ഒരു കുല കൊന്നപ്പൂവിനു പകരം നിറഞ്ഞുതുളുമ്പി നില്ക്കുന്ന ഒരു കൊന്നമരംതന്നെ കണികാണാന്‍ കിട്ടിയാലോ? ഇങ്ങനെയൊരു സമൃദ്ധിയാണ് കെ.ജി. ജയന് സംഗീതം നല്കിയ ‘മയില്‍പ്പീലി’ എന്ന ഭക്തിഗാന ആല്‍ബം.
രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ…, അണിവാകച്ചാര്‍ത്തില്‍ ഞാന്‍…, ചന്ദനചര്‍ച്ചിത…, ചെമ്പൈക്കു നാദം…, ഗുരുവായൂരപ്പാ നിന്…, ഹരികാംബോജി രാഗം…, നീയെന്നെ ഗായകനാക്കി…, ഒരു പിടി അവിലുമായി…, യമുനയില്‍ ഖരഹരപ്രിയ… എന്നിങ്ങനെ ഒന്നിനോടൊന്നു കിടപിടിക്കുന്ന ഒന്‍പത് കൃഷ്ണഗാനങ്ങള്‍… എല്ലാം പാടിയത് യേശുദാസ്! ഗാനരചനഎസ്.രമേശന് നായര്‍.
ഏതു വിഷാദിയുടെ ഹൃദയത്തിലും ആഹ്ലാദാനുഭവം നിറയ്ക്കുന്ന ഈ ഈണങ്ങള്‍ പിറന്നുതുപക്ഷേ, അത്യന്തം ദുഃഖഭരിതമായ മനസ്സില്‍നിന്നായിരുന്നു. രണ്ടു ശരീരവും ഒരാത്മാവുമായിരുന്ന സംഗീതജ്ഞരായിരുന്നു ജയവിജയന്മാര്. ഒന്നിച്ചുള്ള ആ സംഗീതയാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായി കെ.ജി.വിജയന് ഇഹലോകവാസം വെടിയുന്നത്. ഇരട്ട സഹോദരന്മാര് മാത്രമായിരുന്നില്ല, സഹയാത്രികരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാമായിരുന്നു ഇരുവരും.
ഓര്‍ക്കാപ്പുറത്തുണ്ടായ ഈ വിധിവിളയാട്ടം ജയനെ ഒട്ടൊന്നുമല്ല തളര്‍ത്തിയത്. പാട്ടിനോടുപോലും താല്പര്യം നഷ്ടപ്പെട്ട് ചിറകുപോയ പക്ഷിയെപ്പോലെ ജയന് കഴിഞ്ഞ നാളുകള്‍. ഏതാണ്ട് ഒരു വര്‍ഷം പിന്നിട്ട ഒരു നാളിലാണ് പ്രിയ സുഹൃത്ത് യേശുദാസിനെ തിരുവനന്തപുരത്തുവച്ച് കാണുന്നത്. ‘ഇങ്ങനെ ചടഞ്ഞുകൂടി ഇരിക്കാതെ പാട്ടിലേക്ക് മടങ്ങി വരൂ. ഇഷ്ടമുള്ള കുറേ കൃഷ്ണഭക്തി ഗാനങ്ങള്‍ ചെയ്യൂ. തരംഗിണി പ്രൊഡ്യൂസ് ചെയ്യാം…’ എന്ന് യേശുദാസ് നിര്‍ബന്ധ രൂപേണ പ്രോത്സാഹിപ്പിക്കുന്നു.
ആ അനുഭവത്തെപ്പറ്റി ഈ ലേഖകനോട് ജയന് പറഞ്ഞതിങ്ങനെ: ‘അന്ന് തിരുവനന്തപുരം ആകാശവാണിയില്‍ ജോലി ചെയ്തിരുന്ന എസ്.രമേശന് നായരെ എഴുത്തുകാരനായി നിര്‍ദേശിച്ചതും യേശുദാസ് തന്നെ. ഞാന്‍ അങ്ങനെ രമേശന് നായരുടെ വീട്ടിലെത്തി. യേശുദാസ് രമേശന് നായരെ വിളിച്ചു പറഞ്ഞു. അന്നു രാത്രി ഞങ്ങള്‍ രണ്ടുപേരുംകൂടി പാട്ടുണ്ടാക്കാനിരുന്നു. അദ്ദേഹം മുറിയില്‍ നടന്നുകൊണ്ടു വരികള്‍ പറഞ്ഞു. ഞാന്‍ അതു കടലാസിലേക്ക് എഴുതിയെടുത്തു, ഒപ്പം ഈണവും ജനിച്ചുകൊണ്ടിരുന്നു.
ഒരുപക്ഷേ, നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. പക്ഷേ, സത്യമാണ്. നേരം പുലര്‍ന്നപ്പോഴേക്കും ഇന്നു നിങ്ങള്‍ ‘മയില്‍പ്പീലി’ എന്ന ആല്‍ബത്തില്‍ കേള്‍ക്കുന്ന ഒന്‍പതു പാട്ടും പിറന്നുകഴിഞ്ഞിരുന്നു. ഒറ്റ രാത്രിയിലെ ഏതാനു മണിക്കൂറുകളിലാണ് അവ ജനിച്ചത്.’ ജയന് പറയുന്നു.
അന്നത്തെ ജയന്റെ അവസ്ഥയെപ്പറ്റി രമേശന് നായര്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെ:
‘എന്റെ വീട്ടിലെത്തിയിട്ടും ജയന് ശാന്തനായിരുന്നില്ല. വിജയന്റെ വേര്‍പാടിലുള്ള സങ്കടത്തില്‍ അത്രമേല്‍ അദ്ദേഹം ഉലഞ്ഞിരുന്നു. സഹോദരന്റെ മരണത്തില്‍ ഇതുപോലെ തളര്‍ന്നുപോയ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. ദുഃഖത്തില്‍നിന്നു കരകയറാന്‍ അദ്ദേഹത്തെ എങ്ങനെയും സഹായിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നു. ജയനെ തിരിച്ചു സംഗീതത്തിലേക്കു കൊണ്ടുവരാനായി എന്തുവേണമെങ്കിലും നാം ചെയ്യണമെന്നു യേശുദാസ് നിര്‍ദേശിച്ചിരുന്നു. അതുകൊണ്ട് അന്നുതന്നെ പാട്ടുകള്‍ തുടങ്ങിയേക്കാം എന്നു കരുതി.
പക്ഷേ, ഒരു രാത്രികൊണ്ട് എല്ലാം പൂര്‍ത്തിയാവുമെന്നു കരുതിയതേയില്ല. എന്റെ കഴിവല്ല, ഞാന്‍ ഭഗവാന്റെ ഗുമസ്തന് മാത്രം. ഭഗവാന് എന്നോടു മന്ത്രിച്ചതു ഞാന്‍ വരികളാക്കി എന്നു മാത്രം. എസ്.രമേശന് നായര്‍ സാക്ഷ്യപ്പെടുത്തുന്നു.
പിറ്റേന്നുതന്നെ കെ.ജി.ജയനും രമേശന് നായരുംകൂടി തരംഗിണിയിലെത്തി യേശുദാസിനോട് പാട്ടുകള്‍ തയാറാണെന്ന് അറിയിച്ചു. ആല്‍ബത്തിലെ ‘ചന്ദനചര്‍ച്ചിതം…’ എന്ന ഒരുപാട്ടു മാത്രമേ യേശുദാസ് കേട്ടുള്ളൂ. ‘ഒരുപാട്ടുകൊണ്ടുതന്നെ തൃപ്തിയായി. വേറെയൊന്നും കേള്‍ക്കേണ്ട. എത്രയും വേഗം റിക്കോര്‍ഡ് ചെയ്തേക്കാം എന്ന് അദ്ദേഹം പറഞ്ഞു.’ ജയന് പറഞ്ഞു.
വന്‍ഹിറ്റായി ഈ ആല്‍ബം. എത്രലക്ഷം കോപ്പി വിറ്റുവെന്നു കൃത്യമായ കണക്കുപോലും കാണില്ല. ഭക്തിഗാനമെന്നതിനേക്കാള്‍ ലളിതഗാനമായാണു മലയാളികള്‍ ഇത് ആസ്വദിച്ചതെന്നു കരുതാം. മനോഹരമായ രചനയും സംഗീതവും സുഭഗമായ ആലാപനവും ഒത്തിണങ്ങിയ ആല്‍ബം. കസെറ്റില്‍ സംഗീതത്തിന്റെ ക്രെഡിറ്റില്‍ സഹോദരന്റെ പേരു കൂടി ചേര്‍ത്ത് ‘ജയവിജയ’ എന്നെഴുതണമെന്ന ജയന്റെ നിര്‍ദേശം യേശുദാസ് അംഗീകരിച്ചു.
മയില്‍പ്പീലി ആല്‍ബത്തിലെ മറ്റ് എട്ടു പാട്ടില്‍നിന്ന് തികച്ചും ഭിന്നമാണ് ‘രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ ഞാന്‍ പാടും ഗീതത്തോടാണോ’ എന്ന സംഗീതം. മറ്റുള്ളവയേക്കാള്‍ അയഞ്ഞ, ആഹ്ലാദഭരിതമായ ഈണം. ഈ വ്യത്യാസത്തിന്റെ രഹസ്യം ജയന് വെളിപ്പെടുത്തി. ‘പാട്ടുകള്‍ ചെയ്ത് ഏതാണ്ട് അര്‍ധരാത്രി ആയപ്പോള്‍ അല്പം വിശ്രമിക്കാനിരുന്നു. അപ്പോള്‍ രമേശന് നായര്‍ ടിവി ഓണ്‍ ചെയ്തു. ടിവിയില്‍ ഒരു ഗസലാണ് കണ്ടത്. ആ ഈണം എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു. അതിന്റെ സ്വാധീനത്തില്‍ ഞാന്‍ അപ്പോള്‍ത്തന്നെ ഉണ്ടാക്കിയ ട്യൂണാണ് ‘രാധതന്‍ പ്രേമത്തോടാണോ….’. അത് ഏത് ഹിന്ദുസ്ഥാനി രാഗമാണെന്ന് എനിക്ക് ഇന്നും അറിയില്ല. ആഭേരിയുടെ ഛായ ഉണ്ടെന്നു മാത്രം.’
ആല്‍ബത്തില്‍ ട്യൂണിട്ടിട്ട് എഴുതിയ ഏകഗാനവും ഇതുതന്നെ. മറ്റെല്ലാം എഴുതിയശേഷം ചെയ്ത സംഗീതമാണ്.
യേശുദാസിന് ഗുരുവായൂര്‍ അമ്പലത്തില്‍ പ്രവേശനം നിഷേധിച്ചതു സംബന്ധിച്ച ചര്‍ച്ച നടക്കുന്ന കാലമായിരുന്നു അത്. ‘നീയെന്നെ ഗായകനാക്കി…’ എന്ന ഗാനത്തിലെ ചരണം ഇങ്ങനെ:
‘ഗുരുവായൂരില്‍ പാടൂമ്പോളെന്‍
ഹൃദയം പത്മപരാഗമോ
പരിഭവമെന്‍ അനുരാഗമോ?’
എന്ന വരികളില്‍ കേവലം ഭക്തിക്കപ്പുറം എന്തെങ്കിലുമുണ്ടോ?
‘നിങ്ങളുടെ സംശയം സത്യമാണ്.’ രമേശന് നായര്‍ പറഞ്ഞു. ‘യേശുദാസിനു ഗുരുവായൂരില്‍ വിലക്ക് ഏര്‍പ്പെടുത്തിയതു മനസ്സില്‍വച്ചുകൊണ്ടുതന്നെയാണ് ഞാന്‍ അത് എഴുതിയത്. ‘രാധതന്‍ പ്രേമത്തോടാണാ….’ എന്ന ഗാനവും ഞാന്‍ ഇതു ധ്വനിപ്പിച്ച് എഴുതിയതാണ്.
ഒരു കൗതുകം കൂടി: മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും കവി എസ്.രമേശന് നായരും തമ്മില്‍ ‘ശതാഭിഷേകം’ എന്ന ആക്ഷേപഹാസ്യ നാടകത്തെ തുടര്‍ന്ന് കടുത്ത പിണക്കത്തിലായല്ലോ. രമേശന് നായര്‍ക്ക് ആകാശവാണിയിലെ ജോലി നഷ്ടപ്പെടുന്നതിലെത്തി കാര്യങ്ങള്‍. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ കരുണാകരനോട് ചോദിക്കുന്നു.
‘ഗുരുവായൂരപ്പന്റെ ഭക്തനായ അങ്ങേക്ക് ഏറ്റവും ഇഷ്ടമുള്ള കൃഷ്ണഭക്തിഗാനം ഏതാണ്?’
കരുണാകരന്റെ മറുപടി: ‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’ (മയില്‍പ്പീലി)
എത്ര കൊടിയ പിണക്കങ്ങള്‍ക്കും ഇത്രയേ ആയുസ്സുള്ളൂ. ഒരു പുഴയും എക്കാലവും കലങ്ങിത്തന്നെ ഒഴുകുകയില്ലല്ലോ…
വിജയനില്ലാതെങ്ങനാ…
വിജയനില്ലാതെയില്ല ഞാന്‍ വേദിയിലേക്ക് ഇതായിരുന്നു സഹോദരന്റെ വേര്പാടിന് ശേഷം സംഗീതജ്ഞന് ജയന്റെ നിലപാട്. അതിന് മാറ്റം വരുത്തിയത് നാഗമ്പടം ക്ഷേത്രോത്സവത്തില്‍ ഭാരവാഹികളുടെ നിര്‍ബന്ധം ഒന്നുകൊണ്ടുമാത്രം.
1988ലായിരുന്നു സഹോദരന് വിജയന്റെ ആകസ്മിക വേര്‍പാട്. ഇരുവരും ചേര്‍ന്ന് കോട്ടയം നാഗമ്പടം ശിവക്ഷേത്രത്തില്‍ ആറാട്ട് ദിവസം കച്ചേരി നടത്താമെന്ന് ഏറ്റിരുന്നു. സഹോദരന്റെ വേര്പാടിന് പിന്നാലെ ഏറ്റിരുന്ന കച്ചേരി ഒറ്റയ്ക്ക് നടത്താന്‍ കമ്മറ്റിക്കാര് ക്ഷണിച്ചപ്പോള്‍ ഒഴിഞ്ഞുമാറാനാണ് ജയന് ശ്രമിച്ചത്. വിജയനില്ലാതെങ്ങനാ… എന്നായിരുന്നു ജയന്റെ മനസ്സില്‍. എന്നാല്‍ സംഘാടകര്‍ പിടിവിട്ടില്ല. പലതവണ ആലോചിച്ചു. ‘പോകണം, നീ പോയി പാടണം’ എന്ന ഉള്ളില്‍ നിന്നുള്ള പറച്ചില് നീറുന്ന വേദനയോടെ ജയനെ വീണ്ടും സംഗീത വേദിയില്‍ എത്തിച്ചു.
വിജയനോടൊപ്പം നിരവധി വേദികളില്‍ പാടിയ ഭക്തിഗാനങ്ങള്‍ പാടിത്തുടങ്ങിയപ്പോള്‍, പാട്ട് പൂര്‍ത്തിയാക്കാനാവാതെ വേദിയില്‍ തളര്‍ന്നിരുന്നു ജയന്. പിന്നീട് ഭക്തിഗാനങ്ങളിലൂടെയും കച്ചേരികളിലൂടെയും ജയന് സംഗീത യാത്ര തുടര്‍ന്നു. ഈ യാത്രയുടെ ഇടയിലാണ് എസ്. രമേശന് നായര്‍-ജയന്-യേശുദാസ് കൂട്ടുകെട്ടിലൂടെ മലയാളത്തിലെ ഭക്തിഗാന ചരിത്രത്തില്‍ത്തന്നെ ഏറ്റവും വിറ്റഴിഞ്ഞ ആല്‍ബങ്ങളില്‍ ഒന്നായി മാറിയ ‘മയില്‍പ്പീലി’ പുറത്തിറങ്ങിയത്. രാധ തന് പ്രേമത്തോടാണോ, നീയെന്നെ ഗായകനാക്കി, ചെമ്പൈക്ക് നാദം നിലച്ചപ്പോള്‍ തുടങ്ങിയ മയില്‍പ്പീലി ആല്‍ബത്തിലെ ഗാനങ്ങള്‍ ഇന്നും മലയാളി മനസ്സുകളില്‍ നിന്ന് മാഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: