ന്യൂദല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പു സംവിധാനം മികച്ചതാണെന്നും അമിത സംശയം നല്ലതല്ലെന്നും സുപ്രീം കോടതി.
വോട്ടിങ് മെഷീനിലെ എല്ലാ വോട്ടും വിവിപാറ്റുമായി ഒത്തുനോക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഈ പരാമര്‍ശം. എല്ലാം ഹര്‍ജിക്കാരോടു വിശദീകരിക്കാനാകില്ലെന്നും സാങ്കേതിക വശങ്ങള് മനസിലാക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്കുന്ന വിശദീകരണത്തില്‍ വോട്ടര്‍മാര്‍ തൃപ്തരാണെന്നും കോടതി പറഞ്ഞു. രാജ്യത്തെ തെരഞ്ഞെടുപ്പു സംവിധാനം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. വോട്ടിങ് ശതമാനം കൂടുകയാണ്. ഇതു ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണ്. വിദേശത്തു മാത്രമല്ല, ഭാരതത്തിലും സംവിധാനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
വോട്ടര്‍മാരുടെ അവകാശത്തെ ഹര്‍ജിക്കാര്‍ തമാശയാക്കി മാറ്റുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആരോപിച്ചു. വളച്ചൊടിച്ച വാര്‍ത്തകളുമായാണ് ഹര്‍ജിക്കാര്‍ കോടതിയിലെത്തുന്നത്. തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കുമ്പോഴാണ് ഹര്‍ജിയെന്നും ഇതു ജനാധിപത്യത്തിനു ഹാനികരമാണെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അദ്ദേഹം ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായെങ്കിലും കോടതി, വിധി പറയാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: