തിരുവനന്തപുരം: കേരളത്തെ ഇടതു വലതു മുന്നണികള്‍ കൊള്ളയടിക്കാനുള്ള കേന്ദ്രമാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാട്ടാക്കടയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. തിരുവനന്തപുരത്ത് വര്‍ക്കലയും നെടുമങ്ങാടുമെല്ലാം ലഹരി മാഫിയയുടെ കൈകളിലാണ്. സ്വര്‍ണക്കടത്തിനും ലഹിര മാഫിയക്കും സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നു.
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും അഴിമതിയുടെ കാര്യത്തില്‍ മത്സരിക്കുകയാണ്. ഭരിച്ച സംസ്ഥാനങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞവരാണ് ഇവര്‍. ഇടത് വലത് മുന്നണികള്‍ ശക്തരായാല്‍ കേരളത്തിന്റെ സ്ഥിതി ഇതിലും മോശമാകും. കഴിഞ്ഞ പത്തുവര്‍ഷം അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. അതിനാലാണ് അഴിമതിക്കാര്‍ ഒത്തുചേര്‍ന്ന് മോദിയെ തടയാന്‍ ശ്രമിക്കുന്നത്. ഇടത് വലത് മുന്നണികളുടെ മാത്രമല്ല നേതാക്കളുടെയും വിശ്വാസ്യത നഷ്ടപ്പെട്ടു. ഇവിടെ വലിയ ശത്രുക്കളായ ഇടത് വലത് മുന്നണികള്‍ ദല്‍ഹിയില്‍ സുഹൃത്തുക്കളാണ്. തിരുവനന്തപുരത്ത് പരസ്പരം മത്സരിക്കുമ്പോള്‍ തൊട്ടടുത്തുള്ള തിരുനെല്‍വേലിയില്‍ ഒരുമിച്ചാണ് മത്സരം. സഹ. ബാങ്കുകളിലൂടെ നഷ്ടമായ സാധാരണക്കാരന്റെ പണം തിരികെ കിട്ടുമെന്ന് ജനങ്ങളുടെ സേവകനായ മോദി ഉറപ്പുനല്‍കുന്നു. അഴിമതി നടത്തിയവരെ മുഴുവന്‍ തുറങ്കിലടയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരന് വിഷുക്കണിയും തഴപ്പായ കൊണ്ടുണ്ടാക്കിയ തൊപ്പിയും സമ്മാനിച്ചു.
തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍, കൊല്ലം സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍, നടി ശോഭന, മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്, പി.കെ. കൃഷ്ണദാസ്, വി.വി. രാജേഷ്, പ്രൊഫ. വി.ടി. രമ, തോട്ടയ്ക്കാട് ശശി, എന്‍ഡിഎ നേതാക്കളായ പരുത്തിപ്പിള്ളി സുരേന്ദ്രന്, വിഷ്ണുപുരം ചന്ദ്രശേഖരന്, പേരൂര്‍ക്കട ഹരികുമാര്‍, അരവിന്ദാക്ഷന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: