ബെര്‍ഗാമോ: യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിലെ ഏറ്റവും വലിയ രണ്ടാമത്ത ടൂര്‍ണമെന്റായ യുവേഫ യൂറോപ്പ ലീഗ് ക്വാര്‍ട്ടറില്‍ പ്രീമയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളിന് ഇന്ന് അഭിമാനപോരാട്ടം. ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്ലാന്റയ്ക്കെതിരെ അവരുടെ തട്ടകത്തില്‍ യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറിനാണ് യര്‍ഗന്‍ ക്ലോപ്പിന്റെ ചെമ്പട ഒരുങ്ങുന്നത്. രാത്രി 12.30നാണ് കളി.
പ്രീമിയര്‍ ലീഗില്‍ ഇപ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മൂന്നാം സ്ഥാനത്ത് തുടരുന്ന ലിവര്‍ സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡില്‍ ആദ്യപാത ക്വാര്‍ട്ടറില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ലിവറിന് ഇനി സെമി പ്രവേശം സാധ്യമാകണമെങ്കില്‍ നല്ല കടുപ്പമാണ്. മൂന്ന് ഗോള്‍ പിന്നില്‍ നില്ക്കുന്നതിനാല് ഇന്ന് നടക്കുന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ അറ്റ്ലാന്റയ്ക്കെതിരെ നാല് ഗോള്‍ മാര്‍ജിനിലുള്ള വിജയം കൂടിയേ തീരു. മൂന്ന് ഗോള്‍ മാര്‍ജിന്‍ ആയിപ്പോയാല്‍ മത്സരം സമനില പാലിക്കും. പിന്നെ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങും.
സീസണ് അവസാനിക്കുന്നതോടെ ജര്‍മന്‍ പരിശീലകനായ യര്‍ഗന്‍ ക്ലോപ്പ് ലിവറില്‍ നിന്നും വിട്ടുപോകുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. വിടവാങ്ങല്‍ സീസണില്‍ ലീഗ് ടൈറ്റില്‍, എഫ്എ കപ്പ്, യൂറോപ്പ ലീഗ് എന്നീ മൂന്ന് കിരീടങ്ങളും നേടിക്കൊണ്ട് പിരിഞ്ഞുപോകാനാണ് ക്ലോപ്പ് ആഗ്രഹിക്കുന്നത്. പരിശീലകന്റെ മോഹത്തിനും വമ്പന്‍ പകിട്ട് പേറുന്ന താരങ്ങള്‍ക്കും മേല്‍ കടുത്ത വെല്ലുവിളിയാണ് വന്നുചേര്‍ന്നിരിക്കുന്നത്.
ഇതേ സമയത്ത് തന്നെ ടൂര്‍ണമെന്റില്‍ മറ്റ് മൂന്ന് രണ്ടാംപാദ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ കൂടി നടക്കം. ലിവറിനെ പോലെ ആദ്യപാദത്തില്‍ തിരിച്ചടി നേരിട്ട ടീം ആണ് ഇറ്റാലിയന്‍ കരുത്തരായ എസി മിലാന്. സ്വന്തം നാട്ടിലെ ടീമിനോട് പക്ഷെ ഏകപക്ഷീയമായ ഒരു ഗോളിനേ പരാജയപ്പെട്ടുള്ളൂ എന്നൊരു ആശ്വാസം മിലാനുണ്ട്. ഇന്ന് റോമയുടെ തട്ടകത്തിലാണ് രണ്ടാം പാദ മത്സരം. മറ്റ് മത്സരങ്ങളില്‍ പോര്‍ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്ക എഫ്സിയും ഫ്രഞ്ച് ക്ലബ്ബ് മെഴ്സെലെയും തമ്മില്‍ ഏറ്റുമുട്ടും. നിലവില്‍ 2-1ന് ബെന്‍ഫിക്ക മുന്നിട്ടു നില്ക്കുന്നു. മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ടീം ബയെര്‍ ലെവര്‍കുസനും പ്രീമിയര്‍ ലീഗ് ക്ലബ്ബ് വെസ്റ്റ് ഹാം യുണൈറ്റഡും തമ്മില്‍ ഏറ്റുമുട്ടും. കഴിഞ്ഞ ആഴ്ച്ച നടന്ന ആദ്യപാദ പോരാട്ടത്തില്‍ ബയെര്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ് ഹാമിനെ തോല്‍പ്പിച്ചിരുന്നു. സ്വന്തം തട്ടകത്തിലായിരുന്നു ബയെറിന്റെ വിജയം. കഴിഞ്ഞ ദിവസം ലീഗ് ടൈറ്റില്‍ സ്വന്തമാക്കിയ ശേഷം ഇന്ന് ആദ്യ മത്സരത്തിനിറങ്ങുകയാണ് ബയെര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: