വികസന, ക്ഷേമ പദ്ധതികളും നയപരിപാടികളും ഭരണനിര്‍വഹണ നടപടികളുമെല്ലാം മുന്‍കൂട്ടി പ്രഖ്യാപിച്ചുകൊണ്ടുതന്നെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷം രാജ്യത്ത് ഭരണം നടത്തിയത്. 2014ലേയും 2019ലേയും പൊതു തെരഞ്ഞെടുപ്പുകളെ അഭിസംബോധന ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനങ്ങളോരോന്നും മോദി സര്‍ക്കാര്‍ പിന്നീടുള്ള ദിനങ്ങളില്‍ നടപ്പാക്കി. ജനങ്ങളെ പറ്റിക്കാനും പൊതുസമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനുമുള്ള പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി തെരഞ്ഞെടുപ്പ് പ്രകടന പത്രികകളെ മാറ്റിയ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ വേറിട്ടതായി ബിജെപി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ പതിവിലും കൂടുതലായി ബിജെപി പ്രകടന പത്രികയ്ക്കായി രാജ്യത്തെ മാധ്യമങ്ങളും പൊതുജനങ്ങളും ഇത്തവണ കാത്തുനിന്നു. പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പ്രകടന പത്രിക, മൂന്നാമൂഴത്തില്‍ രാജ്യത്ത് നടപ്പാക്കുന്ന ക്ഷേമ പദ്ധതികള്‍ എന്തെന്ന് വിശദമാക്കുന്നു. രാജ്യത്തെ പൊതുബജറ്റ് പ്രഖ്യാപനത്തിന്റെ അതേ പ്രാധാന്യത്തോടെ ബിജെപിയുടെ പ്രകടന പത്രിക അവതരണം ശ്രദ്ധിക്കപ്പെടുകയാണ്.
ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ പരിഗണനകള്‍ക്കതീതമായി 140 കോടി ജനങ്ങളെയും ഒന്നായി കണ്ടുകൊണ്ട് മോദിസര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ വിജയഗാഥ വിശദീകരിച്ചുകൊണ്ടാണ് ബിജെപി പ്രകടന പത്രിക ആരംഭിക്കുന്നത്. 80 കോടി ജനങ്ങള്‍ക്ക് ഗരീബ് കല്യാണ്‍ അന്നയോജന വഴി സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതും അമ്പതു കോടിയിലധികം പേര് ജന്‍ധന്‍ അക്കൗണ്ട് വഴി ബാങ്കിംഗ് ശൃംഖലയുടെ ഭാഗമായതും 34 ലക്ഷം കോടി രൂപ സബ്സിഡി ഇനത്തില്‍ ജനങ്ങള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ വിതരണം ചെയ്തതും പത്തുവര്‍ഷത്തെ സദ്ഭരണ നേട്ടങ്ങളായി ബിജെപി അവതരിപ്പിച്ചിരിക്കുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ അഞ്ചുലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് 34 കോടിയിലധികം പേര്‍ക്ക് നല്കിയതും നാലുകോടിയിലധികം വീടുകള്‍ പിഎം ആവാസ് യോജന പ്രകാരം നിര്‍മ്മിച്ചു നല്കിയതും 14 കോടിയിലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കിയതും നേട്ടങ്ങളാണ്. ഇതിനെല്ലാം ഉപരിയായി രാജ്യത്തെ 25 കോടിയിലേറെ വരുന്ന അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തി നല്കിയ ഭരണാധികാരിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചരിത്രം വിലയിരുത്തും.
പത്തുകോടിയിലേറെ സ്ത്രീകള്‍ക്ക് സൗജന്യ പാചക വാതക കണക്ഷനുകള്‍ നല്കിയ ഉജ്വല പദ്ധതിയും മുസ്ലിം വനിതകളെ മുത്തലാക്ക് എന്ന ദുരാചാരത്തില്‍ നിന്ന് മുക്തരാക്കിയതും സ്വച്ഛ് ഭാരത് മിഷന് വഴി 11 കോടിയിലേറെ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചതും മിഷന് ഇന്ദ്രധനുഷ് പദ്ധതി വഴി ആറുകോടിയിലേറെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും വാക്സിന് നല്കിയതും പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി ഉയര്‍ത്തിയതും ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കിയതും മൂന്നുകോടിയിലേറെ സ്ത്രീകള്‍ക്ക് പിഎം മാതൃവന്ദന യോജന പ്രകാരം പ്രസവപരിരക്ഷ നല്കിയതും രാജ്യത്തെ എഴുപത് കോടിയിലേറെ വരുന്ന സ്ത്രീകളോടുള്ള മോദിയുടെ കരുതലിന്റെ അടയാളങ്ങളാണ്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തിയ നാരീശക്തി വന്ദന്‍ അധിനിയം പാര്‍ലമെന്റില്‍ പാസാക്കി വനിതാ ശാക്തീകരണത്തെ അധികാര, നിയമനിര്‍മ്മാണ മേഖലകളിലേക്ക് കൂടി ഉറപ്പാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
മുദ്രായോജന പ്രകാരം 46കോടിയിലേറെ വായ്പകളിലായി 27 ലക്ഷം കോടി രൂപയാണ് പുതിയ സംരംഭങ്ങള്‍ക്കായി മോദിസര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ വഴി അനുവദിച്ചത്. 7 പുതിയ ഐഐടികളും 16 ഐഐഐടികളും 7 ഐഐഎമ്മുകളും 15 എയിംസുകളും 315 മെഡിക്കല്‍ കോളജുകളും 390 സര്‍വ്വകലാശാലകളും പത്തുവര്‍ഷം കൊണ്ട് രാജ്യത്ത് പുതിയതായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പിഎം കൗശല്‍ വികാസ് യോജന പ്രകാരം ഒന്നരക്കോടി യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യം നല്‍കിയും വിവിധ പ്രോത്സാഹന നടപടികളിലൂടെ ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സംവിധാനമായും രാജ്യം മാറി. 11 കോടിയിലേറെ വരുന്ന രാജ്യത്തെ കര്‍ഷകര്‍ക്കാണ് പിഎം കിസാന്‍ പദ്ധതി വഴി പ്രതിവര്‍ഷം ആറായിരം രൂപ വീതം നല്‍കുന്നത്. കുറഞ്ഞ താങ്ങുവിലയില്‍ വരുത്തിയ വലിയ വര്‍ദ്ധനവും പത്തുവര്‍ഷത്തിനിടെ കാര്‍ഷിക മേഖലയുടെ ബജറ്റ് വിഹിതം അഞ്ചിരട്ടിയായി ഉയര്‍ത്തിയതും പിഎം വിള ഇന്‍ഷുറന്‍സ് വഴി നാലുകോടിയിലേറെ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതും മോദിസര്‍ക്കാരിനെ ജനപ്രിയമാക്കുന്നു. വളം സബ്സിഡിയായി 11 ലക്ഷം കോടി രൂപയാണ് ഇതുവരെ മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ചെലവഴിച്ചത്.
പിഎം സ്വനിധി പദ്ധതിവഴി 63 ലക്ഷത്തിലധികം വഴിയോര കച്ചവടക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയും 13,000 കോടി രൂപയുടെ വിശ്വകര്‍മ്മ യോജന നടപ്പാക്കിയും ഗിരിവര്‍ഗ്ഗ ജനതയ്ക്കായി 24,000 കോടി രൂപയുടെ പിഎം ജന്മന് യോജന നടപ്പാക്കിയും അതിര്‍ത്തി ഗ്രാമങ്ങളില്‍ വികസനം നടപ്പാക്കാന്‍ 4,800 കോടി രൂപ ചിലവഴിച്ചും രാജ്യത്തെ സാധാരണക്കാര്‍ക്കൊപ്പമാണ് തങ്ങളെന്ന് മോദി സര്‍ക്കാര്‍ തെളിയിച്ചു.
2014ന് ശേഷം രാജ്യത്തെ നഗരങ്ങളിലൊന്നും വലിയ ഭീകരാക്രമണങ്ങള്‍ ഉണ്ടാവാതെ സുരക്ഷ ഉറപ്പാക്കിയ മോദി സര്‍ക്കാര്‍ ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞ നടപടിയിലൂടെ ആഭ്യന്തര സുരക്ഷിതത്വം കൂടുതല്‍ കര്‍ക്കശമാക്കി. തീവ്ര ഇടതു ഭീകരവാദ സംഘര്‍ഷങ്ങളില്‍ 52 ശതമാനം കുറവുണ്ടാക്കാനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 71 ശതമാനം വിഘടനവാദ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും സാധിച്ചു. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ അഞ്ചുനൂറ്റാണ്ട് നീണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കി അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നതും കാശിവിശ്വനാഥ ക്ഷേത്രത്തിന്റെയും ഉജ്ജയിന്‍ മഹാകാലക്ഷേത്രരത്തിന്റെയും കേദാര്‍നാഥ് ക്ഷേത്രത്തിന്റെയും പുനരുദ്ധാരണവും പത്തുവര്‍ഷത്തിനുള്ളില്‍ സാക്ഷാത്ക്കരിക്കപ്പെട്ടു.
പ്രതിദിനം 28 കിലോമീറ്റര്‍ ദേശീയപാതകളും 14.5 കി.മി റെയില്‍വേ ലൈനുകളും നിര്‍മ്മിക്കുന്ന രാജ്യത്ത് 3.7 ലക്ഷം കി.മി ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കപ്പെട്ട രാജ്യത്ത് അടിസ്ഥാന സൗകര്യ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ മോദിസര്‍ക്കാര്‍ നടപ്പാക്കി. മെട്രോ സര്‍വ്വീസുകള്‍ ഇരുപതിലേറെ നഗരങ്ങളില്‍ ആരംഭിച്ചപ്പോള്‍ തുറമുഖങ്ങളുടെ എണ്ണം ഇരട്ടിയായി. പുതിയ നൂറിലേറെ വിമാനത്താവളങ്ങളും വന്ദേഭാരത്, അമൃത ഭാരത്, നമോ ഭാരത് തീവണ്ടികളും പുതുക്കിപ്പണിത റെയില്‍വേ സ്റ്റേഷനുകളും ഗതാഗത മേഖലയ്ക്ക് ആധുനിക മുഖം നല്കി. പത്തുവര്‍ഷംകൊണ്ട് രാജ്യത്ത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ വലിയ മാറ്റത്തിന്റെ ഫലമായി ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഭാരതം ഉയര്‍ന്നു. വരും വര്‍ഷങ്ങളില്‍ യുഎസിനും ചൈനയ്ക്കും ശേഷമുള്ള കരുത്തുറ്റ സാമ്പത്തികരംഗമായി ഭാരതം ഉയരുമെന്നാണ് അന്താരാഷ്ട്ര ഏജന്‍സികളുടെ പ്രവചനം.
പത്തുവര്‍ഷത്തെ അത്ഭുതകരമായ ഈ നേട്ടങ്ങളുടെ തുടര്‍ച്ചയായാണ് ബിജെപി ആസ്ഥാനത്തുനടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഞായറാഴ്ച പ്രധാനമന്ത്രി പുറത്തിറക്കിയത്. പതിനഞ്ചു ലക്ഷത്തിലേറെ പേരില്‍ നിന്ന് സ്വീകരിച്ച അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് പത്രിക സമിതി അധ്യക്ഷന്‍ രാജ്നാഥ്സിങ് അറിയിച്ചു. 2047ല്‍ ഭാരതത്തെ വികസിത രാജ്യമാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന നടപടികളാണ് പത്രികയിലൂടെ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് പൊതു സിവില്‍ കോഡ് നടപ്പാക്കുമെന്നും ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്, പൊതു വോട്ടര്‍പട്ടിക എന്നിവ നടപ്പാക്കുമെന്നും പത്രിക വ്യക്തമാക്കുന്നുണ്ട്. 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ കുടിവെള്ളവും റേഷനും തുടരുമെന്നും ഭാരതത്തില്‍ 6 ജി നടപ്പാക്കുമെന്നും പ്രകടന പത്രികയിലൂടെ ബിജെപി ജനങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു. പ്രധാന കാര്‍ഷികവിളകള്‍ക്കെല്ലാം ഉയര്‍ന്ന താങ്ങുവില നല്‍കുമെന്ന പ്രഖ്യാപനം കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വ്വായി. കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍ നടത്താനും തെരുവ് കച്ചവടക്കാര്‍ക്ക് ധനസഹായം നല്കുന്ന സ്വനിധി പദ്ധതി അഞ്ചുവര്‍ഷത്തേക്ക് കൂടി തുടരാനും െ്രെഡവര്‍മാര്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ അംഗത്വം നല്‍കുമെന്നും പത്രിക ഉറപ്പുനല്‍കുന്നുണ്ട്. പൗരത്വ നിയമം നടപ്പാക്കി അര്‍ഹതയുള്ളവര്‍ക്ക് ഭാരത പൗരന്മാരായിത്തീരാനുള്ള അവസരം നല്‍കുമെന്നും രാജ്യസുരക്ഷയ്ക്കാവശ്യമായ കൂടുതല്‍ ശക്തമായ നടപടികള്‍ നടപ്പാക്കുമെന്നും ബിജെപി പ്രകടന പത്രിക പറയുന്നു. പ്രതിവര്‍ഷം 5,000 കിലോമീറ്റര്‍ റെയില്‍വേ പാത നിര്‍മ്മിക്കുമെന്നും രാജ്യത്തിന്റെ വടക്കും തെക്കും കിഴക്കും ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും പത്രികയിലുണ്ട്. സാങ്കേതികവിദ്യകളുടെ സഹായത്തോടെ രാജ്യത്തുനിന്ന് അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള നടപടികള്‍ ബിജെപി ഉറപ്പുനല്‍കുന്നു. രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളും ബിജെപി പ്രകടന പത്രികയെ വേറിട്ടതാക്കി. മൂന്നാമൂഴം ഉറപ്പിച്ച നരേന്ദ്രമോദി സര്‍ക്കാര്‍ വരുംവര്‍ഷങ്ങളില്‍ രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങള്‍ വ്യക്തമായി വിശദമാക്കുന്ന ബിജെപി പ്രകടന പത്രിക ആഴത്തില്‍ പഠിക്കേണ്ടത് രാഷ്ട്രീയത്തെയും രാജ്യവികസനത്തെയും പറ്റി ചിന്തിക്കുന്ന ഓരോരുത്തര്‍ക്കും പ്രയോജനകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: