കണ്ണൂര്‍: കനലെരിയുന്ന കളിയാട്ടങ്ങള്‍ക്ക് നിറപകിട്ടേകി മലയാള സിനിമയെ ദേശിയ അവാര്‍ഡിന്റെ തിളക്കത്തിലേക്ക് നയിച്ച തിരക്കഥാകൃത്താണ് ഇന്നലെ വിടവാങ്ങിയ ബല്‍റാം മട്ടന്നൂര്‍. സിനിമാ രംഗത്തെന്ന പോലെ സാഹിത്യ മേഖലയിലും തിളങ്ങി. ഉത്തര മലബാറിന്റെ അനുഷ്ഠാനകലാ രൂപമായ തെയ്യാട്ടത്തെ ചലച്ചിത്രത്തോട് ഇഴചേര്‍ത്ത് ‘കളിയാട്ടം’ എന്ന തിരക്കഥയിലൂടെ അവതരിപ്പിച്ച് അദ്ദേഹം പുതിയൊരു ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
മൂന്നോളം സിനിമകളെടുക്കാനുളള ആഗ്രഹം മനസില്‍വെച്ചാണ് അദ്ദേഹം യാത്രയായത്. ‘രമണം’, ദസ്‌തേവിസ്‌കിയുടെ കുറ്റവും ശിക്ഷയും അടിസ്ഥാനമാക്കിയുളള ‘ചമ്മട്ടി’, ‘അന്യലോകം’ എന്നീ സിനിമകള്‍ നിര്‍മാണത്തിനുളള തയാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. അന്യലോകം എന്ന ഏക കഥാപാത്ര സിനിമ നടന്‍ ഇന്ദ്രന്‍സുമായി ചേര്‍ന്ന് മെയ് മാസം ചിത്രീകരിക്കാനിരിക്കെയാണ് മരണം.
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവിതത്തെക്കുറിച്ചൊരു സിനിമ തയാറാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രമണം എന്ന തിരക്കഥ രചിച്ചത്. നിര്‍മാതാക്കളെ കിട്ടാതായപ്പോള്‍ ‘രമണം’ എന്ന പേരിലൊരു പുസ്തക സമാഹാരം ഇറക്കി പണമുണ്ടാക്കി സിനിമയെടുക്കാനുമുള്ള ബലറാമിന്റെ വ്യത്യസ്തമായ തീരുമാനം വാര്‍ത്തയായിരുന്നു. ഒമ്പത് പുസ്തകങ്ങളുടെ സമാഹാരത്തിന് 2000 രൂപയായിരുന്നു വില നിശ്ചയിച്ചത്. നല്ലൊരു തുക ഈ ഇനത്തില്‍ സ്വരൂപിക്കുകയും ചെയ്തിരുന്നു. പൂര്‍ണ്ണവും അപൂര്‍ണ്ണവുമായി നിരവധി തിരക്കഥകള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ആഗ്രഹങ്ങളെല്ലാം ബാക്കിവെച്ചാണ് ബഹുമുഖ പ്രതിഭ യാത്രയായത്.
മികച്ച തിരക്കഥാകൃത്ത് എന്നതിനപ്പുറം ഒരു മികച്ച സാഹിത്യകാരന്‍ കൂടിയായിരുന്നു ബല്‍റാം. രോഗാസന്നനായി കിടക്കുന്ന ഘട്ടത്തില്‍ പോലും അദ്ദേഹം പുസ്തക രചനയില്‍ മുഴുകിയിരുന്നു. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയായ ബല്‍റാം നാറാത്താണ് താമസിച്ചിരുന്നത്. സ്‌കൂള്‍ പഠനകാലത്തുതന്നെ സാഹിത്യവാസനയുണ്ടായിരുന്ന ബല്‍റാം ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ 1974ല്‍ ‘മുയല്‍ ഗ്രാമം’ എന്ന നോവല്‍ എഴുതി. ഇരുപതാം വയസില്‍, 1982ല്‍, ആദ്യ നോവല്‍ പ്രസിദ്ധീകൃതമായി.
ചെറുപ്പത്തിലേ സിനിമയില്‍ തല്‍പ്പരനായിരുന്ന ബല്‍റാം ചങ്ങമ്പുഴയെക്കുറിച്ച് ‘പ്രേമസംന്യാസി’ എന്നൊരു നോവലും എഴുതി. അതിന് തിരക്കഥയും രചിച്ചു. തുടര്‍ന്നാണ് സംവിധായകന്‍ ജയരാജന്റെ കൂടി ആവശ്യപ്രകാരം ബല്‍റാം വിശ്വപ്രസിദ്ധ നാടകമായ ഒഥല്ലോയുടെ ആശയം സ്വീകരിച്ച് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ കളിയാട്ടത്തിന് തിരക്കഥ എഴുതിയത്. തെയ്യം കലാകാരന്മാരുടെ ജീവിതത്തിലെ സാഹസികതയും അര്‍പ്പണവും കഷ്ടപ്പാടുകളും കണ്ണീരും കുട്ടിക്കാലം മുതലെ അടുത്തറിഞ്ഞ ബല്‍റാമിന് ഈ രചന ആത്മസമര്‍പ്പണത്തിന്റെ സാക്ഷാത്കാരമായിരുന്നു. സിനിമയിലെ നായകനനായ സുരേഷ്‌ഗോപിക്കും സംവിധായകന്‍ ജയരാജിനും ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. കൈതപ്രത്തിന് ഇതേസിനിമ വഴി ഗാനരചനയ്‌ക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചു. തെയ്യം എന്ന കലാരൂപത്തിന് വടക്കന്‍ കേരളത്തിന് പുറത്തേക്കൊരുവാതില്‍ സിനിമ തുറന്നു കൊടുത്തു.
ബല്‍റാം തിരക്കഥ, സംഭാഷണം നിര്‍വഹിച്ച മറ്റൊരു ശ്രദ്ധേയമായ സിനിമയായിരുന്നു ‘കര്‍മ്മയോഗി’. ഹാംലറ്റ് എന്ന ഷേക്‌സ്പിയര്‍ നാടകത്തെ കേരളീയ പശ്ചാത്തലത്തില്‍ പുനരവതരിപ്പിക്കുകയായിരുന്നു ഈ സിനിമയിലൂടെ. ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ എന്ന സിനിമയുടെ തിരക്കഥയും ബല്‍റാമിന്റേതാണ്.
കാശി എന്ന നോവലും കാട്ടിലൂടെ, നാട്ടിലൂടെ, രവിഭഗവാന്‍ തുടങ്ങിയ ബാലസാഹിത്യകൃതികളും ബാല്‍റാമിന്റെ ശ്രദ്ധേയമായ രചനകളാണ്. പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. രോഗഗ്രസ്തനായി കിടക്കവേ ‘ജീവിതം പൂങ്കാവനം’ എന്ന കൃതി നാറാത്തെ വീട്ടില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 27ന് സുരേഷ്‌ഗോപിയും ‘കാശി’ ഡിസംബറില്‍ എം.വി. ഗോവിന്ദനും പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: