കാന്‍ഡിഡേറ്റ്സ് ചെസിന്റെ നിര്‍ണ്ണായകമായ 11ാം റൗണ്ടിലേക്ക് മത്സരം കടക്കുമ്പോള്‍ ഇനി കിരീടം നേടാന്‍ സമനില പോരാ എന്നതാണ് സ്ഥിതി. ഈ റൗണ്ടില്‍ ഗുകേഷ് കരുവാനയെയും പ്രജ്ഞാനന്ദ നകാമുറയെയും ആണ് നേരിടുന്നത്. ഇനി സമനില പോരാ, ലോകചാമ്പ്യനെ നേരിടാനുള്ള ചലഞ്ചറായി ഉയരണമെങ്കില്‍ ജയം നേടി പോയിന്‍റുകള്‍ കൂട്ടേണ്ടിവരും. അതുകൊണ്ട് തന്നെ കടുത്ത അഗ്നി പരീക്ഷയാണ് ഇന്ത്യന്‍ കൗമാരതാരങ്ങളെ കാത്തിരിക്കുന്നത്.
അമേരിക്കന്‍ താരങ്ങളായ ഫാബിയാനോ കരുവാനയോ ഹികാരു നകാമുറയോ കാന്‍ഡിഡേറ്റ്സ് കിരീടം നേടുമെന്നാണ് മുന്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സന്റെ പ്രവചനം. തീര്‍ച്ചയായും ഈ രണ്ട് യുഎസ് താരങ്ങളും പത്താം റൗണ്ടില്‍ വിജയം കൊയ്ത് ടൂര്‍ണ്ണമെന്‍റില്‍ തിരിച്ചുവരവിനൊരുങ്ങിക്കഴിഞ്ഞു. കരുവാനയും നകാമുറയും ഒരു ജയത്തില്‍ കുറഞ്ഞൊന്ന് ആഗ്രഹിക്കാത്തതിനാല്‍ ഗുകേഷിനും പ്രജ്ഞാനന്ദയ്‌ക്കും കരുതിവെച്ച പൂഴിക്കടകനെല്ലാം 64 കളങ്ങളില്‍ പുറത്തിറക്കേണ്ടി വരും. വാസ്തവത്തില്‍ ഫിഡേ നല്‍കിയ റാങ്ക് പ്രകാരം പ്രജ്ഞാനന്ദയുടെ റാങ്ക് 2747 ആണെങ്കില്‍ ഹികാരു നകാമുറയുടേത് 2789 ആണ്. അതുപോലെ ഗുകേഷിന്‍റേത് 2743 ആണെങ്കില്‍ ഫാബിയാനോ കരുവാനയുടേത് 2803 ആണ്.
ആദ്യ റൗണ്ടുകളില്‍ ഗുകേഷും കരുവാനയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. പക്ഷെ ഫാബിയാനോ കരുവാന ആറ് വട്ടം കാന്‍ഡിഡേറ്റ്സില്‍ മത്സരിച്ച പരിചയസമ്പന്നനായ ഗ്രാന്‍റ് മാസ്റ്ററാണ്. ഒരു തവണ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ജയിച്ച് ലോകചാമ്പ്യനെ നേരിടാന്‍ അര്‍ഹതയും നേടിയിരുന്നു. അതുകൊണ്ട് ഗുകേഷിനേക്കാള്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കഴിവ് കരുവാനയ്‌ക്കുണ്ട്. ഗുകേഷിനെ വെള്ളക്കരുക്കളാണ് എന്ന മുന്‍തൂക്കം ഉണ്ട്. അതുപോലെ പ്രജ്ഞാനന്ദയും ഹികാരു നകാമുറയും തമ്മിലുള്ള നേരത്തെയുള്ള മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. പക്ഷെ ഇനി രക്തം ചിന്തിയാല്‍ മാത്രമേ മുന്നേറാനാവൂ എന്നതാണ് സ്ഥിതി.
കഴിഞ്ഞ ലോകകപ്പില്‍ ഹികാരു നകാമുറയെ തോല്‍പിച്ചിട്ടുണ്ട് പ്രജ്ഞാനന്ദ. ഇത് പ്രജ്ഞാനന്ദയ്‌ക്ക് മുന്‍തൂക്കം നല്‍കുന്നു. കാന്‍ഡിഡേറ്റ്സില്‍ ഇന്ത്യയുടെ വിദിത് ഗുജറാത്തി രണ്ടുവട്ടമാണ് ഹികാരു നകാമുറയെ തോല‍്പിച്ചതെന്നും പ്രജ്ഞാനന്ദയുടെ ആത്മവിശ്വാസം കൂട്ടും. മാത്രമല്ല, 12ാം റൗണ്ടില്‍ പ്രജ്ഞാനന്ദയ്‌ക്ക് നേരിടേണ്ടി വരുന്നത് ഇതുവരെ തോല്‍വിയറിയാതെ നിലകൊള്ളുന്ന റഷ്യക്കാരനായ ഇയാന്‍ നെപോമ് നെഷിയെയാണ്. കഴിഞ്ഞ കളിയില്‍ പ്രജ്ഞാനന്ദ വിറപ്പിച്ചതാണ്. പക്ഷെ ഒടുവില്‍ സമനില വഴങ്ങി. പക്ഷെ ഒരു ചാമ്പ്യനായി മാറണമെങ്കില്‍ പ്രജ്ഞാനന്ദയ്‌ക്ക് വിജയം കൊയ്തേ മതിയാവൂ. അത്യധികം മാനസിക സമ്മര്‍ദ്ദം നിറഞ്ഞുനില്‍ക്കുന്ന മത്സരങ്ങളില്‍ മനസില്‍ ചിന്തിക്കുന്ന ഫലം കൊണ്ടുവരാന്‍ കഴിഞ്ഞാലാണ് ഒരു കളിക്കാരന്‍ പക്വത നേടി എന്ന് പറയാനാവൂ. അവരാണ് യഥാര്‍ത്ഥ ചാമ്പ്യന്‍പട്ടത്തിന് അര്‍ഹരായവര്‍. വിശ്വനാഥന്‍ ആനന്ദും മാഗ്നസ് കാള്‍സനും എല്ലാം ഈ ഗുണങ്ങള്‍ ഉള്ള ചെസ് താരങ്ങളാണ്. എന്തായാലും 42 ലക്ഷത്തിലധികം രൂപയാണ് ചാമ്പ്യനെ കാത്തിരിക്കുന്ന സമ്മാനത്തുക. ഒപ്പം 2023ലെ ലോക ചെസ് ചാമ്പ്യനായ ഡിങ് ലിറനെ നേരിടാനുള്ള യോഗ്യതയും കിട്ടും.
ഇന്ത്യയുടെ വിദിത് ഗുജറാത്തിയ്‌ക്കും കിരീടം നേടാന്‍ സാധ്യതകളുണ്ട്. പക്ഷെ അവശേഷിക്കുന്ന നാല് റൗണ്ടുകളിലും വിജയം കൊയ്യണമെന്ന് മാത്രം. 11ാം റൗണ്ടില്‍ വിദിത് ഗുജറാത്തി നേരിടുന്നത് ഇപ്പോള്‍ മത്സരത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ഇയാന്‍ നെപോമ് നെഷിയെയാണ്. ഇതില്‍ ജയിച്ചാല്‍ മാത്രമേ ഇപ്പോള്‍ അഞ്ച് പോയിന്‍റോടെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന വിദിത് ഗുജറാത്തിക്ക് എന്തെങ്കിലും സാധ്യതയുള്ളൂ. പക്ഷെ നെപോമ്നെഷി ഈ ടൂര്‍ണ്ണമെന്‍റില്‍ ഇതുവരെ തോല്‍വി അറിയാത്ത താരമാണ്. വാസ്തവത്തില്‍ നെപോമ്നെഷിയുടെ ലോകറാങ്ക് വെറും 2754 മാത്രമാണ്. ഇത് കരുവാനയേക്കാള്‍, നകാമുറയേക്കാള്‍ താഴെയാണ്. അതകൊണ്ട് തന്നെ ഈ ടൂര്‍ണ്ണമെന്‍റില്‍ രണ്ട് തവണ ഹികാരു നകാമുറയെ തോല്‍പിച്ച വിദിത് ഗുജറാത്തിക്ക് നെപോമ്നെഷിയെ തോല്‍പിക്കുക അസാധ്യമല്ല.
ഇപ്പോള്‍ മത്സരത്തില്‍ ആറ് പോയിന്‍റോടെ ഗുകേഷും ഇയാന്‍ നെപോമ് നെഷിയും മുന്നിട്ടു നില്‍ക്കുകയാണ്. വെറും അരപോയിന്‍റ് വ്യത്യാസത്തില്‍ പ്രജ്ഞാനന്ദ, ഫാബിയാനോ കരുവാന, ഹികാരു നകാമുറ എന്നിവര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: