തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെ ബിജെപി നല്കിയ പരാതിയിലാണ് നടപടി.
ബിജെപി ലീഗല്‍ സെല്‍ കണ്‍വീനര്‍ ജെ.ആര്. പത്മകുമാര്‍, തിരുവനന്തപുരം ജില്ല പ്രസിഡന്റ് വി.വി. രാജേഷ് എന്നിവരാണ് സ്റ്റേറ്റ് ചീഫ് ഇലക്ഷന് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. മലയാളം വാര്‍ത്താ ചാനലായ ന്യൂസ് 24 നടത്തിയ ‘മീറ്റ് ദി കാന്‍ഡിഡേറ്റ്’ അഭിമുഖത്തില്‍ രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായും മതനേതാക്കള്‍ക്ക് വോട്ടിന് പകരം പണം വാഗ്ദാനം ചെയ്തതായും തരൂര്‍ ആരോപിച്ചിരുന്നു.
ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെ ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യവും യാതൊരു തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതല്ലെന്നും കമ്മിഷന് വിലയിരുത്തി. തന്റെ പരാമര്‍ശങ്ങള്‍ എതിര്‍സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറെയോ ബിജെപിയെയോ ഉദ്ദേശിച്ചല്ലായെന്ന ശശി തരൂരിന്റെ വാദവും തെരഞ്ഞെടുപ്പ് കമ്മിഷന് തള്ളിക്കളഞ്ഞു.
ശശി തരൂരിന്റെ പ്രസ്താവന മാതൃകാ പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്. സാഹചര്യം വച്ച് നോക്കുമ്പോള്‍ ഇത് എതിര് സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയാണെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസിലാകും.
ജാതീയവും മതപരവുമായ വികാരങ്ങളെ ഹനിക്കുന്ന പ്രസ്താവനകള്‍ നടത്താന്‍ പാടില്ലാത്തതാണ്. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കരുതെന്നും മാതൃകാ പെരുമാറ്റചട്ടങ്ങളുടെ ചുമതലയുള്ള സബ് കളക്ടര്‍ ഡോ. അശ്വനി ശ്രീനിവാസ് ശക്തമായ താക്കീത് നല്കി. തെളിവുകളോ രേഖകളോ ഇല്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന അഭിമുഖത്തിന്റെ ഭാഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ഉടന്‍ നിര്‍ത്തണമെന്നും ഏതെങ്കിലും തരത്തില്‍ അവ പ്രസിദ്ധപ്പെടുത്തരുതെന്നും അങ്ങനെയുള്ളവ പിന്‍വലിക്കണമെന്നും 24 ന്യൂസിന് കമ്മിഷന് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: