മണികണ്ഠന് കുറുപ്പത്ത്
കാഞ്ഞാണി : ജനലക്ഷങ്ങള്‍ ഒഴുകിയെത്തുന്ന തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ കുടമാറ്റത്തിന് ശോഭ കൂട്ടാന്‍ ഇത്തവണയും അരിമ്പൂരില്‍ നിന്നുള്ള സ്പെഷല്‍ കുടകള്‍ ഉണ്ടാകും. ആറു വര്‍ഷമായി പാറമേക്കാവ് വിഭാഗത്തിന് സ്പെഷല്‍ കുടകള്‍ ഒരുക്കുന്ന സോഹന്റെ വീട്ടില്‍ കുടകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
സ്വര്‍ണ്ണനിറത്തിലുള്ള ആയിരക്കണക്കിന് ചെറുകുമിളകള്‍ പതിപ്പിച്ച ഈ സ്പെഷല്‍ കുടകളും പൂരാവേശം നിറയുമ്പോള്‍ കുടമാറ്റത്തില്‍ മിന്നിമറയും.
അരിമ്പൂര്‍ ഉദയനഗര്‍ സ്വദേശി ചേന്നാട്ട് സോഹന്‍ (48) നെറ്റിപ്പട്ടം നിര്‍മാണം ആരംഭിക്കുന്നത് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഫാന്‍സി നെറ്റിപ്പട്ടങ്ങള്‍, കോലം, തിടമ്പ് എന്നിവയായിരുന്നു പ്രധാനമായും നിര്‍മിച്ചിരുന്നത്. പാറമേക്കാവ് വിഭാഗത്തിന് സ്പെഷല്‍ കുടകള്‍ നിര്‍മിക്കാന്‍ സോഹന്‍ നിയോഗം ലഭിക്കുന്നത് ആറ് വര്‍ഷം മുന്‍പാണ്. അന്ന് മുതല്‍ ഈ വര്‍ഷം വരെ പതിവ് മുടങ്ങിയില്ല.
സാധാരണ കുടകളില്‍ നിന്ന് വ്യത്യസ്തമാണ് സ്പെഷല്‍ കുടകള്‍. ഇവയ്ക്ക് യഥാര്‍ത്ഥ കുടയുടെ ആകൃതിയുണ്ടാകില്ല. വാല്‍ക്കണ്ണാടി, നെറ്റിപ്പട്ടം, കോലം, ആലവട്ടം തുടങ്ങിയ രൂപത്തിലുള്ള സ്പെഷല്‍ കുടകളാണ് സോഹന്‍ ഇതുവരെ നിര്‍മ്മിച്ച് നല്‍കിയത്. നാല് പേര് ചേര്‍ന്ന് ഒരു മാസത്തെ അധ്വാനമുണ്ട് കുട നിര്‍മ്മാണത്തിന്. പതിന്നാല് കുടകളാണ് സോഹന്‍ തയ്യാറാക്കുന്നത്.
വെല്‍വെറ്റ്, ഫൈബറില്‍ ഗോള്‍ഡ് പ്ലെയ്റ്റ് ചെയ്ത കുമിളകള്‍ എന്നിവയാണ് പ്രധാന നിര്‍മ്മാണ വസ്തുക്കള്‍. ഗോളക, നാഗപടം, കുമിളകള്‍, ചൂരല്‍പ്പൊളി, ശൂലം, ചന്ദ്രക്കല എന്നിവ കൃത്യമായി കലാപരമായി ഓരോ കുടകളിലും ചേര്‍ക്കും.
രണ്ടായിരത്തോളം ചെറു കുമിളകള്‍ ഓരോ കുടയിലും വച്ച് പിടിപ്പിക്കും. കുട നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ എല്ലാം തന്നെ സോഹന്‍ സ്വന്തമായി നിര്‍മ്മിക്കുന്നവയാണ്. പാലക്കാടുള്ള സ്വന്തം നിര്‍മ്മാണ ശാലയില്‍ നിന്നാണിവ എത്തിക്കുന്നത്. സോഹന്റെ മനസ്സില്‍ തെളിയുന്ന രൂപങ്ങളാണ് കുടകള്‍ക്ക് നല്‍കുന്നത്. പൂരക്കമ്മറ്റിയുടെ അനുമതി വാങ്ങിയ ശേഷമാണ് ഈ ഡിസൈനുകള്‍ കുടകളിലേക്ക് ഉപയോഗിക്കുന്നത്. സോഹന്റെ മക്കളും കുട നിര്‍മ്മാണത്തിന് സഹായിക്കാന്‍ കൂടെയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: