ജയ്പൂര്‍: കോണ്‍ഗ്രസിന്റേത് വിനാശകരമായ രാഷ്ട്രീയമാണെന്ന് ലോക്സഭാ സ്പീക്കറും രാജസ്ഥാനിലെ കോട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ഓം ബിര്‍ള. സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യുമെന്ന് ഡിഎംകെ നേതാക്കള്‍ വെല്ലുവിളിച്ചു. കോണ്‍ഗ്രസ് അതിനെ അപലപിച്ചില്ലെന്ന് മാത്രമല്ല, അവരുമായി സഖ്യമുണ്ടാക്കി. അതിന്റെ അര്‍ത്ഥമെന്താണ്? കോണ്‍ഗ്രസിന്റേത് പ്രീണനരാഷ്ട്രീയമാണ്. അവര്‍ സനാതനധര്‍മ്മത്തെ തകര്‍ക്കുമെന്ന് വീമ്പ് പറയുന്നവരെ പ്രീണിപ്പിക്കുകയാണ്, എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ ഓം ബിര്‍ള പറഞ്ഞു.
അവര്‍ മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. കോണ്‍ഗ്രസിന് നേതാവില്ല, നയവും കര്‍മ്മപദ്ധതിയുമില്ല. ഇന്‍ഡി മുന്നണിക്കാര്‍ പോലും രാഹുലിനെ നേതാവായി പ്രഖ്യാപിക്കുന്നില്ല. കോണ്‍ഗ്രസും അതിന് തയാറാകുന്നില്ല. അവര്‍ പിന്നെന്തിനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്? ജാതിയും മതവും പറഞ്ഞ് ജനങ്ങളെ വേര്‍തിരിക്കാനാണോ? വ്യാജവാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കലാണ് അവരുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം, ഓം ബിര്‍ള ചൂണ്ടിക്കാട്ടി.
ബിജെപി അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്നൊക്കെയാണ് പ്രതിപക്ഷപാര്‍ട്ടികള്‍ പ്രചരിപ്പിക്കുന്നത്. നാനൂറിലേറെ സീറ്റുമായി ബിജെപിയെ അധികാരത്തിലെത്തിക്കുമെന്ന് ജനങ്ങള്‍ വ്യാപകമായി പറഞ്ഞുതുടങ്ങിയപ്പോഴാണ് ഇത്തരം നുണകള്‍ അവര്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷം അടിസ്ഥാന സൗകര്യവികസനത്തില്‍ സൃഷ്ടിച്ച വലിയ കുതിച്ചുചാട്ടം സാധാരണക്കാരുടെ ജീവിതങ്ങളെ മാറ്റിമറിച്ചു. രാജ്യത്തിന്റെ കരുത്ത് അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തി. ചാര് സൗ പാര് എന്നത് വെറും മുദ്രാവാക്യമല്ല, ജനങ്ങള്‍ നല്കുന്ന വിശ്വാസമാണ്, ഓം ബിര്‍ള കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: