ഭാരതീയരെല്ലാം സുരക്ഷിതരാണെന്നും, ആരും തടവിലല്ലെന്നും ഭാരതത്തിലെ ഇറാന് അംബാസഡര്‍ ഇറാജ് ഇലാഹി പറഞ്ഞിരുന്നു. ഗള്‍ഫ് തീരത്തെ കാലാവസ്ഥ മോശമായതാണ് ജീവനക്കാരുടെ മോചനത്തിന് കാലതാമസമുണ്ടാകുന്നതെന്നും ഇലാഹി പറയുകയുണ്ടായി. തങ്ങള്‍ സുരക്ഷിതരാണെന്നും, ഇറാന് സൈന്യം നല്ല രീതിയിലാണ് പെരുമാറുന്നതെന്നും കപ്പലിലെ മലയാളികള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നു. ഇവരിലൊരാളായ വനിതയാണ് ഇപ്പോള്‍ വീട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിയിട്ടുള്ളത്. മറ്റു മൂന്നു മലയാളികളും ഇതേ രീതിയില്‍തന്നെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: