കോട്ടയം: പോളിംഗ് സ്റ്റേഷനുകളാക്കുന്ന സ്കൂള്‍ കെട്ടിടങ്ങളുടെ ചുവരുകളില്‍ പതിച്ചിട്ടുള്ള ചിത്രങ്ങളും ഭൂപടങ്ങളും മറ്റും നശിപ്പിക്കാതിരിക്കാന്‍ പോളിംഗ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ഇലക്ഷന് ഓഫീസര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ എടുത്തുപറയുന്നു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ക്ലാസ് മുറികളിലെ ഭിത്തികളിലുള്ള ചിത്രങ്ങളും മാപ്പുകളും നശിപ്പിച്ചത് സംബന്ധിച്ച് പരാതികള്‍ ഉയരുകയും നിയമ നടപടികളിലേക്കു നീങ്ങേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. ചിത്രങ്ങള്‍ നശിപ്പിക്കുകയോ ചുവരുകളില്‍ കേടുവരുത്തുകയോ ചെയ്യാത്ത വിധത്തില്‍ ആവണം പോളിംഗ് സ്റ്റേഷനുകളില്‍ അറിയിപ്പുകള് പതിക്കേണ്ടത്. പോളിംഗ് ബൂത്തുകളിലെ ഫര്‍ണീച്ചറുകള്‍ ഒരു തരത്തിലും നശിപ്പിക്കാന്‍ പാടില്ല. പോളിംഗ് കഴിഞ്ഞ് മടങ്ങുമ്പോള്‍ വൈദ്യുത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ആക്കിയെന്നും ടാപ്പുകള്‍ അടച്ചുവെന്നും ചുവരുകളില്‍ പതിച്ച അറിയിപ്പുകള് നീക്കം ചെയ്തുവെന്നും ഉറപ്പാക്കണം. പോളിംഗ് സ്റ്റേഷനുകളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ മാലിന്യം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു നീക്കം ചെയ്തുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഉറപ്പുവരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: