ന്യൂദല്‍ഹി: സ്വാതന്ത്ര്യസമരസേനാനി ധീരന് ചിന്നമലൈയുടെ ജന്മവാര്ഷികത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ആദരവര്‍പ്പിച്ചു. ധീരന് ചിന്നമലൈയ്ക്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ ആദരവര്പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍, ഒന്നിലും വിട്ടുവീഴ്ചയില്ലാത്ത പ്രബലനായ യോദ്ധാവായിരുന്നു അദ്ദേഹം. മാതൃകാപരമായ അദ്ദേഹത്തിന്റെ ധീരതയും കോളനിവാഴ്ചയ്ക്കെതിരെ അദ്ദേഹം പ്രയോഗിച്ച യുദ്ധകൗശലവും വളരെയധികം പ്രചോദനമേകുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ ധീരന് ചിന്നമലൈയുടെ ചിത്രത്തില്‍ സ്റ്റാലിന് ഹാരമണിയിച്ചു.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കൊങ്കു വീരന്മാരുടെ സൈന്യത്തെ കൂട്ടി പോരാടിയ ഒരു തമിഴ് ഭരണാധികാരി ആയ പാളയക്കാരന്‍ മുഖ്യനായിരുന്നു ധീരന് ചിന്നമലൈ. 1756 ഏപ്രില്‍ 17ന് തമിഴ്നാട്ടിലെ മേലപ്പാളയത്താണ് അദ്ദേഹം ജനിച്ചത്. തീര്‍ത്ഥഗിരി ശര്ക്കാരയ് മന്റാടിയാര് എന്നായിരുന്നു ആദ്യപേര്. ചെറുപ്പത്തില്‍ തന്നെ സഹോദരങ്ങളോടൊപ്പം ചിന്നമലൈ ആയോധനമുറകളിലെല്ലാം പ്രാവീണ്യം നേടി.
ആദ്യം കൊങ്കു നാട്ടില്‍ നിന്ന് നികുതി പിരിച്ച മൈസൂര്‍ ഭരണകൂടത്തിനെതിരെയായിരുന്നു ചിന്നമലൈയുടെ പോരാട്ടം. പിന്നീട്ട് ടിപ്പു സുല്‍ത്താനുമായി ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെയും. ടിപ്പുവിന്റെയും വീരപാണ്ഡ്യ കട്ടബൊമ്മന്റെയും മരണത്തിന് ശേഷം 1801ലെ പൊളിഗര്‍ (പാളയക്കാരര്‍) പോരാട്ടങ്ങളിലെ പ്രധാനിയായി. ബ്രിട്ടീഷുകാര്‍ക്കെതിരെ തിരുനെല്‍വേലി രാജ്യത്തിന്റെ പല ഭാഗത്തും നടന്ന് വന്ന പോരാട്ടമായിരുന്നു പാളയക്കാരര്‍ യുദ്ധം. പല തവണ അദ്ദേഹം ബ്രിട്ടീഷുകാരെ വിറപ്പിച്ചു വിജയം കണ്ടെത്തി. 1801ലെ കാവേരി യുദ്ധം, 1802ലെ ഒടനിലൈ യുദ്ധം, 1804 ലെ അരച്ചല്ലൂര് യുദ്ധം എന്നിവ അവയില്‍ ചിലതാണ്. ഗറില്ല പോരാട്ടത്തിനുംഅദ്ദേഹം നേതൃത്വം നല്കി. കട്ടബൊമ്മന് ശേഷം അദ്ദേഹം ഒടനിലൈ കീഴടക്കി അവിടെ കോട്ട പണിതു.
1805ല്‍ ബ്രിട്ടീഷുകാര്‍ ചിന്നമലൈയുടെ സൈന്യത്തെ പരാജയപ്പെടുത്തി. ചിന്നമലൈ അന്ന് രക്ഷപ്പെട്ടു. പിന്നീട് ബ്രിട്ടീഷുകാരുടെ പിടിയിലായ ചിന്നമലൈയെ സഹോദരങ്ങള്‍ക്കൊപ്പം 1805 ആഗസ്ത് രണ്ടിന് സേലത്തിനടുത്ത് ശങ്കരി കോട്ടയില്‍ തൂക്കിലേറ്റി. ജൂലൈ 31നാണ് അദ്ദേഹത്തെ തൂക്കിലേറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിന്നമലൈയെ കുറിച്ചുള്ള എഴുത്തുകള്‍ മുഴുവന്‍ ബ്രിട്ടീഷ് ഭരണകൂടം നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: