ഒമാനുപിന്നാലെ യു.എ.ഇയും അസാധാരണമായ കനത്ത മഴയും കൊടുങ്കാറ്റും ഇടിമിന്നലും മൂലം ദുരിതമനുഭവിക്കുന്നു. ദുബായില്‍ വലിയ വെള്ളപ്പൊക്കമാണുണ്ടായത്. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പ്രധാന ഹൈവേകളെല്ലാം മുങ്ങി. പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് ദുബായില്‍ ഏകദേശം 20 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
ഡ്രൈവറില്ലാ മെട്രോ സംവിധാനം തടസ്സപ്പെട്ടു. നിരവധി സ്റ്റേഷനുകളും വെള്ളത്തിനടിയിലായി. യുഎഇയിലുടനീളമുള്ള സ്കൂളുകള്‍ മുന്‍കൂട്ടി അടച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി, സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ ജോലിക്കെത്തിയില്ല. ദൈനംദിന ജീവിതത്തെ ബാധിക്കും വിധമുള്ള കാലാവസഥാ മാറ്റം ഭരണകൂടത്തെപ്പോലും അമ്പരപ്പിച്ചു. ഇത്രയും മഴ പതിവില്ലാത്തതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ആശയക്കുഴപ്പം നേരിടുന്നുണ്ട്.
വെള്ളത്തിനടിയിലായ തെരുവുകളില്‍ നിന്നും ഹൈവേകളില്‍ നിന്നും വെള്ളം പമ്പ് ചെയ്യാന്‍ ടാങ്കര്‍ ട്രക്കുകള്‍ വിന്യസിച്ചിട്ടുണ്ട്. വീടുകളില്‍ കാര്യമായ വെള്ളം കയറി. റാസല്‍-ഖൈമയില്‍ വെള്ളപ്പൊക്കത്തില്‍ വാഹനം ഒലിച്ചുപോയതിനെത്തുടര്‍ന്ന് വൃദ്ധന് മരിച്ചു.
അയല്‍രാജ്യമായ ഒമാനിലും കനത്ത മഴയാണ്. അവിടെ മരിച്ചവരുടെ എണ്ണം 18 ആയി. അപകടത്തില്‍പ്പെട്ടവരില്‍ 10 സ്കൂള്‍ കുട്ടികളും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: