എ.ബി. വാജ്പേയിയുടെ 1998ലെ സര്‍ക്കാര്‍ ഒറ്റവോട്ടിന് വിശ്വാസവോട്ടെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായതും രാജിവച്ചതും ചരിത്രമാണ്. അക്കാര്യം മുമ്പ് വിശദീകരിച്ചു. 1999 ലെ തെരഞ്ഞെടുപ്പിനുള്ള ഇടക്കാലത്ത് കാവല്‍പ്രധാനമന്ത്രിയായി വാജ്പേയി ഭരിക്കുമ്പോഴാണ് കാര്‍ഗില്‍ യുദ്ധം ഉണ്ടായത്. അതിന് മുമ്പ് ഒരു വര്‍ഷത്തെ, കൃത്യമായിപ്പറഞ്ഞാല്‍ 13 മാസത്തെ ഭരണത്തിനിടെ വാജ്പേയി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മതിയായിരുന്നു അടുത്ത തെരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിക്കാന്‍.
ലോകരാജ്യങ്ങളുമായുള്ള സൗഹാര്‍ദ്ദം, അയലത്തെ, ഏറ്റവും ശത്രുസ്വഭാവം കാണിക്കുന്ന രാജ്യമായ പാകിസ്ഥനുമായി ചങ്ങാത്തം, ലാഹോര്‍ സമാധാന ബസ് യാത്ര, പൊഖ്റാനില്‍ നടത്തിയ അണുപരീക്ഷണങ്ങള്‍, അതേത്തുടര്‍ന്നുണ്ടായ ആഗോള സാമ്പത്തിക ഉപരോധത്തെ അതിജീവിച്ച സ്വാശ്രയത്വ പരീക്ഷണവിജയം, ഏറ്റവും ഉയര്‍ന്ന തോതിലേക്കുള്ള സാമ്പത്തിക വളര്‍ച്ചാക്കുതിപ്പ് തുടങ്ങി ഭരണത്തിലെ മികവ് പ്രകടിപ്പിച്ച് സര്‍ക്കാര്‍ ജനപ്രിയമായി വരവേയാണ് ജയലളിതയുടെ എഐഎഡിഎംകെ, വാജ്പേയി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് സര്‍ക്കാരിന് വിശ്വാസവോട്ടെടുപ്പ് നേരിടേണ്ടിവന്നത്. വിശ്വാസ വോട്ടുകിട്ടിയില്ല.
വാജ്പേയി കാവല്‍ മന്ത്രിസഭ നയിക്കുമ്പോള്‍ കാര്‍ഗില്‍ യുദ്ധവും വന്നു. പാകിസ്ഥാനുമായി ഭാരതത്തിന്റെ സൗഹാര്‍ദ്ദ സമീപനമായിരുന്നു വാജ്പേയിയുടെ മന്ത്രവും തന്ത്രവും. സംഘര്‍ഷമല്ല, സമവായമാണ് സകല പ്രശ്നങ്ങള്‍ക്കും പരിഹാരമെന്ന ബിജെപി നയം വാജ്പേയി നടപ്പാക്കി. വര്ഗ്ഗസംഘര്ഷത്തിലൂടെ വിപ്ലവമെന്ന ആശയങ്ങള്‍ക്കും പ്രതിയോഗികളുടെ ഉന്മൂലനമെന്ന സിദ്ധാന്തക്കാര്‍ക്കും വെല്ലുവിളിയായിരുന്നു ആ നയം. സഹകരണത്തിന്റെ, സഹിഷ്ണുതയുടെ സമവായത്തിന്റെ സമന്വയത്തിന്റെ രീതിയാണ് പിന്തുടര്ന്നത്. അത് പാര്‍ട്ടിയെന്ന നിലയില്‍ ബിജെപി രാഷ്ട്രീയമായി സ്വീകരിച്ച നയമായിരുന്നു, അതാകട്ടെ രാഷ്ട്രമെന്ന നിലയില്‍ ഭാരതസംസ്കാരത്തിന്റെ അടിത്തറയും. അതിന്റെ ഫലമായി സമസ്ത മേഖലയിലും സമവായത്തിനുള്ള അവസരമൊരുങ്ങി. ശ്രീരാമക്ഷേത്ര നിര്‍മ്മാണക്കാര്യത്തിലും പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്തിലും അമേരിക്കയും റഷ്യയും ചൈനയും ഉള്‍പ്പെടെ ലോകരാജ്യങ്ങളോടുള്ള നിലപാടിലും പ്രകടമായി.
ഒരുപക്ഷേ, വാജ്പേയി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനും നടന്ന ‘വിശാല ഗൂഢാലോചന’യുടെ ഫലമായിരുന്നിരിക്കണം എഐഎഡിഎംകെയുടെ പിന്തുണ പിന്‍വലിക്കലിലൂടെ നടപ്പായത്. ഒരു ഉദാഹരണം കൊണ്ട് ഈ സംശയം ബലപ്പെടുത്താം; കോണ്‍ഗ്രസ് പിന്തുണച്ച ദേവഗൗഡ സര്‍ക്കാരിനെ നിലംപതിപ്പിച്ചത് കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ സീതാറാം കേസരിയുടെ ‘അധികാരക്കൊതി’യായിരുന്നു. ‘ദ ഓള്‍ഡ് മാന്‍ ഇന്‍ എഹറി’ (കിഴവന്റെ തിരക്ക്) എന്നാണ് അന്ന് മാധ്യമങ്ങള്‍ പൊതുവേ കേസരിയുടെ തീരുമാനത്തെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാഷ്ട്രീയമായി അത്തരമൊരു തീരുമാനമുണ്ടായിരുന്നില്ല. പക്ഷേ, ഐ.കെ. ഗുജ്റാളിന് കോണ്‍ഗ്രസ് നല്കിയ പിന്തുണ പിന്‍വലിച്ചത് എന്തിനായിരുന്നു? ആരായിരുന്നു കാരണക്കാര്‍?
സീതാറാം കേസരിയുടെ കോണ്‍ഗ്രസ് അനുഭവം
സീതാറാം കേസേരി കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ അങ്ങനെയാണ് രണ്ട് പ്രധാനമന്ത്രിമാര്‍ക്ക് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചത്. 1997 നവംബര്‍ 28നാണ് ഐക്യമുന്നണിയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിനെ വീഴ്ത്തിയത്. കേസരിയെക്കൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മറ്റൊരു അധികാരക്കൊതിയരുടെ കൂട്ടം ചെയ്യിച്ചതാണ് രണ്ടാമത്തെ യുഎഫ് സര്‍ക്കാരിന്റെ (ഐ.കെ. ഗുജ്റാളിന്റെ) വധം. അതിന് കാരണമായി പറഞ്ഞത് രാജീവ് ഗാന്ധി വധം അന്വേഷിച്ച ജെയിന് കമ്മീഷന് നല്കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ ഡിഎംകെയുടെ പങ്ക് വ്യക്തമാണെന്നതായിരുന്നു. രാജീവ് വധത്തിന്റെ പേരില്‍ അത് വൈകാരികമായി അണികളേയും രാജ്യത്തിനെയും ഓര്‍മ്മിപ്പിച്ചായിരുന്നു ആ പിന്തുണ പിന്‍വലിക്കല്‍. മൂന്നര മാസത്തിനുശേഷം സംഭവിച്ച ചില കാര്യങ്ങള്‍ ഓര്‍മ്മിക്കുന്നത് രാഷ്ട്രീയത്തിലെ കര്മ്മഗതിയെന്നോ ചരിത്രനീതിയെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന, കാര്യങ്ങള്‍.
1998 മാര്‍ച്ച് 14. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വര്‍ക്കിങ് കമ്മിറ്റി (സിഡബ്ല്യുസി) പാര്‍ട്ടി ആസ്ഥാനത്ത്. എല്ലാവരും തയാര്‍. 24 അക്ബര്‍ റോഡിലേക്ക് പാര്‍ട്ടി അദ്ധ്യക്ഷന്‍, ആ പദവിയില്‍ നിയോഗിക്കപ്പെട്ടപ്പോള്‍ കോണ്ഗ്രസ്സുകാര് പ്രചരിപ്പിച്ച ‘പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ്’ സീതാറാം കേസരി വരുന്നു. താരീഖ് അന്‍വര്‍ എന്ന ‘വലംകൈ’യും ഒപ്പമുണ്ട്; കേസരിയുടെ സെക്രട്ടറിയായിരുന്നു. ഒരു നേതാവും കേസരിയെ മാനിച്ചില്ല. ഒറ്റ ഒരുത്തന് എഴുന്നേറ്റില്ല. ‘കൗരവസഭയില്‍ പാണ്ഡവര്‍ക്കുവേണ്ടി ദൂതു പറയാന്‍ ശ്രകൃഷ്ണന്‍ വന്നവേളയില്‍ ദുര്യോധനന് നിര്‍ദേശിച്ചിട്ട് രാജസഭാംഗങ്ങള്‍ ഇരുന്നപോലെ ഉറച്ചിരുന്നു. കേസരി എത്തിയതും പ്രണബ് മുഖര്‍ജി പ്രമേയം അവതരിപ്പിച്ചു, പ്രത്യേക സാഹചര്യത്തില്‍ കേസരിക്ക് സേവനത്തിന് നന്ദി, അടുത്ത അദ്ധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധിയെ ക്ഷണിക്കുന്നു.
യോഗം സോണിയയ്ക്ക് ജയ്വിളിച്ചു. വേദിയില്‍ നിന്ന് അപമാനിതനായി ഇറങ്ങിപ്പോയ സീതാറാം കേസരി, കോണ്‍ഗ്രസ് ആസ്ഥാനത്തെ ശുചിമുറിയില്‍ കയറി മണിക്കൂറുകള്‍ വാതിലിടച്ചിരുന്നുവെന്ന് അന്ന് ‘ഇന്ത്യാ ടുഡേ’ വാരിക എഴുതി. പാര്‍ട്ടി ആസ്ഥാനം വിടാന്‍ പുറത്തിറങ്ങിയ കേസരിയെ യൂത്ത് കോണ്‍ഗ്രസിലെ ചില പ്രവര്‍ത്തകര്‍ തുണിയുരിഞ്ഞു (ധോത്തിയഴിച്ചു) എന്നും മാസികയെഴുതി. പ്രധാനമന്ത്രിപദത്തില്‍നിന്ന് കേസരി അപമാനിച്ചിറക്കിവിട്ട, ദേവെ ഗൗഡയുടെ കാര്യത്തിലെന്നപോലെയായി അനുഭവമെന്ന് പലരും പറഞ്ഞു.
ക്വത്തറോച്ചിക്കു കിട്ടിയ കോണ്‍ഗ്രസ് പിന്തുണ
സോണിയാ ഗാന്ധി പ്രധാനമന്ത്രിയായല്ല. അതിന്റെ കാരണങ്ങള്‍ വേറേ. പക്ഷേ പാര്‍ട്ടിയില്‍ അധികാരസ്ഥാനത്തില്ലാഞ്ഞകാലത്തും അധികാരത്തിലായിരിക്കെയും സോണിയയുടെ ചെയ്തികളുടെ വിലയിരുത്തല്‍ ഏറെ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടവയാണ്. നരസിംഹറാവു സര്‍ക്കാര്‍ മുതല്‍ 1998 വരെ അത് തുടര്‍ന്നു. രാജീവ് ഗാന്ധി പ്രതിയായ ബോഫോഴ്സ് കേസിലെ ഒരു പ്രതി ഒട്ടോവിയോ ക്വട്രോച്ചിയെന്ന ഇറ്റലിക്കാരന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നു കിട്ടിയ സഹായങ്ങള്‍ ഓര്‍മിക്കണം.
കോണ്‍ഗ്രസ് ഭരണത്തിലും കോണ്‍ഗ്രസ് നിയന്ത്രിത ഭരണത്തിലും ഇറ്റലിക്കാരനായ ക്വത്തറോച്ചിക്ക് ദല്‍ഹിയില്‍നിന്ന് കോലാംലംപൂരിലേക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടാക്കിയതില്‍ സോണിയാഗാന്ധിക്കുള്ള പങ്ക് ചെറുതല്ല. അതിനായി പ്രധാനമന്ത്രിയുടെ ഓഫീസ്, നയതന്ത്ര ഓഫീസ്, നിയമമന്ത്രാലയം, ആഭ്യന്തര വകുപ്പ്, പ്രതിരോധ മന്ത്രാലയം, ജുഡീഷ്യറി, അന്വേഷണ ഏജന്‍സികളായ സിബിഐയും മറ്റും, സംയുക്ത പാര്‍മെന്ററി കമ്മിറ്റി (ജെപിസി) തുടങ്ങി സകല സംവിധാനങ്ങളേയും കോണ്‍ഗ്രസ് ദുര്‍വിനിയോഗം ചെയ്തു.
1998 ലെ വാജ്പേയി സര്‍ക്കാര്‍ അണുബോംബ് പരീക്ഷിക്കാന്‍ തയാറായതിലെ ധൈര്യവും ചങ്കൂറ്റവും ബിജെപിയുടെ അഴിമതിവിരുദ്ധ നിലപാടും ബോഫോഴ്സ് പ്രതിരോധ ഇടപാടിലെ അഴിമതി ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു വിഷയമായതും കോണ്‍ഗ്രസിനെ പൂട്ടാനുള്ള നടപടി ആ വിഷയത്തില്‍ വാജ്പേയി സര്‍ക്കാരില്‍നിന്ന് ഉണ്ടായേക്കാമെന്ന ആശങ്കയും ബിജെപി സര്‍ക്കാരിനെ വീഴ്ത്താന്‍ പ്രയത്നിച്ച ‘വിശാല ഗൂഢാലോചന’യ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കാരണമായിരുന്നിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: