ഭഗവാന്റെ ആദ്യാവതാരം ബ്രഹ്മാവിന്റെ നാസാരന്ധ്രത്തില്‍ നിന്ന് സ്വയംഭൂവായി, അംഗുഷ്ഠമാത്രശരീരിയായി, അവിടെ സന്നിഹിതരായിരുന്ന മരീച്യാദി പ്രജാപതികളേയും സപത്നീകനായ സ്വായംഭുവമനുവിനേയും സ്വയം ബ്രഹ്മാവിനെ തന്നെയും ആശ്ചര്യപ്പെടുത്തിക്കൊണ്ടായിരുന്നു. ലോകത്ത് ആദ്യമായി ജനിച്ച ആ മനു, തന്റെ പിതാവിന് ഹിതം അനുവര്‍ത്തിക്കുന്നതിനുവേണ്ടി മാനവസൃഷ്ടി പുരോഗമിപ്പിക്കാന്‍ ആഗ്രഹിച്ചപ്പോള്‍, ഇങ്ങനെ സൃഷ്ടിക്കപ്പെടുന്നവര്‍ക്കു നിവസിക്കാന്‍ ഇടം വേണമല്ലോ, എന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സിനെ ഉലച്ചു. ഈ പ്രശ്നം ബ്രഹ്മാവിന്റെ സമക്ഷം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹവും ചിന്താതുരനായി; കാരണം അഖിലചരാചരങ്ങളുടേയും വാസസ്ഥലമായിരുന്ന ഭൂമി, അപാരവും അനന്തവുമായ പ്രളയജലത്തില്‍ മുങ്ങി ആര്‍ക്കും ഒരെത്തും പിടിയും കൊടുക്കാതെ രസാതലത്തിലെങ്ങോ മറഞ്ഞുപോയിരുന്ന സമയമായിരുന്നു അന്ന്. ഇതിന് എന്തു പോംവഴി അദ്ദേഹം ചിന്തിച്ചു: പൃഥിയെ എങ്ങനെ ഉദ്ധരിക്കും? ‘യാതൊരാളുടെ സങ്കല്പം കൊണ്ടുതന്നെയാണോ താന്‍ ജനിച്ചത്, ആ സര്‍വശക്തിമാനായ ഭഗവാന് ശ്രീഹരി തന്നെ എന്റെ സൃഷ്ടികര്‍മ്മം പൂര്‍ത്തീകരിക്കട്ടെ’ എന്ന പ്രാര്‍ത്ഥനയോടെ ഭഗവാനെ സ്മരിച്ചപ്പോള്‍ തന്നെയായിരുന്നു. തദീയ നാസാരന്ധ്രത്തില്‍ നിന്നുള്ള വരാഹതോകത്തിന്റെ ഉത്പതനം.
ആ വരാഹശിശു ബ്രഹ്മാദികളെ അദ്ഭുതപ്പെടുത്തിക്കൊണ്ടു ക്ഷണത്തില്‍ പര്‍വതാകാരനായ ഗജേന്ദ്രനെപ്പോലെ വളര്‍ന്നു. സത്യലോകത്തിലും തപോലോകത്തിലും ജനലോകത്തിലും വസിക്കുന്ന മുനിമാരെ കൂടി ആശ്ചര്യപ്പെടുത്തിക്കൊണ്ടു ആ വരാഹരൂപി തെരുതെരെ ഗര്‍ജിച്ചുകൊണ്ടു സര്‍വത്ര നിറഞ്ഞു നില്ക്കുന്ന അപാര ജലരാശിയെ ഇളക്കിമറിച്ചുകൊണ്ട് അതിലേക്കിറങ്ങുകയും ക്ഷണകാലംകൊണ്ട് മുഴുകി അപ്രത്യക്ഷനാവുകയും ചെയ്തു. അനന്തരം അത്യന്തം വിസ്താരമേറിയ തന്റെ നാസിക കൊണ്ട് മണം പിടിച്ചു ഭൂമി താണുപോയ വഴി തിരിച്ചറിഞ്ഞ് സ്വയം യാജ്ഞാംഗനെങ്കിലും മഹാവരാഹമായി വ്യാജരൂപമെടുത്തിട്ടുള്ള ഭഗവാന് ആ വഴിത്താരയില്‍ക്കൂടി മുന്നോട്ടുപോയി.
ഇവിടെ ശ്രീമദ് ഭാഗവതത്തില്‍ ഇങ്ങനെ വ്യക്തമായിരിക്കുന്നു:
‘ഘ്രാണേന പൃഥ്യാഃ പദവീം വിജിഘ്രന്‍
ക്രോഡാപദേശഃ സ്വയമദ്ധ്വരാംഗഃ’
ജന്തുലോകത്തില്‍ ഏറ്റവും ഘ്രാണശക്തിയുള്ളത് വരാഹത്തിനാണ്. ഭഗവദവതാരങ്ങളൊക്കെയും ലൗകികദൃഷ്ടിയില്‍ ഏറ്റവും അനുയോജ്യമായ രൂപമെടുത്തുകൊണ്ടാണ് വെള്ളത്തില്‍ ബഹുദൂരം സഞ്ചരിക്കാന്‍ പറ്റിയ രൂപത്തിലാണ് ഭഗവാന്റെ മത്സ്യാവതാരം. ഈ (സപ്തമ) മന്വന്തരത്തിലെ വൈവസ്വതമനുവാകേണ്ട പുണ്യശ്ലോകനായ സത്യവ്രത രാജാവിനെ സപ്തര്‍ഷികളോടും സൃഷ്ടി ബീജങ്ങളോടും കൂടി തന്റെ ഒറ്റക്കൊമ്പില്‍ ബന്ധിച്ച തോണിയില്‍ പ്രളയജലത്തില്‍ നിന്ന് രക്ഷിച്ചുകൊണ്ട് ഉന്നതമായ ഹിമാലയത്തില്‍ എത്തിക്കുവാനും വേദങ്ങള്‍ മോഷ്ടിച്ചു കൊണ്ടുപോയിരുന്ന ഹയഗ്രീവനെന്ന അസുരനെ നിഗ്രഹിച്ച് വേദങ്ങള്‍ വീണ്ടടുത്ത് ബ്രഹ്മാവിനെ തിരികെ ഏല്‍പ്പിക്കുവാനുമായിരുന്നല്ലോ ഭഗവാന് മത്സ്യമായി രൂപമെടുത്തത്. ദേവന്മാര്ക്കു വേണ്ടി അമൃത് എടുക്കുന്നതിനായി ക്ഷീരസമുദ്രം കടഞ്ഞുകൊണ്ടിരുന്നപ്പോള്‍ മഥനിയായി ഉപയോഗിച്ചിരുന്ന മന്ദരഗിരിമഹാസമുദ്രത്തിലേക്ക്; പാശമായി ബന്ധിച്ചിരുന്ന വാസുകിയുടെ ബന്ധനത്തില്‍ നിന്ന് അഴിഞ്ഞ് ഊര്‍ന്നു തുടങ്ങിയപ്പോള്‍, വിണ്ടുകീറുകയോ ചെയ്യാത്ത കട്ടി പുറംചട്ടയുള്ള മഹാകച്ഛപമായി വന്ന് മന്ദരപര്‍വതത്തെ ഉയര്‍ത്തി ബന്ധനത്തില്‍ ഉറപ്പിച്ചു നിര്‍ത്താനായിരുന്നല്ലോ കൂര്‍മ്മാവതാരം. മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജീവിയാലേ താന്‍ വധിക്കപ്പെടാവൂ, എന്നു ബ്രഹ്മാവിനോടു വരം വാങ്ങിയ ഹിരണ്യകശിപുവിനെ വധിച്ച് തന്റെ ഭൃത്യനായ ബ്രഹ്മാവിന്റെ വാക്കും കൂടെത്തന്നെ ‘ഭഗവാന് സര്‍വ്വത്ര’ ഉണ്ടെന്നു പറഞ്ഞ തന്റെ മറ്റൊരു ഭൃത്യനായ പ്രഹ്ലാദന്റെ വാക്കും സത്യങ്ങളാണെന്ന് (സത്യം വിധാതും നിജ ദൃത്യഭാഷിതം) സ്ഥാപിക്കുന്നതിനും വേണ്ടിയായിരുന്നല്ലോ ഭഗവാന്റെ നരസിംഹാവതാരം. നൂറു വര്‍ഷത്തേക്ക് ഇന്ദ്രനായിരുന്ന് വിശ്വഭരണം നടത്താന്‍ ‘ധര്‍മ്മ’ മെന്ന വിശ്വഭരണഘടനവ്യവസ്ഥയാല്‍ അധികാരപ്പെടുത്തപ്പെട്ടതും ശതക്രതുത്വം കൊണ്ട് തനിക്ക് അവകാശപ്പെട്ടതുമായ ഇന്ദ്രപദവിയിലിരിക്കുന്ന വ്യക്തിയെ കേവലം ബലം കൊണ്ട് പിടിച്ചുമാറ്റി ആ പദവി സ്വയം ഏറ്റെടുത്ത മഹാബലിയുടെ പ്രവൃത്തി ധര്‍മ്മ നീതിക്ക് നിരക്കുന്നതായിരുന്നില്ല. എന്നാല്‍ മറ്റുതരത്തിലെല്ലാം ധര്‍മ്മിഷ്ഠനായിരുന്നു, മഹാബലി. തന്നിമിത്തം ഇന്ദ്രപദവി സ്വയം ഏറ്റെടുത്തു, എന്ന കുറ്റത്തിന് മഹാബലിയെ (ധര്‍മ്മലംഘനത്തിന്) താല്‍ക്കാലികമായി ശിക്ഷിച്ചശേഷം സ്വര്‍ഗ്ഗികള്‍ക്കു പ്രാര്‍ത്ഥ്യമായ അഥവാ അഭികാമ്യമായ സുതലത്തിലേക്ക് അയച്ച് സ്വതവേ പുണ്യ കീര്‍ത്തിയായിരുന്ന മഹാബലിയുടെ ഇന്ദ്രപദവിക്കുള്ള അഭിവാഞ്ഛ നിവര്‍ത്തിപ്പിക്കുന്നതിനും വേണ്ടിയായിരുന്നല്ലോ ഭഗവാന്റെ വാമനാവതാരം. അവിടെ യുദ്ധത്തിനും ഹിംസയ്ക്കും ഒന്നും ആവശ്യമി ല്ലാത്ത നിലയ്ക്കും, ആത്യന്തികമായ ആത്മത്യാഗത്തോളം എത്തി നില്ക്കുന്ന മഹാബലിയുടെ ദാനശീലവും ത്യാഗപരതയും ലോകത്തിനുമുമ്പില്‍ വിളംബരം ചെയ്യണമെന്നും ഉദ്ദേശിച്ചായിരുന്നല്ലോ ഭഗവാന് വടുവേഷം ധരിച്ച ഛദ്മബാലകനായി അവതരിച്ചത്. ഇതേ പോലെ മറ്റു അവതാരങ്ങള്‍ക്കും ഭഗവാന് ഏറ്റവും പറ്റിയ രൂപങ്ങളാണല്ലോ എടുക്കാറുള്ളത്.
(തുടരും)
(പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരിയുടെ ‘ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തിലെ ‘ തെറ്റിദ്ധരിക്കപ്പെട്ട ചില അവതാരകഥകള്‍’ എന്ന അധ്യായത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: