ന്യൂദല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ പൗരന്റെ ഉടമസ്ഥതയിലുളള ചരക്കുകപ്പലിലെ മലയാളി ജീവനക്കാരി ആന്‍ ടെസ്സ ജോസഫ് നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലാണ് തൃശൂര്‍ സ്വദേശിനി ആന്‍ ടെസ ജോസഫ് എത്തിയത്.
കപ്പലില്‍ ആകെ 17 ഇന്ത്യക്കാരാണ് ഉളളത്. മറ്റു പതിനാറ് പേരെയും ഉടന്‍ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നല്‍കി. ഇനി മൂന്ന് മലയാളികളാണ് കപ്പലിലുളളത്.
കോട്ടയം വാഴൂര്‍ കാപ്പുകാട് താമസിക്കുന്ന തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനി ആന്‍ ടെസ്സ ജോസഫ് കഴിഞ്ഞ ഒമ്പതുമാസമായി പരിശീലനത്തിന്റെ ഭാഗമായി കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്നു. ആന്‍ ടെസ ജോസഫിനെ മടക്കി എത്തിച്ച നടപടിയില്‍ ഇറാനിലെ ഇന്ത്യന്‍ എംബസിയെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അഭിനന്ദിച്ചു.
ഇറാന്‍ പിടികൂടിയ കപ്പലില്‍ ആകെ 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഇതിലൊരാളായ ആന്‍ ടെസയാണ് ഇപ്പോള്‍ നാട്ടിലെത്തിയത്.ബാക്കിയുള്ളവര്‍ ഫിലിപ്പൈന്‍സ്, പാകിസ്ഥാന്‍, റഷ്യ, എസ്‌തോണിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് .
ആന്‍ ടെസ ജോസഫിന്റെ കുടുംബവുമായി നടനും മുന്‍ രാജ്യസഭ എംപിയുമായ സുരേഷ് ഗോപി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. പിതാവ് ബിജു എബ്രഹാം മാതാവ് ബീന ബിജു എന്നിവരെ ബിജെപി വാഴൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ എസ് ഹരികുമാറിന്റെ ഫോണില്‍ വിളിച്ചാണ് സംസാരിച്ചത്. എല്ലാ പ്രാര്‍ത്ഥനകളും കൂടെയുണ്ടാകും എന്നും എത്രയും പെട്ടെന്ന് തന്നെ മകള്‍ സുരക്ഷിതയായി വീട്ടിലെത്തും എന്നും അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. ബിജെപി മധ്യമേഖലാ പ്രസിഡണ്ട് എന്‍ ഹരിയാണ് സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍ ഈ വിഷയം എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: