ഭോപാല്‍: അയ്യപ്പ ധര്‍മവും ശബരിമല തീര്‍ത്ഥാടനവും ലോകത്തിന് തന്നെ മാതൃകയാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ശബരിമല അയ്യപ്പ സേവാസമാജം മധ്യഭാരത് പ്രാന്ത ഘടകം ഭോപാല്‍ ഹേമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച വിഷു സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിമത ചിന്തകള്‍ക്ക് അതീതമായി എല്ലാവരെയും ഒരുമിപ്പിക്കുന്നതാണ് ശബരിമല തീര്‍ത്ഥാടനം. ഒരു അമ്മ എഴുതി, ഈശ്വര വിശ്വാസം ഇല്ലാത്ത ഒരു സംഗീതജ്ഞന്‍ ഈണം നല്‍കി ക്രിസ്തുമത വിശ്വാസിയായ ഒരാള്‍ പാടിയ ഹരിവരാസനം ആണ് മല മുകളില്‍ അയ്യന്റെ നട അടയ്‌ക്കുന്നതിന് മുന്‍പ് ഭക്തജന ലക്ഷങ്ങള്‍ ഉരുവിടുന്നത്, അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മാത്രമല്ല, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തങ്ങളായ പേരുകളില്‍ വിഷു നവ വര്‍ഷം ആഘോഷിക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരും തലമുറയ്‌ക്ക് സംസ്‌കൃതി, ആചാരം, അനുഷ്ഠാനങ്ങള്‍ എന്നിവ മനസ്സിലാക്കുവാന്‍ ഉള്ള അവസരം ഒരുക്കണം. ലോകം മുഴുവന്‍ ഉറ്റ് നോക്കുന്ന ഹൈന്ദവ സാംസ്‌കാരിക വിപ്ലവത്തിന് ഇത്തരം ഒത്തുചേരലുകള്‍ കാരണമാകണം, നന്ദകുമാര്‍ പറഞ്ഞു.
മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് പരിപാടിയില്‍ വിഷു ആശംസകള്‍ നേര്‍ന്നു. മഖന്‍ ലാല്‍ ചതുര്‍വേദി വിശ്വവിദ്യാലയം വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ.കെ.ജി.സുരേഷ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ഭോപാല്‍ വിഭാഗ് സംഘചാലക് സോംകാന്ത് ഉമാല്‍ക്കര്‍ വിശിഷ്ടാതിഥിയായിരുന്നു.
ഭക്തി ഗീതങ്ങള്‍, തിരുവാതിര, ഭരതനാട്യം, അയ്യപ്പ സ്തുതിയില്‍ ചിട്ടപ്പെടുത്തിയ നൃത്തനൃത്യങ്ങള്‍, ഹരിവരാസനം തുടങ്ങിയവ പരിപാടിക്ക് മിഴിവേറ്റി.
ചടങ്ങില്‍ ശബരിമല ഗുരുസ്വാമിമാര്‍, അയ്യപ്പക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി സേവനം അനുഷ്ഠിക്കുന്നവര്‍, സിവില്‍ സര്‍വീസില്‍ ഉന്നത സേവനം കാഴ്ചവെച്ച മലയാളികള്‍, പരിപാടി അവതരിപ്പിച്ച കലാകാരന്മാര്‍ എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: