Categories: India

ബാലകരാമന് സമ്മാനമായി 20 ലക്ഷം ചിത്രങ്ങള്‍ ഒറ്റ കാന്‍വാസില്‍

Published by

അയോദ്ധ്യ: രാമനവമിയില്‍ അയോദ്ധ്യയിലെ ബാലകരാമന് അപൂര്‍വ സമ്മാനവുമായി ജയ്പൂരിലെ മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് നവീന്‍ ശര്‍മ്മ. ആറു വര്‍ഷം കൊണ്ട് തയാറാക്കിയ ചിത്രമാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് കൈമാറിയത്.

23 ഇഞ്ച് നീളവും 31 ഇഞ്ച് വീതിയുമുള്ള കാന്‍വാസില്‍ രാമകഥയിലെ 500 സന്തോഷജനകമായ സംഭവങ്ങള്‍ ഉള്‍പ്പെടെ ഇരുപത് ലക്ഷം ചിത്രങ്ങളുണ്ട്. 51,000 തവണ ശ്രീരാം എന്ന പേര് ചിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാന്‍വാസിന്റെ നാലു മൂലയിലും നാല് ധാം. അതിനിടയില്‍ രാം ദര്‍ബാറും സീതാ സ്വയംവരവും രാമമന്ദിറും എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രനിര്‍മാണം സംബന്ധിച്ച കോടതി വ്യവഹാരങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങിയപ്പോഴാണ് നവീന്‍ ശര്‍മ്മ ചിത്രമൊരുക്കാന്‍ തുടങ്ങിയത്. ആറ് വര്‍ഷം കൊണ്ട് 7600 മണിക്കൂര്‍ സമയം ചെലവിട്ടാണ് അദ്ദേഹം ഈ മിനിയേച്ചര്‍ ആര്‍ട്ട് വര്‍ക്ക് സൃഷ്ടിച്ചത്.

നാല് കോണുകളിലുള്ള നാല് ധാമുകള്‍ കൂടാതെ, രാജ്യത്തെ 211 ക്ഷേത്രങ്ങള്‍ അര ഇഞ്ച് ഇടത്ത് ചിത്രീകരിച്ചിരിക്കുന്നു, രണ്ടേകാലിഞ്ച് സ്ഥലത്ത് 28 വിഭാഗങ്ങളിലായി 24 വിഷ്ണുവിന്റെ ചിത്രങ്ങള്‍. അവസാന കാല്‍ ഇഞ്ച് ബോര്‍ഡറിലാണ് രാമചരിതം ചിത്രീകരിച്ചിരിക്കുന്നത്. മധ്യഭാഗത്തായാണ് രാമക്ഷേത്രം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക