തിരുവനന്തപുരം: ഇന്ന് വാഹനങ്ങളെന്നത് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ചെറുതോ വലുതോ ആയ ഒരു വാഹനമെങ്കിലും ഇല്ലാത്ത വീട് ഇന്ന് ചുരുക്കമാണ്. എന്നാൽ വാഹനങ്ങളിലുള്ള അശ്രദ്ധമായ യാത്ര മിക്കപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. ഇവയിൽ ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പെടുന്നവയിൽ ഏറെയും. ഇരുചക്രവാഹനത്തിൽ ശരിയായ രീതിയിൽ ഇരുന്ന് യാത്ര ചെയ്യുക എന്നത് പ്രധാനമാണ്. അല്ലാത്ത പക്ഷം അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.
ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ കണ്ണുകൾ, തോളുകൾ, കൈമുട്ടുകൾ, കൈകൾ, ഇടുപ്പ്, കാൽമുട്ടുകൾ, പാദങ്ങൾ എന്നിവയ്ക്കെല്ലാം സുരക്ഷയുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുണ്ടെന്നും ഇവയുടെ സ്ഥാനം ഏങ്ങനെയായിരിക്കണമെന്നും മോട്ടോർ വാഹനവകുപ്പ് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഫേസ്ബുക്കിലൂടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. മറ്റ് വാഹനങ്ങളിലുള്ള സുരക്ഷാ മുൻകരുതലുകളെ അപേക്ഷിച്ച് ഇരുചക്ര വാഹനങ്ങളിൽ ക്രമീകരണങ്ങൾ കുറവാണെന്ന് കാട്ടിയാണ് എംവിഡി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
ഇരുമെയ്യാണെങ്കിലും…7.O
വാഹനങ്ങൾ ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ജീവിതത്തെ മുന്നോട്ട് നയിക്കാൻ യാത്രകൾ ഒഴിച്ചു കൂടാനാവത്തതുമായി. ചെറുതോ വലുതോ ഹ്രസ്വമോ ദീർഘമോ ആകട്ടെ വാഹനങ്ങളില്ലാത്ത ഒരു യാത്ര ഇന്ന് നമുക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. നാം വാഹനങ്ങളായി, നാമാണ് വാഹനങ്ങളല്ല യാത്ര ചെയ്യുന്നത് എന്ന ബോധ്യത്തിലേയ്ക്ക് മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇരുചക്രവാഹനയാത്രയിലെ മറ്റൊരു അനിശ്ചിതത്വമാണ് വാഹനത്തിന് മുകളിൽ നമ്മെ എങ്ങിനെ ഇരുത്തണം എന്നത്. നമ്മുടെ ശരീരത്തെ, സീറ്റിന് മുകളിൽ ശരിയായ രീതിയിൽ യഥാസ്ഥാനത്ത് യഥാവിധി ‘പ്രതിഷ്ഠിക്കേ’ണ്ടത് ഇരുചക്രവാഹനസുരക്ഷയ്ക്ക് ഏറ്റവും അത്യാവശ്യമായ സംഗതിയാണ്. ബാലൻസിംഗിനേയും ഡ്രൈവിംഗിനേയും സ്ഥിരതയേയും ബ്രേക്കിംഗിനേയും ഒക്കെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് നിസ്സാരമെന്ന് നാം കരുതുന്ന ഈ ‘ശകടാസനം’
ഇരുമെയ്യായ ഇരുചക്രവാഹനയാത്ര ഏറ്റവും അപകടം പിടിച്ച ഒന്നാണ്. ആദ്യഭാഗത്ത് സൂചിപ്പിച്ച പോലെ മനുഷ്യശരീരവും യന്ത്രശരീരവും ഒന്നായി മുന്നോട്ട് നീങ്ങേണ്ട പ്രവൃത്തിയാണ് ഡ്രൈവിംഗ് എന്നത്, പ്രത്യേകിച്ചും ഇരുചക്രവാഹനഡ്രൈവിംഗ്
മറ്റു വാഹനങ്ങളിൽ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നതിൽ നിന്നും തികച്ചും വിഭിന്നമാണ് ഇരുചക്രവാഹനസീറ്റുകൾ. പുറംതാങ്ങിയും കൈത്താങ്ങിയും ബെൽറ്റും സ്ഥാനക്രമീകരണസംവിധാനങ്ങളുമില്ല. മാത്രമല്ല, ഇതരവാഹനങ്ങളിൽ സ്വശരീരത്തെ വാഹനത്തോട് ചേർത്ത് നിർത്തുക എന്നതാണെങ്കിൽ ഇവിടെ വാഹനത്തെ ശരീരത്തോട് ഇറുകേ ചേർത്ത് പിടിച്ചുള്ള ഒരു ‘യോഗവിദ്യാ’പ്രയാണമാണ് ഇരുചക്രവാഹനത്തിന് മുകളിലെ ഇരുപ്പ് എന്നത്. അതൊരു ഒന്നൊന്നര ഇരിപ്പാണ്. ആ ഇരിപ്പ് ശരിയല്ലെങ്കിൽ പരിപ്പിളകും ചിലപ്പോൾ വിരിപ്പിടേണ്ടി വരും കിടപ്പ് ശരിയാക്കാൻ….
വാഹനങ്ങൾ ജീവിതത്തിന്റെ മാത്രമല്ല ശരീരത്തിന്റെ തന്നെ ഭാഗമായി മാറേണ്ടി വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നതിനാൽ നമ്മുടെ ദൈനംദിനോപയോഗത്തിന് ഒരു വാഹനം തിരഞ്ഞെടുക്കുമ്പോൾ, ഒരു ചെരുപ്പ് വാങ്ങുന്ന ജാഗ്രത ഇവിടേയും പ്രസക്തമാണ്.
സ്വകാര്യാവശ്യങ്ങൾക്ക് സ്വയം ഡ്രൈവ് ചെയ്യാനുദ്ദേശിച്ചാണ് ഒരു ഇരുചക്രവാഹനം നാം വാങ്ങുക. ഇന്ധനക്ഷമത, പ്രവർത്തനക്ഷമത, വില തുടങ്ങിയ നിരവധി മാനദണ്ഡങ്ങളേക്കാളേറെ, ആ വാഹനം നമ്മുടെ ശരീരപ്രകൃതിയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ളതാണോ എന്ന പരിശോധനയ്ക്കായിരിക്കണം പ്രാമുഖ്യം നൽകേണ്ടത്. വാഹനങ്ങൾ വാങ്ങുന്നതിന് മുൻപായി ടെസ്റ്റ് ഡ്രൈവുകൾ നടത്തുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ ergonomics ഓരോരുത്തരിലും വ്യത്യസ്തവുമായിരിക്കും എന്നത് മറക്കാതിരിക്കുക.
ഇന്നത്തെ ചിന്താവിഷയം ഇതാകട്ടെ :
ശകടാസനം വികടാസനമായാൽ അപകടാസനമാകും…..
അപകടം ആസന്നവുമാകും.
___________________________
എർഗണോമിക്സ്
1) കണ്ണുകൾ :-
റോഡിന്റെ വിശാലമായ കാഴ്ച തടസ്സപ്പെടാത്ത വിധം തല നേരെ പിടിച്ച് ചലിക്കുന്ന ദിശയിലേയ്ക്ക് തന്നെ നോക്കുക
2) തോളുകൾ :-
ആയാസരഹിതമായി വച്ച് നടു നിവർത്തി ഇരിക്കുക
3) കൈമുട്ടുകൾ :-
ആയാസരഹിതമായി അല്പം അയച്ച് പിടിക്കുക
4) കൈകൾ :-
പിടികളുടെ മദ്ധ്യഭാഗത്തായി, നിയന്ത്രണോപാധികളായ ലിവറുകളും സ്വിച്ചുകളും പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിധം പിടിയ്ക്കുക
5) ഇടുപ്പ് :-
സ്റ്റിയറിംഗ് ഹാൻഡിലും പെഡലുകളും അനായാസം പ്രവർത്തിപ്പിക്കാൻ പാകത്തിൽ ആയാസരഹിതമായി വയ്ക്കുക
6) കാൽമുട്ടുകൾ :-
വാഹനത്തിന്റെ ബാലൻസ് നിലനിർത്താൻ പാകത്തിൽ, ഫ്യുവൽ ടാങ്കിനോട് ചേർത്ത് വയ്ക്കുക
7) പാദങ്ങൾ :-
പാദത്തിന്റെ/പാദരക്ഷയുടെ മദ്ധ്യഭാഗം ഫൂട്ട് റെസ്റ്റിൽ അത്യാവശ്യം അമർത്തി കാൽപ്പാദം മുൻപിലേയ്ക്കായി മുൻഅഗ്രങ്ങൾ (Toes) ബ്രേക്ക്, ഗിയർ പെഡലുകളിൽ ലഘുവായി അമർത്തി വയ്ക്കുക.
NB : മറ്റുതരം വാഹനങ്ങളിലും ഗിയർ ഇല്ലാത്ത ഇരുചക്ര വാഹനങ്ങളിലും ശരിയായ ബാലൻസ് നിലനിർത്താൻ പാകത്തിൽ ശരീരഭാഗങ്ങൾ ക്രമീകരിച്ച് ഇരിപ്പ് ശരിയാക്കുക. അധികം മുൻപിലേയ്ക്കോ പുറകിലേയ്ക്കോ ആവാതെ വളരെ ആയാസരഹിതമായ ഒരു ഇരിപ്പ്, അവരവരുടെ ശരീരഘടനയ്ക്കനുസരിച്ച് ഉറപ്പുവരുത്തുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: