ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ ഭടന്മാര് ഇരുപത്തിയൊന്‍പത് മാവോയിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചത് രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശമാണ് നല്‍കുന്നത്. മാവോയിസ്റ്റുകളെ നേരിടാന്‍ രൂപീകരിച്ച ഡിസ്ട്രിക്റ്റ് റിസര്‍വ് ഫോഴ്സും ബിഎസ്എഫും സംയുക്തമായി നടത്തിയ പട്രോളിങ്ങിനിടെ മാവോയിസ്റ്റുകള്‍ വനമേഖലയില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഭടന്മാര് നടത്തിയ തിരിച്ചടിയിലാണ് മാവോയിസ്റ്റുകള്‍ക്ക് കനത്ത നാശം സംഭവിച്ചത്. സുരക്ഷാ സേന തലയ്ക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലയിട്ട ശങ്കര്‍ റാവു എന്ന മാവോയിസ്റ്റ് ഭീകരനും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. എകെ 47 തോക്കുകളും റൈഫിളുകളും ഉള്‍പ്പെടെ വലിയ തോതിലുള്ള ആയുധശേഖരവും മാവോയിസ്റ്റുകളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞമാസം ഇതേ ജില്ലയില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് ഭീകരനെ വധിച്ചിരുന്നു. കാംഗറില്‍ ഫെബ്രുവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റു ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം അവശേഷിക്കെ ഇരുപത്തിയൊന്‍പത് മാവോയിസ്റ്റുകളെ വധിക്കാന്‍ കഴിഞ്ഞത് ക്രമസമാധാനം ഉറപ്പുവരുത്തി ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ടുചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ അലങ്കോലപ്പെടുത്തുകയെന്നത് മാവോയിസ്റ്റ് വിധ്വംസക പദ്ധതിയുടെ ഭാഗമാണ്. സമാധാനത്തിലല്ല, അക്രമത്തിലാണ് മാവോയിസ്റ്റുകള്‍ വിശ്വസിക്കുന്നത്. വോട്ടു ചെയ്യാന്‍ പോകരുതെന്ന് മാവോയിസ്റ്റുകള്‍ ജനങ്ങളെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ട്.
മാവോയിസ്റ്റ് ഭീകരവാദത്തെ അമര്‍ച്ചചെയ്യുകയെന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാന അജണ്ടയാണ്. നിശ്ചയദാര്‍ഢ്യത്തോടെയാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലിരുന്ന പത്ത് വര്‍ഷത്തിനിടെ മാവോയിസ്റ്റാക്രമങ്ങള്‍ 52 ശതമാനം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ പറഞ്ഞിരുന്നു. ഈ അക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 70 ശതമാനമായി കുറച്ചുകൊണ്ടുവരാനും കഴിഞ്ഞു. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ജില്ലകളുടെ എണ്ണം 96 ല്‍ നിന്ന് 45 ആയും, പോലീസ് സ്റ്റേഷനുകളുടെ എണ്ണം 495 ല്‍നിന്നു 176 ആയും കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത് വലിയ നേട്ടം തന്നെയാണ്. മാവോയിസ്റ്റ് ഭീകരത രാജ്യത്തുനിന്ന് തുടച്ചുനീക്കാനുള്ള ശ്രമം വിജയിക്കുന്നു എന്നതിന് തെളിവാണിത്. മാവോയിസ്റ്റ് ഭീകരത രാജ്യത്ത് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണെങ്കിലും ഇതിനെതിരെ ശക്തമായ നടപടികളെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാതിരിക്കുകയോ അതിന് ശ്രമിക്കാതിരിക്കുകയോ ചെയ്തത് സാഹചര്യം വഷളാക്കി. യുപിഎ ഭരണകാലത്ത് മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രിമന്മോഹന് സിങ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കാറുണ്ടായിരുന്നെങ്കിലും സര്‍ക്കാരിന് നേതൃത്വം നല്കിയ കോണ്‍ഗ്രസ്സിനും പിന്തുണച്ചിരുന്ന ഇടതുപാര്‍ട്ടികള്‍ക്കും ഇതിനോട് യോജിപ്പുണ്ടായിരുന്നില്ല. സൂപ്പര്‍ പ്രധാനമന്ത്രിയായിരുന്ന സോണിയ നിയന്ത്രിച്ചിരുന്ന ദേശീയ ഉപദേശക സമിതിയില്‍ അര്‍ബന്‍ നക്സലുകള്‍ പിടിമുറുക്കിയിരുന്നു. നേപ്പാളില്‍ മാവോയിസ്റ്റുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ അഭിവാദ്യമര്‍പ്പിക്കാന്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരി ആ രാജ്യത്ത് പോയത് ആരും മറന്നിട്ടുണ്ടാവില്ലല്ലോ.
ഛത്തീസ്ഗഡില്‍ അഞ്ചു വര്‍ഷം അധികാരത്തിലിരുന്ന ഭൂപേശ് ബാഗലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മാവോയിസ്റ്റ് ഭീകരരോട് മൃദുസമീപനമാണ് സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ ഈ അന്തരീക്ഷത്തിന് മാറ്റം വന്നിരിക്കുകയാണ്. ഇതിനു തെളിവാണ് സുക്മ വനവാസി മേഖലയിലെ രാമക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞത്. ഇരുപത് വര്‍ഷം മുന്‍പ് മാവോയിസ്റ്റ് ഭീകരര്‍ അടച്ചുപൂട്ടിയ ക്ഷേത്രമാണിത്. സിആര്‍പിഎഫ് ജവാന്മാരുടെ പിന്തുണയോടെ ജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ ആരാധന പുനരാരംഭിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ഭരണകൂട ഭീകരതയ്ക്കും കോര്‍പ്പറേറ്റ് ചൂഷണത്തിനുമെതിരെയാണ് തങ്ങള്‍ പോരാടുന്നതെന്നു പറയുന്ന മാവോയിസ്റ്റുകള്‍ കണ്ണില്‍ച്ചോരയില്ലാത്ത ഭീകരവാദികളാണ്. നിരപരാധികളെ കൊന്നൊടുക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. തങ്ങളുടെ സൈ്വര വിഹാരത്തിനും ആധിപത്യത്തിനും തടസ്സം നേരിടുമെന്നതിനാല്‍ വനവാസി മേഖലയില്‍ വികസനം വരുന്നതിനെ എതിര്‍ക്കുകയാണ് മാവോയിസ്റ്റുകള്‍ ചെയ്യുന്നത്. റോഡുകളും പാലങ്ങളുമൊക്കെ തകര്‍ത്ത് പുറംലോകവുമായുള്ള ബന്ധം ഇല്ലാതാക്കി പാവപ്പെട്ട ജനങ്ങളെ ബന്ദികളാക്കി നിലനിര്‍ത്തുകയെന്നതാണ് ഇവരുടെ രീതി. ആയുധങ്ങള്‍ സംഭരിക്കുന്നതിനും അക്രമം പ്രവര്‍ത്തിക്കുന്നതിനും ചൈനയും മറ്റും മാവോയിസ്റ്റുകളെ സഹായിക്കുന്നുണ്ട്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച് സമാന്തര ഭരണം നടത്തുകയെന്നതാണ് ഇവരുടെ പരിപാടി. ഒരുതരത്തിലും ഇത് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. അതിശക്തമായി അടിച്ചമര്‍ത്തുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: