കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജിക്കും ആലുവ സിഎംആര്‍എല്ലും തമ്മിലെ സാമ്പത്തിക ഇടപാടുകളിലെ അന്വേഷണം കടുപ്പിച്ച് ഇ ഡി. സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയെ ഇ ഡി ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്തു. കര്‍ത്തയുടെ വീട്ടില്‍ നിന്നു സുപ്രധാന രേഖകള്‍ കസ്റ്റഡിയിലെടുത്തു.
മാസപ്പടിക്കേസില്‍ രണ്ടു തവണ സമന്‍സ് നല്‍കിയിട്ടും കര്‍ത്ത ഇ ഡിക്കു മുന്നില്‍ ഹാജരായിരുന്നില്ല. രണ്ടാമതു ലഭിച്ച സമന്‍സിനെതിരേയും കര്‍ത്ത കോടതിയെ സമീപിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും കാട്ടിയായിരുന്നു ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറിയിരുന്നത്.
ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് ആലുവ തോട്ടയ്ക്കാട്ടുകരയിലെ വീട്ടിലെത്തി ഇ ഡി ചോദ്യം ചെയ്തത്. ചെന്നൈയിലെ ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 10.30നു ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ കൊച്ചി യൂണിറ്റും ചോദ്യം ചെയ്യാനെത്തി. വീട്ടില്‍ നിന്നു സുപ്രധാന രേഖകള്‍ കസ്റ്റഡിയിലെടുത്ത് ചെന്നൈ സംഘം രണ്ടേ കാലോടെ മടങ്ങി. കൊച്ചി സംഘത്തിന്റെ ചോദ്യം ചെയ്യല്‍ വൈകുന്നേരം വരെ തുടര്‍ന്നു. പ്രിന്ററും സ്കാനറുമായെത്തി രേഖകളുടെ പകര്‍പ്പു ശേഖരിച്ച് ഇതില്‍ കര്‍ത്തയുടെ ഒപ്പും വാങ്ങിയാണ് ചെന്നൈ സംഘം മടങ്ങിയത്. വീണയുടെ എക്സാലോജിക്കിന് ഒരു കോടി 72 ലക്ഷം രൂപ കൈമാറിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമായും ചോദ്യം ചെയ്യല്‍.
ഇ ഡി ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും കൈമാറാന്‍ സിഎംആര്‍എല്‍ കഴിഞ്ഞ ദിവസം തയാറായിരുന്നില്ല. ആദായ നികുതി വകുപ്പിനു രേഖകള്‍ കൈമാറിയിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് സെക്ഷനുകള്‍ പ്രകാരം രഹസ്യസ്വഭാവമുള്ള രേഖകള്‍ മറ്റൊരു ഏജന്‍സിക്കു നല്‍കേണ്ടതില്ലെന്നും കാണിച്ചായിരുന്നു രേഖകളുടെ നിഷേധം. ഇതിനു പിന്നാലെയാണ് കര്‍ത്തയെ വീട്ടിലെത്തി ചോദ്യം ചെയ്യാനുള്ള തീരുമാനം.
സിഎംആര്‍എല്‍ ഫിനാന്‍ഷ്യല്‍ ചീഫ് ഓഫീസര്‍ സുരേഷ്കുമാര്‍, മാനേജര്‍ ചന്ദ്രശേഖരന്, ഐടി വിഭാഗം മേധാവി അഞ്ജു എന്നിവരെ കഴിഞ്ഞ ദിവസം 24 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: