ന്യൂയോര്‍ക്ക്: ന്യൂയോര്‍ക് സ്റ്റേറ്റ് ലെജിസ്ലേച്ചറിലെ കംപ്യൂട്ടറുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം. ചൊവ്വാഴ്ച രാത്രിയോടെയാണ് സൈബര്‍ ആക്രമണം നേരിട്ടത്. ഇത് സ്റ്റേറ്റിന്റെ ബജറ്റ് ബില്‍ ഡ്രാഫ്റ്റിങ്ങിനെ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുഎസ് മാധ്യമമായ ദ ഹില്‍ ആണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സൈബര്‍ ആക്രമണം ഉണ്ടായെന്നും നിയമ നിര്‍മാണ സമിതിയിലെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചതായും ന്യൂയോര്‍ക് ഗവര്‍ണര്‍ കാത്ലീന് ഹോച്ചുള്‍ അറിയിച്ചു.
എന്നാല്‍ സൈബര്‍ ആക്രമണത്തിന് പിന്നിലെ കാരണം പുറത്തുവിട്ടിട്ടില്ല. ബജറ്റ് ബില്‍ ഡ്രാഫ്റ്റിങ്ങിന്റെ അവസാന നടപടികള്‍ക്കിടെയാണ് സൈബര്‍ ആക്രമണം ഉണ്ടായതെന്ന് ന്യൂയോര്‍ക് പബ്ലിക് റേഡിയോ അറിയിച്ചു. ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ ബജറ്റ് ബില്‍ ഡ്രാഫ്റ്റിങ് മാര്‍ച്ചില്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ അത് 17 ദിവസത്തേയ്ക്ക് കൂടി നീണ്ടു പോയി.
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് 1994 മുതല്‍ 20 വര്‍ഷത്തെ ഫയലുകള്‍ കാണാതായെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ബില്‍ ഡ്രാഫ്റ്റിങ് ഓഫീസ് അറിയിച്ചു. നിരവധി വര്‍ഷത്തെ കണക്കുകള്‍ ഉള്ളതിനാല്‍ ഇവ തിരിച്ചെടുക്കുന്നതിന് അല്പം സമയം എടുക്കുമെന്ന് ഹോച്ചുള്‍ അറിയിച്ചു.
237 ബില്യണ്‍ യുഎസ് ഡോളറിന്റെ ബജറ്റ് നിര്‍ദേശങ്ങളാണ് തിങ്കളാഴ്ച ന്യൂയോര്‍ക് ലെജിസ്ലേച്ചറില്‍ അവതരിപ്പിച്ചത്. അതിനോടനുബന്ധിച്ച ബില്ലുകള്‍ ഡ്രാഫ്റ്റ് ചെയ്യുന്നതിനിടെയാണ് തടസമുണ്ടായത്. ബജറ്റ് നിര്‍ദേശങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ബജറ്റ് അംഗീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബജറ്റിന്റെ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ഹോച്ചുള്‍ അറിയിച്ചു. സൈബര്‍ ആക്രമണത്തില്‍ ന്യൂയോര്‍ക്ക് കോണ്‍ഗ്രസ് പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: