ന്യൂദല്‍ഹി: ഒന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേക്കുള്ള പരസ്യ പ്രചാരണമാണ് ഇന്നലെ വൈകിട്ട് അവസാനിച്ചത്. നാളെയാണ് ഈ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്.
റോഡ് ഷോയും റാലിയുമൊക്കെയായി പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. ആസാമിലും ത്രിപുരയിലുമായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത റാലികള്‍. കേന്ദ്ര ആഭ്യന്ത രമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ, രാഹുല്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ എന്നിവരും വിവിധ സംസ്ഥാനങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയും പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ഇന്‍ഡി സഖ്യവും തമ്മിലാണ് തെരഞ്ഞെടുപ്പിലെ പോരാട്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പത്തുവര്‍ഷം കാഴ്ചവച്ച സദ്ഭരണത്തിന്റെ റിക്കാര്‍ഡുമായാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നാനൂറില്‍ അധികം സീറ്റുകള്‍ നേടി വീണ്ടും അധികാരത്തില്‍ എത്തുകയെന്നതാണ് എന്‍ഡിഎയുടെ ലക്ഷ്യം. വീണ്ടും മോദി സര്‍ക്കാര്‍, എന്ന കാമ്പയിനിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യവും ബിജെപി മുന്നോട്ടുവെക്കുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് തന്നെ 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി രംഗത്തിറങ്ങിയിരുന്നു.
എന്നാല്‍ കൃത്യമായ നയമില്ലാതെ മുന്നോട്ടുപോകുകയാണ് ഇന്‍ഡി സഖ്യം. കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്കും ചിലയിടങ്ങളില്‍ ഒന്നിച്ചുമാണ് സഖ്യത്തിലെ പാര്‍ട്ടികള്‍ മത്സരത്തിനിറങ്ങുന്നത്. കേരളത്തിനകത്ത് പരസ്പരം പോരടിക്കുന്ന ഇന്‍ഡി സഖ്യകക്ഷികളായ കോണ്‍ഗ്രസും സിപിഎമ്മും കേരളം കടന്നാല്‍ ഒറ്റക്കെട്ടാണ്. ഈ ഇരട്ടനിലപാട് വോട്ടര്‍മാര്‍ക്കു മുന്നില്‍ വിശദീകരിക്കാനാകാത്ത അവസ്ഥയിലാണവര്‍.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 282 സീറ്റുകള്‍ നേടിയാണ് ബിജെപി കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്തത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം 303 ആയി ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: