Dr-Premlal PD
(Director and Principal Scientist at Sangama grama Madhavan Academy of Science and Associate Professor at NSS College, Rajakumary)
കഴിഞ്ഞ ഇരുപത്തി എട്ട് വർഷങ്ങളിലായി നടന്ന ഏതാണ്ട് എല്ലാ തിരഞ്ഞെടുപ്പുകളിലും ഔദ്യോഗികമായി ഭാഗഭാക്കാകുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസറായും കൗണ്ടിംഗ് ഓഫീസറായും ഒബ്സർവറായും മാസ്റ്റർ ട്രയിനറായും ഒക്കെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ബാലറ്റുകൾ ഉപയോഗിച്ചും വോട്ടിംഗ് മെഷീൻ ഉപയോഗിച്ചും ഉള്ള തിരഞ്ഞെടുപ്പുകളിൽ ഭാഗഭാക്കായിട്ടുണ്ട്.അടിസ്ഥാനപരമായി ഞാൻ ഒരു ഇലക്ട്രോണിക്സ് ഡിസൈൻ എൻജിനീയർ ആണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പോലെയുള്ളവയുടെ ശാസ്ത്രീയ നാമം എംബഡഡ് സിസ്റ്റംസ് എന്നാണ്.എംബഡഡ് സിസ്റ്റംസിൽ ഗവേഷണ ബിരുദം നേടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.ഇതൊക്കെ എന്തിനാണ് പറയുന്നതെന്നു വച്ചാൽ, ഈ രംഗത്ത് അല്പം ആധികാരികമായി പറയാൻ എനിക്ക് അവകാശമുണ്ട് എന്നു സൂചിപ്പിക്കാൻ മാത്രമാണ്.
1990ലാണ് ഇന്ത്യ പേപ്പർ ബാലറ്റിൽ നിന്നും ഇലക്ട്രോണിക് മെഷീനിലേക്കുള്ള മാറ്റത്തിന് തുടക്കം കുറിയ്‌ക്കുന്നത്.. ആ സമയങ്ങളിലാണ് എംബഡഡ് സിസ്റ്റങ്ങൾ വ്യാപകമാകാൻ തുടങ്ങുന്നത്.
എന്താണ് എംബഡഡ് സിസ്റ്റംസ് ?
സാധാരണയായി നമ്മൾ ഉപയോഗിക്കുന്നത് ജനറൽ പർപസ് കമ്പ്യൂട്ടറുകളാണ്. അതിന് ഒരു വലിയ കീബോർഡ് ഉണ്ടാകും. വലിയ ഒരു ഡിസ്പ്ലേ സ്ക്രീനും കാണും. ഉദാഹരണം ഡസ്ക്ടോപ്പ് കംപ്യൂട്ടർ, ലാപ്ടോപ്പ് കംപ്യൂട്ടർ.ഇതെല്ലാം പൊതുവായ ഉപയോഗത്തിനുള്ള കംപ്യൂട്ടറുകൾ ആണ്.നമ്മൾക്ക് ഇഷ്ടമുള്ള പ്രോഗ്രാമുകൾ സോഫ്റ്റ്വയറിൽ എഴുതാം, തിരുത്താം, മായ്‌ക്കാം.. എന്നാൽ ഇങ്ങനെ അല്ലാതെയും കംപ്യൂട്ടറുകൾ ഉപയോഗിക്കാം.. ഉദാഹരണത്തിന് ഒരു വാഷിംഗ് മെഷീനിൽ കംപ്യൂട്ടറുണ്ട്.. പക്ഷെ അതിൽ പ്രോഗ്രാം എഴുതാനോ തിരുത്താനോ മായ്‌ക്കാനോ നമുക്ക് കഴിയില്ല. അതിൽ വലിയ കീബോർഡോ ടി വി പോലെയുള്ള ഡിസ്പ്ലേയോ ഇല്ല. അതിൽ ഒരു പ്രോഗ്രാം എഴുതി വച്ചിട്ടുണ്ട്. അത് ചിപ്പിൽ എഴുതിവയ്‌ക്കപ്പെട്ടതാണ്.അത് ഒരിക്കൽ എഴുതിയാൽ തിരുത്താനോ മായ്‌ക്കാനോ പിന്നീട് കഴിയില്ല.. വാഷിംഗ് മെഷീനിൽ എഴുതി വച്ചിട്ടുള്ള പ്രോഗ്രാം വാഷിംഗ് മെഷീന്റെ പ്രവർത്തനം നിയന്ത്രിക്കാൻ വേണ്ടി ഉള്ളതാണ്.അത് ഉപയോഗിച്ചാണ് വെള്ളം നിറയുമ്പോൾ വാൽവ് അടയ്‌ക്കുന്നതും പല തവണ കറക്കുന്നതും ഒക്കെ.. കീബോർഡ് ഇല്ലെങ്കിലും അത് ചില ഡാറ്റകൾ നമ്മോട് ആവശ്യപ്പെടാറുണ്ട്. അത് കൊടുക്കാൻ ചില സ്വിച്ചുകൾ അതിലുണ്ടാകും.. ഉദാഹരണം മോഡ് സെലക്ഷൻ, സമയം നിയന്ത്രിക്കൽ ഒക്കെ.. ഈ കൊടുക്കുന്ന ഡാറ്റ തിരുത്താനും മായ്‌ക്കാനും സാധിക്കുന്ന മെമ്മറിയിൽ ആണ് സൂക്ഷിക്കുന്നത്.ഇതിന് യൂസർ ഡാറ്റ എന്നു പറയുന്നു.ഇത്തരം മെഷീനുകളെയാണ് ഓട്ടോമാറ്റിക് അഥവാ കംപ്യൂട്ടറൈസ്ഡ് മെഷീൻസ് എന്നു പറയുന്നത്.ഇവയാണ് എംബഡഡ് സിസ്റ്റംസ്. ഇത്തരം ധാരാളം മെഷീനുകൾ ഇന്നു നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണം, മൊബൈൽ ഫോൺ, മ്യൂസിക് സിസ്റ്റംസ്. ടിക്കറ്റ് മെഷീൻ, എ റ്റി എം, കാറിലുപയോഗിക്കുന്ന വിവിധ ടെക്ക്നോളജികൾ..
ഇനി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലേക്കു വരാം.ഇതും ഒരു എംബഡഡ് മെഷീനാണ്.ഇതിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് ഡിസ്പ്ലേ യൂണിറ്റ്. ഇതാണ് വോട്ടർ വോട്ട് ചെയ്യാനുപയോഗിക്കുന്ന ഭാഗം. ഇതിൽ ഉള്ളത് കുറെ സ്വിച്ചുകളും എൽ ഇ ഡി ലൈറ്റുകളും മാത്രമാണ്. ഓരോ സ്വിച്ചിനോടും ചേർന്ന് ഒരു സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും സ്റ്റിക്കർ ഒട്ടിച്ചിരിയ്‌ക്കും. ഒരു എൽ ഇ ഡിയും ഇതിനോട് ചേർന്നു കാണും. നമ്മൾ ഏതെങ്കിലും ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനാഗ്രഹിച്ചാൽ ആ സ്ഥാനാർത്ഥിയുടെ പേരിന് നേരെയുള്ള സ്വിച്ചിൽ വിരൽ അമർത്തും. അപ്പോൾ അതിനു നേരെയുള്ള എൽ ഇ ഡി കത്തും. ഏത് സ്വിച്ചാണോ അമർത്തിയത് അതിനോട് ബന്ധിക്കപ്പെട്ട ഒരു കൗണ്ടർ കൺട്രോൾ യൂണിറ്റിനകത്ത് ഉണ്ടാകും. ആ കൗണ്ടറിൽ സൂക്ഷിച്ചിരിക്കുന്ന നമ്പർ ഒന്ന് വർദ്ധിക്കും. ഒപ്പം കൺട്രോൾ യൂണിറ്റിൽ നിന്നും ഒരു ബീപ് ശബ്ദം കേൾക്കുകയും ചെയ്യും. നിങ്ങളുടെ വോട്ട് സുരക്ഷിതമായി രേഖപ്പെടുത്തി എന്നർത്ഥം.
വോട്ടിംഗ് മെഷീന്റെ പ്രധാന ഭാഗം കൺട്രോൾ യൂണിറ്റാണ്.ഇത് പ്രിസൈഡിംഗ് ഓഫീസറുടെ സമീപത്തുണ്ടാകും.നമ്മൾ രേഖപെടുത്തിയ വോട്ടുകൾ സൂക്ഷിക്കപ്പെടുന്നത് ഇവിടെയാണ്.ബാലറ്റ് യൂണിറ്റിൽ നിന്നും ഒരു കേബിൾ വഴി കൺട്രോൾ യൂണിറ്റുമായി ബന്ധിച്ചിരിയ്‌ക്കും. കൺട്രോൾ യൂണിറ്റിനുള്ളിൽ ബാലറ്റ് യൂണിറ്റിലെ ഓരോ സ്ഥാനാർത്ഥിയുടെ സ്വിച്ചിനും വേണ്ടി ഓരോ കൗണ്ടറുകൾ ഉണ്ടാകും. കൗണ്ടറെന്നാൽ ഡിജിറ്റലിയി ഒരു സംഖ്യയെ സൂക്ഷിക്കുന്ന മെമ്മറി എന്നർത്ഥം. തുടക്കത്തിൽ എല്ലാ സ്ഥാനാർത്ഥികളുടെ കൗണ്ടറുകളും പൂജ്യമായിരിയ്‌ക്കും. ഒരു വോട്ട് ആ സ്ഥാനാർത്ഥിയ്‌ക്ക് രേഖപ്പെടുത്തുമ്പോൾ ആ കൗണ്ടറിൽ സൂക്ഷിക്കുന്ന സംഖ്യ ഒന്നാകും.. ഓരോ വോട്ടിനും കൗണ്ടറിലെ സംഖ്യ ഒന്നു വീതം കൂടിക്കൊണ്ടിരിയ്‌ക്കും.
വോട്ടിംഗ് മെഷീനുകൾ സുരക്ഷിതമാണോ?
പലർക്കും ഉള്ള ഒരു സംശയമാണ്. നൂറു ശതമാനം ഉറപ്പായും പറയാം.ഇന്ത്യൻ വോട്ടിംഗ് മെഷീനുകൾ പരിപൂർണ്ണ സുരക്ഷിതമാണ്.ഇന്ത്യയിൽ വോട്ടിംഗ് മെഷീനുകൾ നിർമ്മിക്കുന്നത് സർക്കാർ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്സ് കോർപ്പറേഷൻ, ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ്.ഇതിന്റെ നിർമ്മാണം തികച്ചും സുതാര്യമാണ്.. ഈ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് എൻജിനീയറുമ്മാരും ടെക്നീഷ്യൻസും ഒരുമിച്ച് ചേർന്നാണ് ഇത് രൂപകൽപ്പന ചെയ്യുന്നത്.
ഓരോ തിരഞ്ഞെടുപ്പിലും പുതിയ മെഷീനുകൾ അല്ല ഉപയോഗിക്കുന്നത്. കാലങ്ങളായി ഉപയോഗിക്കുന്നവയാണ് ഈ തിരഞ്ഞെടുപ്പിലും ഉപയോഗിക്കുന്നത്.തിരഞ്ഞെടുപ്പിന് ശേഷം ജില്ലകളിലെ സ്ട്രോംഗ് റൂമിൽ ഇവ സൂക്ഷിക്കപ്പെടും.തിരഞ്ഞെടുപ്പ് ആരംഭിച്ചാൽ ഇവ പുറത്തെടുക്കും. നോമിനേഷനുകൾ പൂർത്തിയായാൽ ഒരു ദിവസം എല്ലാ സ്ഥാനാർത്ഥികളുടെ ഏജൻ്റുമ്മാരെയും ഒരിടത്ത് വിളിച്ചു കൂട്ടി മെഷീനുകളെ സജ്ജമാക്കുന്ന പ്രവർത്തനം ആരംഭിക്കുന്നു.സ്ഥാനാർത്ഥികളുടെ ഓർഡർ തിരുമാനിയ്‌ക്കുന്നത് വരണാധികാരിയാണ്.തിരഞ്ഞെടുപ്പു കമ്മീഷന്റെ കൃത്യമായ മാർഗ്ഗ നിർദ്ദേശം ഇക്കാര്യത്തിലുണ്ട്. അംഗീകാരമുള്ള പാർട്ടികൾ, അംഗീകാരമില്ലാത്ത രജിസ്ട്രേഡ് പാർട്ടികൾ ,സ്വതന്ത്രർ എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകൾ കാണും. ഇതിൽ ഓരോന്നിലും പേരിന്റെ ഇംഗ്ലീഷ് ആൽഫബറ്റിക്കൽ ഓർഡറാണ് പരിഗണിക്കുന്നത്. ഇതു പ്രകാരം ഓർഡർ നിശ്ചയിച്ചാണ് ബാലറ്റ് യൂണിറ്റുകളിൽ സ്റ്റിക്കർ പതിക്കുന്നത്. വോട്ടിംഗ് മെഷീൻ നിർമ്മിക്കുമ്പോൾ തീരുമാനിക്കുന്ന കാര്യമല്ല ഒന്നാമത്തെ സ്വിച്ചിൽ എത് സ്ഥാനാർത്ഥിക്കുള്ള സ്റ്റിക്കറാണ് പതിക്കുന്നത് എന്നത്. അത് ഓരോ മണ്ഡലത്തിലേയും സ്ഥാനാർത്ഥികളുടെ പേരുകളെ ആശ്രയിച്ചിരിയ്‌ക്കും.ഇത് ഒരിക്കലും മുൻകൂട്ടി നിശ്ചയിക്കാവുന്ന ഒരു കാര്യമല്ല.
വോട്ടിംഗ് മെഷീനുകളുടെ കാര്യക്ഷമത തെരഞ്ഞെടുപ്പ് ഏജൻ്റന്മാരുടെ യോഗത്തിൽ ഉറപ്പാക്കും.ഓരോ സ്വിച്ച് പ്രസ് ചെയ്യുമ്പോഴും കൃത്യമായി വോട്ടുകൾ രേഖപ്പെടുത്താൻ സാധിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും. മോക്ക് പോളും മോക്ക് കൗണ്ടിംഗും നടത്തി നോക്കും. ഇതിനു ശേഷമാണ് മെഷീനുകൾ ബൂത്തുകളിലേക്ക് അലോട്ട് ചെയ്യുന്നത്.തിരഞ്ഞെടുപ്പിന്റെ തലേദിവസം മെഷീനുകൾ ഓരോ ബൂത്തിലേയും ഉത്തരവാദിത്തപ്പെട്ട പ്രിസൈഡിംഗ് ഓഫീസർക്കും ടീമിനും കൈമാറുന്നു.ഇവരും മെഷീന്റെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നു.സ്ഥാനാർത്ഥികളുടെ ബാലറ്റ് യൂണിറ്റിലെ ഓർഡറും ഇവർ ചെക്ക് ചെയ്യുന്നു.
വോട്ടിംഗ് റിവസം രാവിലെ ഓരോ ബൂത്തിലും സ്ഥാനാർത്ഥികളുടെ ഏജൻറുന്മാരുടെ സാന്നിധ്യത്തിൽ മോക്ക് പോൾ നടത്തുന്നു. ആദ്യം കൺട്രോൾ യൂണിറ്റിലെ എല്ലാ സ്ഥാനാർത്ഥികളുടെ കൗണ്ടറിൽ സൂക്ഷിച്ചിരിക്കുന്ന സംഖ്യകളും പൂജ്യമാക്കി സെറ്റ് ചെയ്യുന്നു.ഇതിന് ക്ലിയർ എന്ന ബട്ടൺ അമർത്തിയാൽ മതി. ശരിയാണെന്നുറപ്പിക്കാൻ കൗണ്ട് എന്ന സ്വിച്ചിൽ അമർത്തിയാൽ മതി. എല്ലാം പൂജ്യമായതായി സ്ഥാനാർത്ഥികളുടെ ഏജൻറുമാരെ ബോധ്യപ്പെടുത്തുന്നു. എന്നിട്ട് എല്ലാ സ്ഥാനാർത്ഥികൾക്കും പത്തിലധികം വോട്ടുകൾ സുതാര്യമായി സ്വിച്ചമർത്തി പോൾ ചെയ്യുന്നു.എന്നിട്ട് കൗണ്ടിൽ അമർത്തി മോക്ക് കൗണ്ടിംഗ് നടത്തി നോക്കുന്നു. ഒരിക്കൽ കൂടി ക്ലിയർ സ്വിച്ച് അമർത്തി എല്ലാ കൗണ്ടർ വാല്യുവും പൂജ്യമാക്കി മാറ്റുന്നു. എല്ലാവർക്കും ബോധ്യമായതിനു ശേഷം ക്ലിയർ, കൗണ്ട് എന്നീ സ്വിച്ചുകളാക്കം സീൽ ചെയ്ത് ഏജൻ്റുമാർ സഹിതം സീലിൽ ഒപ്പ് വയ്‌ക്കുന്നു.
പിന്നീട് യഥാർത്ഥ വോട്ടിംഗ് ആരംഭിക്കുന്നു. ഒരു വോട്ടറെത്തി രജിസ്റ്ററിൽ ഒപ്പിട്ടു കഴിഞ്ഞാൽ പ്രിസൈഡിംഗ് ഓഫീസർ ഒരു സ്വിച്ചിൽ വിരൽ അമർത്തി ബാലറ്റ് യൂണിറ്റ് വോട്ടിംഗിനു വേണ്ടി സജ്ജമാക്കുന്നു. അപ്പോൾ ബാലറ്റ് യൂണിറ്റിൽ ഒരു പച്ച ലൈറ്റ് തെളിയും. ഇനി വോട്ടർക്ക് വോട്ട് ചെയ്യാം. ഇഷ്ടമുള്ള സ്ഥാനാർത്ഥിയുടെ സ്വിച്ചിൽ വിരൽ അമർത്തുമ്പോൾ വോട്ട് രേഖപ്പെടുത്തുകയും പ്രസ്തുത സ്ഥാനാർത്ഥിയുടെ വോട്ടുകൾ സൂക്ഷിക്കുന്ന മെമ്മറിയിൽ ഉള്ള സംഖ്യ ഒന്നു കൂടുകയും ചെയ്യും.ഇത് കഴിഞ്ഞാൽ ഒരു നീണ്ട ബീപ് ശബ്ദം കേൾക്കാം. ആ വോട്ടറുടെ വോട്ട് വിജയകരമായി രേഖപ്പെടുത്തി എന്നതിന്റെ സൂചനയാണത്. ബീപ് കേട്ടില്ലങ്കിൽ വോട്ട് രേഖപ്പെടുത്തിയില്ല എന്നർത്ഥം.
ഇതു കൂടാതെ വോട്ടർ വേരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ (VVPAT) എന്ന സംവിധാനം കൂടിയുണ്ട്.ഒരു വോട്ടർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ അത് കൃത്യമായി ഒരു പേപ്പറിൽ അടയാളപ്പെടുത്തി വോട്ടറുടെ മുന്നിലെത്തും.തന്റെ വോട്ട് കൃത്യമായി ഉദ്ദേശിച്ച സ്ഥാനാർത്ഥിക്ക് രേഖപ്പെടുത്തിയെന്ന് കണ്ടുറപ്പാക്കാൻ ഇതിനാൽ സാധിക്കും.ഇത് ഒരു സമാന്തര പേപ്പർ ബാലറ്റ് സംവിധാനമാണ്. ഏതാനും സെക്കൻഡുകൾക്ക് ശേഷം ഇത് ഒരു സുരക്ഷിതമായ പെട്ടിയിൽ നിക്ഷേപിക്കപ്പെടുന്നു.ഇത് കൈ കൊണ്ട് ബാലറ്റിൽ വോട്ട് രേഖപ്പെടുത്തുന്നതു പോലെ ഉള്ള ഒരു സംവിധാനമാണ്. ഈ തിരഞ്ഞെടുപ്പിൽ ഈ പേപ്പർ ബാലറ്റുകളും സമാന്തരമായി എണ്ണി കൃത്യത വീണ്ടും ഉറപ്പിക്കുന്നുണ്ട്.
വോട്ടെടുപ്പ് സമയം കഴിഞ്ഞാൽ മെഷീൻ ക്ലോസ് ചെയ്യുന്നു. ആകെ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം കാണുവാൻ സാധിക്കും. അത് ഏജൻ്റുമ്മാർക്കും ബോധ്യപ്പെടണം. അതിനു ശേഷം മെഷീൻ സീൽ ചെയ്യുന്നു.സീൽ ചെയ്യുന്നതിന് ഉപയോഗിക്കുന്ന പേപ്പർ സീലുകളുടെ നമ്പരുകൾ ഏജൻ്റുമ്മാരും ഉദ്യോഗസ്ഥരും എഴുതി രേഖപ്പെടുത്തുന്നു. അതിനു ശേഷം സീലിൽ പ്രിസൈഡിംഗ് ഓഫീസറും ഏജൻ്റുമ്മാരും ഒപ്പ് വയ്‌ക്കുന്നു. ഇനി സീൽ പൊട്ടിക്കാതെ ആർക്കും മെഷീനിൽ ഒന്നും രേഖപ്പെടുത്താനോ തിരുത്താനോ സാധിക്കുന്നതല്ല. അതിനു ശേഷം ഈ സീൽ ചെയ്ത മെഷീനുകളും അനുബന്ധ പേപ്പറുകളും സ്ട്രോംഗ് റൂമിൽ സൂക്ഷിക്കുന്നു.
വോട്ട് എണ്ണൽ ദിവസം ഇവ പുറത്തെടുക്കുന്നു.രാഷ്‌ട്രീയ പാർട്ടികളുടെ ഏജൻ്റുമ്മാരുടെ സാന്നിധ്യത്തിൽ മെഷീന്റെ സീൽ പരിശോധിക്കുന്നു. വോട്ടിംഗ് ദിവസം രേഖപ്പെടുത്തിയ നമ്പർ തന്നെയാണോ പേപ്പർ സീലിൽ ഉളളതെന്നും ഏജൻ്റ് ഇട്ട ഒപ്പ് കൃത്യമായി അവിടെ ഉണ്ടോ എന്നും രാഷ്‌ട്രീയ പാർട്ടികൾ നിയോഗിക്കുന്നവർക്ക് പരിശോധിക്കാം. അതിനു ശേഷം സീൽ പൊട്ടിച്ച് മെഷീനിൽ കൗണ്ട് എന്ന സ്വിച്ചിൽ വിരൽ അമർത്തുന്നു. ഓരോ സ്ഥാനാർത്ഥിയ്‌ക്കും ലഭിച്ച വോട്ടുകൾ ഡിസ്പ്ലേയിൽ തെളിഞ്ഞ് വരും. അതിനു ശേഷം ആ മെഷീനിൽ സമാന്തരമായി രേഖപ്പെടുത്തിയ vvpat പേപ്പർ വോട്ടുകളും എണ്ണും. മെഷീനിലേയും പേപ്പർ ബാലറ്റിലേയും ഓരോ സ്ഥാനാർത്ഥിയ്‌ക്കും ലഭിച്ച വോട്ടുകളുടെ എണ്ണം ഒന്നു തന്നെ ആണോ എന്ന് ഉറപ്പിക്കുന്നു.
വോട്ടിംഗിനിടയ്‌ക്ക് ഒരു വോട്ടിംഗ് മെഷീൻ പ്രവർത്തരന രഹിതമായാലും പ്രശ്നങ്ങളില്ല. തുടർന്ന് വോട്ടിംഗിന് പുതിയ ഒരു മെഷീൻ മുൻപ് പറഞ്ഞതുപോലെ സജ്ജീകരിച്ച് ശേഷം വോട്ടുകൾ അതിൽ രേഖപ്പെടുത്താം.പ്രവർത്തനരഹിതമായ മെഷീനിലും രേഖപ്പെടുത്തിയ വോട്ടുകൾ സുരക്ഷിതമായിരിയ്‌ക്കും.വോട്ടെണ്ണൽ സമയത്ത് ഇതിന്റെ മെമ്മറി കാർഡ് പുറത്തെടുത്ത് വോട്ടുകളുടെ എണ്ണം തിട്ടപ്പെടുത്താവുന്നതാണ്. ഒന്നിലധികം മെമ്മറി കാർഡുകളിൽ സമാന്തരമായി വോട്ടുകളുടെ എണ്ണം സൂക്ഷിക്കുന്നതിനാൽ മെമ്മറി കാർഡ് പ്രവർത്തനരഹിതമായാലും പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ വിശ്വസനീയത ബോധ്യപ്പെടുത്താനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ധാരാളം ചലഞ്ചുകൾ ഒരുക്കിയിരുന്നു. ആർക്കും അവിടെയെത്തി ഇതിന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ അവസരം നൽകിയിരുന്നു. പൊതു ജനങ്ങൾക്കും രാഷ്ടീയ പാർട്ടികൾക്കും ഒന്നും ഒരു വൈകല്യവും ചൂണ്ടിക്കാട്ടാൻ കഴിഞ്ഞിരുന്നില്ല.
എന്തൊക്കെയാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ മെച്ചങ്ങൾ?
1. ഇത് പേപ്പർ ബാലറ്റുകളേക്കാൾ സുരക്ഷിതമാണ്.
2. പേപ്പർ ബാലറ്റിൽ വോട്ട് അസാധുവാകാനുള്ള സാധ്യത ഏറെയാണ്. വോട്ട് ചെയ്യാനുപയോഗിക്കുന്ന സീലിൽ നിന്നും അബദ്ധത്തിൽ മഷി പടർന്ന് വോട്ട് അസാധുവാകാം. സീൽ പതിപ്പിക്കുന്നത് വെപ്രാളത്തിൽ രണ്ട് കോളങ്ങൾക്കിടയ്‌ക്കാൽ പ്രശ്നമാണ്.ബാലറ്റ് കൃത്യമായി മടക്കിയില്ലെങ്കിൽ മഷി രണ്ട് കോളങ്ങളിൽ പടരാൻ സാധ്യതയുണ്ട്. എന്നാൽ വോട്ടിംഗ് മെഷീനിൽ ഒരു വോട്ടും അസാധുവാകുന്നില്ല.
എന്തുകൊണ്ടാണ് പല രാജ്യങ്ങളും ഇന്നും പേപ്പർ ബാലറ്റുകൾ ഉപയോഗിക്കുന്നത്?
അതിന് കാരണങ്ങൾ പലതാണ്. പല രാജ്യങ്ങളും ചില പരമ്പരാഗത രീതികൾ കാത്തു സൂക്ഷിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ്. ഉദാഹരണത്തിൽ ബ്രിട്ടനിലേയും ജപ്പാനിലേയും രാജവംശ തുടർച്ച. അതേപോലെയാണ് പേപ്പർ ബാലറ്റുകളും. ചില രാജ്യങ്ങളിൽ നേരിട്ടുള്ള വോട്ടെടുപ്പല്ല. . ചിലയിടത്ത് പ്രവശ്യകൾക്കും ജനസംഖ്യയ്‌ക്കും ആനുപാതികമാണ് വോട്ടിന്റെ മൂല്യം. ചില സ്ഥലങ്ങളിൽ വോട്ടെടുപ്പിന് പല റൗണ്ടുകളുണ്ട്. വോട്ടർക്ക് പല പ്രിഫറൻസ് വോട്ടുകൾ ചെയ്യാം.ഇവിടെയൊക്കെ മെഷീനുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുകൾ ഏറെയാണ്. യുഎസിൽ ഹൈബ്രിഡ് സിസ്റ്റമാണ്.. മെഷീനും പേപ്പർ ബാലറ്റും ഉപയോഗിക്കുന്നുണ്ട്. ചെറിയ ജനസംഖ്യയുള്ള രാജ്യങ്ങളിൽ പേപ്പർ ബാലറ്റ് ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ടുകൾ ഏറെയില്ല..
ലോകത്തിലെ ഏറ്റവും വിലിയ ജനാധിപത്യ രാജ്യമാണ് നമ്മുടെ ഭാരതം.ശതകോടികൾ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പുകൾ ഇവിടെ കൃത്യമായി നടത്തപ്പെടുന്നത് ലോകം എന്നും അത്ഭുതത്തോടെ നോക്കിക്കാണാറുണ്ട്.. ഇന്ത്യൻ വോട്ടിംഗ് മെഷീനുകൾ കിടയറ്റതാണ്.. സുതാര്യമാണ്.. നമ്മുടെ അഭിമാനമാണ്….
പ്രതികരിക്കാൻ ഇവിടെ എഴുതുക: