പൊതുതെരഞ്ഞെടുപ്പിനടുപ്പിച്ച നാളുകളില്‍ രാജ്യത്ത് വിവിധഭാഷകളില്‍, സാഹിത്യം, എഴുത്ത്, കല, ചലച്ചിത്രം തുടങ്ങിയ മേഖലയില്‍, ജനങ്ങളിലെത്തിയ സര്‍ഗ്ഗസൃഷ്ടികളില്‍ പ്രകടമായ ഒരു പൊതു പ്രത്യേകത വായനക്കാരുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ടാകും; മലയാളത്തിലുള്‍പ്പടെ, ദേശീയതയുടെ സന്ദേശം പ്രചരിപ്പിക്കുന്ന സര്‍ഗപ്രവര്‍ത്തനങ്ങളുണ്ടായിട്ടുണ്ട്.
എതിര്‍ത്തായാലും അനുകൂലിച്ചായാലും ദേശീയതയും ഭാരതീയ സംസ്‌കാരവും രാഷ്‌ട്രീയ ചരിത്രവുമാണ് വിഷയം. ഒരു തെരഞ്ഞെടുപ്പിലും ഇത്തരത്തില്‍ ഇത്ര വിപുലമായി, വ്യാപകമായി അത്തരത്തില്‍ സാംസ്‌കാരിക രാഷ്‌ട്രീയ വിഷയങ്ങള്‍ ഇത്തരം രൂപമാതൃകകളില്‍ ചര്‍ച്ചയ്‌ക്ക് വന്നിട്ടില്ല. ബഹുജന മാധ്യമമായ ചലച്ചിത്രത്തിന്റെ മേഖലയില്‍ മറ്റ് മാധ്യമങ്ങളെ മറികടന്നിരിക്കുന്നു ആ പ്രവര്‍ത്തനം. വിപ്ലവകാരി വീരസവര്‍ക്കറെക്കുറിച്ചുള്ള ചലച്ചിത്രത്തിലും വാജ്പേയിയുടെ ജീവിതത്തിലും ഏറ്റവും പുതിയതായി വന്ന മലയാള സിനിമയായ ജയ് ഗണേശിലുമുണ്ട് പരസ്യമായോ പരോക്ഷമായോ അത്തരത്തില്‍ ഒരു സന്ദേശം.
പത്തുവര്‍ഷത്തെ നരേന്ദ്ര മോദി- ബിജെപി ഭരണത്തിന്റെ രാഷ്‌ട്രീയ വിജയമല്ല, ഒരു രാഷ്‌ട്രമനസിന്റെ സാംസ്‌കാരിക നേട്ടമാണ് അതെന്നതാണ് വാസ്തവം. അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി യില്‍ രാമക്ഷേത്രം പണിതുയര്‍ത്തി പ്രാണപ്രതിഷ്ഠ നടത്തിയത് രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനുംഭരണ നിര്‍വഹണത്തിനും വിജയത്തിനും അപ്പുറം സാംസ്‌കാരിക ദേശീയതയുടെ പ്രതിഷ്ഠാപനവും നവോത്ഥാനവുമായിരിക്കുന്നതുപോലെയാണ് അതും. ഇക്കാലത്തിറങ്ങിയ ‘മേം അടല്‍ ഹും’ എന്ന ഹിന്ദി സിനിമയുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ചരിത്രഗതിയുടെ സ്വഭാവിക വളര്‍ച്ച കാണാന്‍ കഴിയുന്നു.
സമാധാനത്തിന്റെ ബസ് യാത്ര
മുമ്പ് പറഞ്ഞതുപോലെ ഭാരതത്തിന്റെ സാംസ്‌കാരിക- രാഷ്‌ട്രീയ-സാമൂഹിക പാരമ്പര്യത്തിലധിഷ്ഠിതമായ സമവായത്തിന്റെ രാഷ്‌ട്രീയമായിരുന്നു അടല്‍ബിഹാരി വാജ്പേയി പിന്തുടര്‍ന്നത്. പതിമൂന്നു മാസത്തെ ഭരണത്തില്‍ അത് പ്രകടമായി. ശത്രുരാജ്യങ്ങളെന്ന് ലോകം മുദ്ര കുത്തിയ ഭാരതവും പാകിസ്ഥാനും സൗഹാര്‍ദ്ദത്തിന്റെ വഴിയില്‍ നീങ്ങി. അടല്‍ ബിഹാരി വാജ്പേയിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും അവരവരുടെ ഭരണത്തില്‍ രാജ്യങ്ങളുടെ അഭിവൃദ്ധിക്ക് കാംക്ഷിച്ചു. മുമ്പില്ലാത്തവിധം രാജ്യങ്ങള്‍ തമ്മില്‍ ചങ്ങാത്തമായി. അതിര്‍ത്തികളില്‍ വെടിയൊച്ച നിന്നു. പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ടെലിഫോണ്‍ ഹോട്ട്ലൈന്‍ കൃത്യമായ ഇടവേളകളില്‍ ശബ്ദിച്ചു. പഞ്ചാബിലെ വാഗാ അതിര്‍ത്തിയില്‍നിന്ന് പാകിസ്ഥാനിലെ ലാഹോറിലേക്ക് സമാധാന സന്ദേശവും സമവായവുമായി വാജ്പേയി ‘ലാഹോര്‍ ബസ് യാത്ര’ നയിച്ചു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ബസിലെ അതിഥികളെ പാക്മണ്ണില്‍ സ്വീകരിച്ചു. കാര്യങ്ങള്‍ സമാധാനപൂര്‍ണമായി പോകുമ്പോഴാണ്, മുമ്പ് വിവരിച്ച, ‘ഒട്ടേറെ ദുരൂഹതകള്‍’ അവശേഷിപ്പിച്ചുകൊണ്ട് അപ്രതീക്ഷിതമായി വാജ്പേയി സര്‍ക്കാരിന്റെ വിശ്വാസവോട്ട് തെളിയിക്കേണ്ടിവന്നത്. അതിന് സാധിക്കാനാവാതെ സര്‍ക്കാര്‍ വീണത്. മറ്റൊരു സര്‍ക്കാര്‍ രൂപീകരണം പരാജയപ്പെട്ടപ്പോള്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നു; വാജ്പേയി ‘കാവല്‍ പ്രധാനമന്ത്രി’യായി തുടര്‍ന്നു. അപ്പോഴാണ് രൂപപ്പെട്ടുവന്ന സൗഹാര്‍ദ്ദവും സമാധാനവും തകര്‍ത്തുകൊണ്ട് ഭാരത അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പട്ടാളം കടന്നുകയറിയത്, അത് കാര്‍ഗില്‍ യുദ്ധമായി പരിണമിച്ചത്.
1999 ഫെബ്രുവരി 20 നായിരുന്നു ലാഹോര്‍ ബസ് യാത്ര. ആ യാത്രക്കാരുടെ തുടര്‍ച്ചയായി ഭാരതവും പാകിസ്ഥാനും തമ്മില്‍ സമാധാനത്തിനും സമവായത്തിനും പ്രഖ്യാപനം ഒപ്പിട്ട് അതിന്റെ മഷിയുണങ്ങും മുമ്പ്, സ്ഥാനമേറ്റ് അധികകാലമാകാത്ത സൈനിക മേധാവി ജനറല്‍ പര്‍വേസ് മുഷാറഫ്, ഭാരതത്തിലേക്ക് സൈനികരെയും ഭീകരപ്രവര്‍ത്തകരെയും നുഴഞ്ഞുകയറ്റിച്ചത്. ഒരുവശത്ത് സമാധാന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് അതിര്‍ത്തികടന്ന് ആക്രമണത്തിന് കോപ്പുകൂട്ടുകയായിരുന്നു ചിലര്‍. അത് ഭാരത സ്വാതന്ത്ര്യത്തിനും പാകിസ്ഥാന്‍ രൂപീകരണത്തിന് കാരണമായ ഭാരത വിഭജനത്തിനും ശേഷം നടന്ന നാലാമത്തെ ഭാരത- പാക് യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.
നുഴഞ്ഞു കയറ്റത്തിനെതിരെ
1999 മെയ് മൂന്നിന്, പാകിസ്ഥാന്‍ സൈനിക- ഭീകരപ്രവര്‍ത്തകരുടെ സാന്നിദ്ധ്യം അതിര്‍ത്തിയിലെ ലഡാക്കിലുള്ള കാര്‍ഗില്‍ പ്രദേശത്ത് തിരിച്ചറിഞ്ഞ വിവരം ആട്ടിടയന്മാര്‍ രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചു. മെയ് 12 മുതല്‍ 14 വരെ ആ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്, അന്ന് പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് കാര്യങ്ങള്‍ നേരിട്ടറിഞ്ഞു. മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശകലനം ചെയ്തു. നിയന്ത്രണ രേഖയില്‍ (എല്‍ഒസി) സൈനിക നീക്കത്തിന് തീരുമാനമെടുത്തു, ‘ഓപ്പറേഷന്‍ വിജയ്’ എന്നു പേരിട്ട സൈനിക ദൗത്യത്തിന് മെയ് 26 ന് തുടക്കമായി.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആ സംഭവം പില്‍ക്കാലത്ത് വെളിപ്പെടുത്തിയതിന്റെ ചുരുക്കമിങ്ങനെ. ഒരു ദിവസം ഹോട്ലൈനില്‍ വാജ്പേയിസാബ് വിളിച്ചു: ഷെരീഫ് സാബ്, എന്താണ് സംഭവിക്കുന്നത്? നിങ്ങളുടെ സൈന്യം ഞങ്ങളുടെ സൈന്യത്തെ ആക്രമിക്കുന്നു എന്നു പറഞ്ഞു. എനിക്ക് അതേക്കുറിച്ച് ഒരു അറിവുമില്ലായിരുന്നു. എനിക്ക് മനസ്സിലായി ജനറല്‍ മുഷാറഫിന്റെ നടപടിയാണിതെന്ന്. എന്റെ സൈന്യം എന്നെ പിന്നില്‍ നിന്നുകുത്തുകയായിരുന്നു…
മെയ് 26 ന് പാകിസ്ഥാന്റെ ദൗത്യമായിരുന്ന ‘ഓപ്പറേഷന്‍ ബദര്‍’ തകര്‍ക്കാന്‍ ഭാരതസൈന്യം നടപടി തുടങ്ങി. 74 ദിവസംകൊണ്ട്, 1999 ജൂലൈ 26 ന് ഓപ്പറേഷന്‍ വിജയ് പൂര്‍ത്തിയാക്കി, ഭാരതസൈന്യം പാക് സൈനിക- ഭീകരസംഘത്തിലെ അവസാനത്തെയാളിനേയും ഭാരതമണ്ണില്‍ നിന്നുതുരത്തി ദേശീയ പതാക പാറിച്ചു. അങ്ങനെ ചരിത്രത്തില്‍ ജൂലൈ 26 കാര്‍ഗില്‍ വിജയ ദിവസമായി മാറി. ഭാരത സൈന്യത്തിന്റെ കരുത്തും മനഃസാന്നിദ്ധ്യവും ധൈര്യവും സ്ഥൈര്യവും പ്രകടമായ ആ യുദ്ധ വിജയത്തിന് 1948, 1962, 1965 വര്‍ഷങ്ങളിലെ യുദ്ധങ്ങളില്‍നിന്ന് വ്യത്യാസമുണ്ടായിരുന്നു. ഒരിഞ്ചുഭൂമിപോലും ഭാരതത്തിനു വിട്ടുകൊടുക്കേണ്ടിവന്നില്ല, ഒരു ഒത്തുതീര്‍പ്പും ഉണ്ടാക്കിയില്ല. പാകിസ്ഥാന്റെ തുടര്‍ഗതി മറ്റൊരു ചരിത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: