ന്യൂദല്‍ഹി: ഛത്തീസ്ഗഡ് ബസ്തര്‍ മേഖലയിലെ ഏറ്റവും ശക്തമായ മാവോയിസ്റ്റ് വിരുദ്ധ നീക്കത്തില്‍ 29 കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു. തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റ് ഭീകര നേതാവ് ശങ്കര്‍ റാവുവും കൊല്ലപ്പെട്ടവരിലുണ്ട്.
കാംഗോര്‍ ജില്ല കേന്ദ്രീകരിച്ച് ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും ബിഎസ്എഫും സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്. മൂന്നു സേനാംഗങ്ങള്‍ക്കു പരിക്കേറ്റു. എകെ 47 ഉള്‍പ്പെടെയുള്ള വന്‍ ആയുധ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്. മാവോയിസ്റ്റുകളെ നേരിടാന്‍ 2008ല്‍ പ്രത്യേകം രൂപീകരിച്ചതാണ് ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കു ശേഷമാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഛോട്ടെബെടിയ പോലീസ് സ്റ്റേഷനു കീഴിലെ ബിനാഗുണ്ടയ്ക്കു സമീപത്തെ വനപ്രദേശത്തായിരുന്നു പ്രധാന ഏറ്റുമുട്ടല്‍. ബിഎസ്എഫ് ജവാന്മാര് അപകടനില തരണം ചെയ്തെങ്കിലും ഡിആര്‍ജി അംഗമായ സൈനികന്റെ നില ഗുരുതരമാണ്. പതിവു പട്രോളിങ്ങിനിറങ്ങിയ ഡിആര്‍ജി-ബിഎസ്എഫ് സംഘത്തിനു നേരേ വന പ്രദേശത്തു നിന്നു മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. എകെ 47 കൂടാതെ ഇന്‍സാസ് റൈഫിളുകളും പ്രദേശത്തു നിന്ന് പിടിച്ചെടുത്തു.
കഴിഞ്ഞ മാസം ജില്ലയിലെ മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റും സൈനികനും കൊല്ലപ്പെട്ടിരുന്നു. അന്നും തോക്കുകളും മറ്റു സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. കാംഗറില്‍ ഫെബ്രുവരിയില്‍ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. ഛത്തീസ്ഗഡില്‍ വെള്ളിയാഴ്ച ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പു നടക്കാനിരിക്കേയാണ് ഏറ്റുമുട്ടല്‍. വിഷ്ണുദേവ് സായിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം മാവോയിസ്റ്റ് വിരുദ്ധ നീക്കം ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: