ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ക്കൂടി കേരളത്തിലെത്തിയതോടെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണി നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്. തൃശൂര്‍ കുന്നംകുളത്തും തിരുവനന്തപുരം കാട്ടാക്കടയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനുവേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി, കേരളത്തിലെ ജനവിരുദ്ധ ഭരണത്തെ കടന്നാക്രമിക്കുക തന്നെ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും മകളും ആരോപണവിധേയരായ സ്വര്‍ണക്കടത്ത്-മാസപ്പടി അഴിമതി കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ ഒരു കാരണവശാലും പിന്നോട്ടുപോകില്ലെന്ന വ്യക്തമായ സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്. മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ മകളെ പേരെടുത്തു പറയാന്‍ പ്രധാനമന്ത്രി തയ്യാറായി എന്ന പ്രത്യേകതയുമുണ്ട്. സ്വകാര്യ കമ്പനിയില്‍നിന്ന് ഐടി സേവനത്തിനെന്ന പേരില്‍ മുഖ്യമന്ത്രിയുടെ മകള്‍ കോടികള്‍ മാസപ്പടിയായി വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നിര്‍ണായകഘട്ടത്തിലെത്തിയിരിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി അധികൃതര്‍ക്ക് ഇ ഡി നോട്ടീസ് അയയ്ക്കുകയും ചിലര്‍ ഹാജരാവുകയും ചെയ്തിട്ടുണ്ട്. അടുത്തത് മുഖ്യമന്ത്രിയുടെ മകളാണെന്ന് വാര്‍ത്തകള്‍ വന്നുതുടങ്ങി. മുഖ്യമന്ത്രിയെന്നനിലയ്ക്കുള്ള പിണറായിയുടെ അധികാരം ഉപയോഗിച്ചാണ് മകള്‍ കരിമണല്‍ കമ്പനിയില്‍നിന്ന് പണം വാങ്ങിയതെന്ന് ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. ചോദ്യം ചെയ്യലില്‍ ഇതിന്റെ വിശദാംശങ്ങള്‍ ഇ ഡി ആരായുമെന്നുറപ്പാണ്. ഇത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പാവങ്ങളുടെ പണം കൊള്ളചെയ്തവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സിപിഎമ്മിനും ഇടതുമുന്നണിക്കുമുള്ള താക്കീതാണ്. ഈ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ കോടിക്കണക്കിന് രൂപ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കുമെന്നും, ഇതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പ്രധാനമന്ത്രി കുന്നംകുളത്ത് പറഞ്ഞത് തട്ടിപ്പിനിരയായവര്‍ക്ക് വലിയ ആശ്വാസമാണ്. ഈ കേസില്‍ 54 പ്രതികളില്‍നിന്നായി ഇതുവരെ 100 കോടിയിലേറെ രൂപ കണ്ടുകെട്ടിയിട്ടുണ്ടെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ പുതിയ വകുപ്പുപ്രകാരം ഈ പണം നിക്ഷേപകര്‍ക്ക് നല്‍കാനാവുമെന്നും ഇഡി എറണാകുളത്തെ പ്രത്യേക കോടതിയില്‍ അറിയിച്ചിരിക്കുകയാണ്. കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് നീതി ലഭ്യമാക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഇ ഡിയുടെ നടപടിയോട് ചേര്‍ത്തുവായിക്കാവുന്നതാണ്. സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും അഴിമതിയാണ് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ത്തതെന്നു പറഞ്ഞ പ്രധാനമന്ത്രി, കേന്ദ്ര സര്‍ക്കാര്‍ വികസനത്തിനു നല്കിയ പണം നിത്യനിദാന ചെലവുകള്‍ക്ക് ഉപയോഗിക്കുകയാണെന്നും വിമര്‍ശിച്ചു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ജനവിരുദ്ധ നയങ്ങളെയും നടപടികളെയും പ്രധാനമന്ത്രി തുറന്നുകാണിച്ചത് തെരഞ്ഞെടുപ്പില്‍ മാറിച്ചിന്തിക്കാന്‍ വോട്ടര്‍മാരെ പ്രേരിപ്പിക്കും. ഇടതു-വലതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കേരളത്തിന്റെ വികസനത്തിന് വോട്ടുതേടുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പുതിയ ആവേശം പകര്‍ന്നിരിക്കുകയാണ്.
അനുഗൃഹീത സംഗീതജ്ഞന്
കര്‍ണാടക സംഗീതത്തിലും സംഗീത സംവിധാനത്തിലും മൂല്യവത്തായ സംഭാവനകള്‍ നല്കിയ കെ.ജി.ജയന്റെ വേര്‍പാട് സംഗീതസാന്ദ്രമായ ഒരു കാലഘട്ടത്തിന്റെ അന്ത്യമാണ്. കോട്ടയത്ത് മീനച്ചിലാറിന്റെ തീരത്ത് കടമ്പൂത്തറ മഠത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യനായിരുന്ന ഗോപാലന് തന്ത്രിയുടെ ഇരട്ടമക്കളില്‍ ഒരാളായിരുന്ന ജയന് സംഗീതം ജന്മസിദ്ധമായി ലഭിച്ചതാണ്. ആറാംവയസ്സില്‍ സംഗീതലോകത്ത് പ്രവേശിച്ച ഈ സഹോദരന്മാര്ക്ക് രാമന് ഭാഗവതര്‍, മാവേലിക്കര രാധാകൃഷ്ണ അയ്യര്‍, ബാലമുരളി കൃഷ്ണ, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നിവരെ ഗുരുക്കന്മാരായി ലഭിച്ചത് വലിയ അനുഗ്രഹമായി. ഭാരതത്തിലുടനീളം സഞ്ചരിച്ച് കര്‍ണാടക സംഗീതത്തെ ജനകീയമാക്കുന്നതില്‍ ജയവിജയന്മാര് വലിയ പങ്കുവഹിച്ചു. ഇടയ്ക്ക് വിജയന് ജീവിതത്തോട് യാത്ര പറഞ്ഞെങ്കിലും ഒരിടവേളയ്ക്കുശേഷം ജയന് സംഗീതയാത്ര തുടര്‍ന്നു. മലയാള-തമിഴ് സിനിമാ ഗാനരംഗത്ത് ഒരുപിടി നല്ല ഗാനങ്ങള്‍ക്ക് സംഗീതം പകരാന്‍ ജയവിജയന്മാര്ക്ക് കഴിഞ്ഞു. ഈ പാട്ടുകള്‍ ഇന്നും നിത്യഹരിതമായി നിലനില്ക്കുന്നു. നക്ഷത്രദീപങ്ങള്‍ തിളങ്ങി…, ഹൃദയം ദേവാലയം…, ഈണം പാടി തളര്‍ന്നല്ലോ… തുടങ്ങിയവ ജയവിജയന്മാരുടെ സംഗീതത്തില്‍ പിറന്ന അനശ്വരഗാനങ്ങളാണ്. ലളിതഗാനരംഗത്തും ഭക്തിഗാനരംഗത്തും കയ്യൊപ്പു ചാര്‍ത്താന്‍ ഇവര്‍ക്കു കഴിഞ്ഞു. വിജയന്റെ വേര്‍പാടിനുശേഷം സംഗീതരംഗത്തുനിന്ന് അകന്നുനിന്ന ജയന് മയില്‍പ്പീലി എന്ന കാസെറ്റിലെ ഭക്തിഗാനങ്ങളിലൂടെ സംഗീത മഴ പെയ്യിച്ച് വീണ്ടും ആസ്വാദകരുടെ മനസ്സില്‍ ഇടംനേടി. പത്മശ്രീ അടക്കം നിരവധി പുരസ്കാരങ്ങളും ബഹുമതികളും നേടിയ ജയന്റെ പാട്ടുകള്‍ക്ക് ഒരിക്കലും മരണമുണ്ടാവില്ല. ജന്മഭൂമിയുടെ അഭ്യുദയകാക്ഷിയായിരുന്ന ഈ മഹാസംഗീതജ്ഞന് ഞങ്ങളുടെ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: