Categories: Kerala

മൂല്യനിര്‍ണയത്തില്‍ വെട്ടിക്കുറച്ച ദിനബത്ത അനുവദിക്കണം: അധ്യാപക പരിഷത്ത്

Published by

തിരുവനന്തപുരം: എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് 16 ദിവസത്തെയും ദിനബത്ത അനുവദിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനം നല്കി.

ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 16 മുതല്‍ 20 വരെയും രണ്ട് സ്‌പെല്ലുകളായാണ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ആദ്യ സ്‌പെല്ലില്‍ ഏഴാം തീയതിയിലെ ഞായറാഴ്ചയും പത്താം തീയതിയിലെ ഈദുല്‍ ഫിത്തറും ഇന്റര്‍വീനിങ് അവധി ദിനങ്ങളായി വരുന്നുണ്ട്. സാധാരണ ഇത്തരം അവധി ദിവസങ്ങളില്‍, ബ്രേക്ക് നല്‍കി യാത്രപ്പടി നല്‍കുന്നത് ഒഴിവാക്കാനായി ദിനബത്ത അനുവദിക്കുകയാണ് പതിവ്. അങ്ങനെയെങ്കില്‍, മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് 16 ദിവസത്തെ ദിനബത്തക്ക് അര്‍ഹതയുണ്ട്. എന്നാല്‍ ഈ രീതിക്ക് മാറ്റംവരുത്തി, 14 ദിവസത്തെ ദിനബത്ത അനുവദിച്ചാല്‍ മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയത്. അധ്യാപകര്‍ക്ക് അര്‍ഹതപ്പെട്ട 2 ദിവസത്തെ ദിനബത്ത വെട്ടിക്കുറയ്‌ക്കാനുള്ള നിര്‍ദേശം അടിയന്തരമായി പുനഃപരിശോധിക്കണം. പതിറ്റാണ്ടുകളായി അധ്യാപക സമൂഹം അനുഭവിച്ചുവരുന്ന നിരവധി ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്ത സര്‍ക്കാര്‍ ഒടുവില്‍ മൂല്യനിര്‍ണയത്തിലും കൈവെച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ദിനബത്ത വെട്ടിക്കുറച്ച നിര്‍ദേശം പിന്‍വലിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by