തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ ഗ്രാമത്തില്‍ ആദ്യമായി ഒരു പ്രധാനമന്ത്രി എത്തിയപ്പോള്‍ തടിച്ചു കൂടിയത് ജനസാഗരം. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പരിപാടി ആണെങ്കിലും നരേന്ദ്ര മോദിയെ കാണാന്‍ കാത്ത് നിന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരും സമൂഹത്തിലെ വിവിധ മേഖലകളില്‍പ്പെട്ടവരും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജനസാഗരത്തിനായിരുന്നു കാട്ടാക്കട ഇന്നലെ സാക്ഷ്യം വഹിച്ചത്. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും 2.50 നാണ് എത്തിയത്. രാവിലെ 10 മണിമുതല്‍ മോദിയെ കാത്ത് വന്‍ ജനാവലിയാണ് ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പ്രദേശം നിറഞ്ഞ് കവിഞ്ഞു. ഗ്രൗണ്ടിലേക്ക് കയറ്റാതായതോടെ റോഡിലാകെ തിങ്ങി നിറഞ്ഞ് ജനങ്ങള്‍.
ഉച്ചയ്ക്ക് 2.15 ഓടെ മാറനല്ലൂരിലെ സ്വകാര്യ ഗ്രൗണ്ടില്‍ ഹെലികോപ്ടറിലെത്തിയ മോദി കാര്‍ മാര്‍ഗമാണ് സമ്മേളന സ്ഥലത്തേക്ക് എത്തിയത്. ഹെലിപ്പാഡില്‍ നിന്നും വാഹനത്തില്‍ കയറി പ്രധാന റോഡിലൂടെ ക്രിസ്ത്യന്‍ കോളജിനു സമീപമെത്തിയപ്പോള്‍ ഇരുവശത്തും തിങ്ങി നിറഞ്ഞ് നില്ക്കുന്ന ജനസാഗരത്തെ കണ്ട് പ്രധാനമന്ത്രി വാഹനം നിര്‍ത്തി. പ്രോട്ടോകോള്‍ തെറ്റിയത് കണ്ട് കമാന്‍ഡോകള്‍ ഓടി എത്തി.എന്നാല്‍ വാഹനത്തിന്റെ ഡോര്‍ തുറന്ന് നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു. റോഡ് ഷോയ്ക്ക സമാനമായി തുടര്‍ന്ന് മോദിയുടെ യാത്ര. ഇതോടെ മോദിയുടെ ചിത്രവുമായി എത്തിയ പ്രവര്‍ത്തകര്‍ ആവേശത്തിരയിലായി. റോഡിനു ഇരുവശവും നിന്നവര്‍ക്ക് മോദിയെ നേരിട്ട് കണ്ടെതിന്റെ സംതൃപ്തിയിലും. വേദിയിലേക്ക് എത്തുന്നതുവരെ ഡോറിനു വശത്ത് നിന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. വേദിയിലെത്തിയ മോദിയെ ഭാരത്മാതാക്കി ജയ് വിളികളോടെയായിരുന്നു ആയിരങ്ങള്‍ വരവേറ്റത്. തുടര്‍ന്ന് വി. മുരളീധരന് വിഷുക്കണി നല്കി ആദരിച്ചു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. കൂടുതല്‍ സ്വീകരണത്തിന് നില്‍ക്കാതെ പ്രസംഗത്തിലേക്ക്.
മലയാളത്തില്‍ സ്വാഗതം പറഞ്ഞ് ചട്ടമ്പി സ്വാമികളെയും ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു പ്രസംഗം ആരംഭിച്ചത്. വിഷുദിനത്തിലും ചൈത്ര നവരാത്രി ദിനത്തിലും ശ്രീപദ്മനാഭ സ്വാമിയുടെയും മഹാകാളിയുടെയും നാട്ടില്‍ എത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമെന്ന് പറഞ്ഞു.
അടുത്ത പരിപാടി തിരുനെല്‍വേലിയില്‍ ആണെന്നും വൈകിയാല്‍ വിമാനം ഇറങ്ങാന്‍ സാധിക്കില്ലെന്നും അതിനാല്‍ എല്ലാപേരുടെയും സ്വീകരണം ഏറ്റുവാങ്ങാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നതായും മോദി പറഞ്ഞു. സദസ്സില്‍ നിന്ന് നിരവധികുട്ടികള്‍ കൈ വീശിയപ്പോള്‍ തിരികെ കൈവീശിയതോടൊപ്പം കാത്തിരുന്നതിന് നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഷുപുലരിയില്‍ മലയാളികള്‍ക്ക് മാറി ചിന്തിക്കാനുള്ള അവസരമാണെന്ന് പറഞ്ഞ് തുടങ്ങിയ മോദിയുടെ പ്രസംഗം ഇടത് വലത് മുന്നണികളെ കടന്നാക്രമിച്ചു. പ്രത്യേകിച്ച് സിപിഎമ്മിന്റെ സഹകരണ ബാങ്ക് കൊള്ളയെയും മുഖ്യമന്ത്രിയുടെയും മകളുടെയും തട്ടിപ്പിനെ സംബന്ധിച്ചും. സാമ്പത്തികമായി കേരളത്തെ പാപ്പരാക്കിയ പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് പറഞ്ഞപ്പോള്‍ നിറഞ്ഞ കരഘോഷം. 40 മിനിട്ട് പ്രസംഗത്തിനു ശേഷം വേദിയിലുള്ളവരുമായി സംസാരിച്ച ശേഷമായിരുന്നു മടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: