പാറമേക്കാവിന്റെ മൂലസ്ഥാനം ചിരപുരാതനമായ വടക്കുംനാഥ ക്ഷേത്രമാണ്. വാസ്തുശില്പം,ചുമര്‍ചിത്രങ്ങള്‍, പ്രതിഷ്ഠാവൈവിധ്യം എന്നിവയില്‍ തനതായ ശൈലിയോടെ വേറിട്ടുനില്‍ക്കുന്ന ക്ഷേത്രമാണിത്. പണ്ട് ഈ പ്രദേശം തേക്കിന്‍കാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞിമരച്ചുവട്ടിലായിരുന്നു പാറമേക്കാവിലമ്മയുടെ ആദ്യ പ്രതിഷ്ഠ. ആ ചരിത്രം ചുരുക്കി വിവരിക്കാം.
തിരുമാന്ധാംകുന്നിലമ്മയുടെ പരമഭക്തനായിരുന്നു കൂര്‍ക്കഞ്ചേരി കുറുപ്പാള്‍ തറവാട്ടിലെ കാരണവര്‍. എല്ലാ മാസവും അവിടെയെത്തി അമ്മയെ ദര്‍ശിച്ചിരുന്ന അദ്ദേഹം പ്രായാധിക്യം മൂലം അതിന് കഴിയാതെ വന്നപ്പോള്‍ ഇഷ്ടദേവതയോട് നാട്ടില്‍ കുടികൊള്ളുവാന്‍ അപേക്ഷിച്ചു. ദേവീ ദര്‍ശനം കഴിഞ്ഞ് കുറുപ്പാള്‍ കാരണവര്‍ മടങ്ങുന്ന വേളയില്‍ ഭഗവതി അദ്ദേഹത്തിന്റെ കുടയില്‍ കുടികൊണ്ടു. യാത്രാമദ്ധ്യേ കാരണവര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തി. ഭഗവാനെ ദര്‍ശിച്ച ശേഷം അദ്ദേഹം അവിടെയുള്ള ഇലഞ്ഞിമരച്ചുവട്ടില്‍ കുട വെച്ച് അവിടെ കിടന്നുറങ്ങി. പോകാന്‍ നേരം തന്റെ കുട എടുക്കാന്‍ നോക്കിയപ്പോള്‍ അത് മരച്ചുവട്ടില്‍ ഉറച്ചുപോയതായി മനസ്സിലാക്കി. തുടര്‍ന്ന് ദേവപ്രശ്നം വച്ച് നോക്കിയപ്പോള്‍ അവിടെ ദേവീസാന്നിദ്ധ്യം കാണുകയും അവിടെയൊരു ചെറിയ ശില അദ്ദേഹം പ്രതിഷ്ഠിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കളരിയിലും ഈ ചൈതന്യത്തെ കുടിയിരുത്തി, ശാക്തേയ വിധിപ്രകാരം പൂജ ചെയ്യാന്‍ തുടങ്ങി. തിരുമാന്ധാംകുന്നിലമ്മയുടെ ചരിത്രത്തില്‍ എഴുതപ്പെടാത്ത ഏടായി ഇന്നും കുറുപ്പാള്‍ കളരി നിലനില്ക്കുന്നു. കുറുപ്പാള്‍ തറവാട്ടിലെ പേരറിയാത്ത ആ കാരണവര്‍ ഒരു തികഞ്ഞ ഉപാസകനും, യോദ്ധാവും, പണ്ഡിതനുമായിരുന്നുവെന്നും അനുമാനിക്കാം. അതിനാലാണ് പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിതറ മേളത്തിന് ഇത്രയുമധികം പ്രാധാന്യം കല്പിക്കുന്നത.് പാറമേക്കാവിന്റെ വേല അടിയന്തര ചടങ്ങിനും പ്രാമുഖ്യം കല്പിക്കുന്ന ഇടമാണ് വടക്കുംനാഥന്.
ദേവീ പ്രതിഷ്ഠ നടത്തിയ ശില വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്നും കിഴക്കുഭാഗത്തുള്ള പാറയുടെ മുകളിലേക്ക് മാറ്റി. പാറപ്പുറത്ത് പ്രതിഷ്ഠിച്ച ഭഗവതിയായതിനാല്‍ പാറമേക്കാവിലമ്മ എന്ന് അറിയപ്പെടുകയും ചെയ്തു. ഇതല്ല, കളരിയില്‍ കാരണവര്‍ പാറോം മരച്ചുവട്ടില്‍ കുടിയിരുത്തിയത് കൊണ്ട് പാറോം കാവിലമ്മ എന്നും പിന്നീട് പാറമേക്കാവിലമ്മ എന്ന് ലോപിക്കുകയും ചെയ്തുവെന്നത് മറ്റൊരു ഐതിഹ്യം. ഇതെല്ലാം പാറമേക്കാവിലമ്മ പ്രകൃതിയില്‍ ലയിച്ചിരുന്ന ദേവിയാണ് എന്ന് ചൂണ്ടിക്കാട്ടുന്നു.
പിന്നീട് കാലാനുസൃതമായ മാറ്റങ്ങളാല്‍ പാറമേക്കാവ് ഇന്ന് കാണുന്ന നിലയില്‍ (മേല്‍ക്കാവ്, കീഴ്ക്കാവ് എന്നിങ്ങനെ രൂപാന്തരപ്പെടുകയും ചെയ്തു. ഇന്ന് കാണുന്ന പ്രതിഷ്ഠയില്‍ മുഖ്യ പ്രതിഷ്ഠ ദാരുബിംബമാണ്. മറ്റൊന്നില്‍ കണ്ണാടിബിംബമാണ് പ്രതിഷ്ഠ. ഗണപതി പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രം എന്ന പ്രത്യേകതയും പാറമേക്കാവിനുണ്ട്. പാറമേക്കാവിന്റെ ചരിത്രം ചുരുളഴിയാന്‍ കൂടുതല്‍ ഗവേഷണ വിധേയമാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: