അപൂര്‍വമായൊരു പ്രതിഷ്ഠയുടെ പേരില്‍ പ്രസിദ്ധമാണ് തൃശൂര്‍ പെരുമ്പിള്ളിശ്ശേരിയിലുള്ള മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രം. കേരളത്തില്‍ മറ്റു ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഉപനയനം കഴിഞ്ഞ് വേദം അഭ്യസിക്കുന്ന ബ്രഹ്മചാരീ സങ്കലപത്തിലാണ് ഇവിടെ വാമനമൂര്‍ത്തിയുടെ പ്രതിഷ്ഠയുള്ളത്. ആഘോഷങ്ങളൊന്നും പതിവില്ല. വിദ്യാവിജയത്തിനാണ് പ്രാമുഖ്യം. ഇവിടെ നിത്യപൂജാ വേളയില്‍ മണി കൊട്ടാറുപോലുമില്ലെന്നതും പ്രത്യേകതയാണ്. പഠിതാവിന് പഠനത്തില്‍ മാത്രമാവണം ശ്രദ്ധയെന്നതിനാലാണ് ഇതെല്ലാം പാലിക്കുന്നത്. പ്രസിദ്ധമായ ഓത്തുകൊട്ട് മാത്രമാണ് ക്ഷേത്രത്തിലെ ആഘോഷം. 1500 വര്‍ഷമായി തുടരുന്ന യജുര്‍വേദയജ്ഞമാണ് വിഖ്യാതമായ ഓത്തുകൊട്ടെന്ന് അറിയപ്പെടുന്നത്. വാമനമൂര്‍ത്തിയുടെ പ്രിയ വഴിപാട് കൂടിയാണ് വേദാലാപനം.
പുരാതന തന്ത്രികുടുംബമായ നെടുമ്പിള്ളി തരണനെല്ലൂര്‍ മനക്കാരുടെ പത്ത് ക്ഷേത്രങ്ങളില്‍ ഒന്നാണ് മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രം. പെരുമ്പിള്ളിശ്ശേരിയുടെ ദേശക്ഷേത്രമായി അറിയപ്പെടുന്ന മിത്രാനന്ദപുരം ക്ഷേത്രം പരശുരാമന്‍ സൃഷ്ടിച്ച 64 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗം കൂടിയാണ്. ഗണപതി, ഭഗവതി, ചുറ്റമ്പലത്തിനു പുറത്തെ സ്വാമിയാര്‍ എന്നിവരാണ് ഉപദേവതകള്‍. മംഗല്യഭാഗ്യത്തിനും സന്താനസൗഭാഗ്യത്തിനും ഇവിടെയെത്തുന്ന ഭക്തരും അനവധിയാണ്.
ക്ഷേത്രത്തിന്റെ പ്രസിദ്ധിയേറ്റുന്നത് മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഓത്തുകൊട്ടാണ്. നാടിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കും വിദ്യാവൈഭവത്തിനും നടത്തുന്നതാണ് ഈ ചടങ്ങ.് മുമ്പ് കേരളത്തിലെ 22 ക്ഷേത്രങ്ങളില്‍ നടത്തിയിരുന്ന ഓത്തുകൊട്ട് ഇപ്പോള്‍ മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രത്തിലും രാപ്പാള്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും മാത്രമായൊതുങ്ങി. കേരളത്തിലെ പേരെടുത്ത വേദപണ്ഡിതന്മാര്‍ യജ്ഞത്തില്‍ പങ്കെടുക്കാനെത്താറുണ്ട്. ഓത്തുകൊട്ടില്‍ 36 തവണ വരെ വേദം ചൊല്ലിത്തീര്‍ക്കുന്നത് പതിവാണ്. മനഃപാഠമാക്കി ചൊല്ലുന്നതാണ് പ്രത്യേകത. രാപ്പാളില്‍ ആറുവര്‍ഷത്തിലൊരിക്കലാണ് ഓത്തുകെട്ട് നടക്കുക.
കര്‍ക്കടകം മുതല്‍ തുലാം വരെ നീളുന്ന ഓത്തുകൊട്ട് തിഥികളെ അടിസ്ഥാനമാക്കിയാണ് നടക്കുക. ദ്വിതീയ, തൃതീയ, ചതുര്‍ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, നവമി, ദശമി നാളുകളിലാണ് ഇത്. ഏകാദശിക്കും , ദ്വാദശിക്കും, ഉച്ച വരെ ഓത്തുകൊട്ടുണ്ടാകും. പ്രതിപദ, അഷ്ടമി, ചതുര്‍ദ്ദശി, വാവ് ദിവസങ്ങളില്‍ ഓത്തുകൊട്ട് നടത്താറില്ല.
ഓത്തുകൊട്ടില്‍ പങ്കെടുത്ത് യജ്ഞപ്രസാദമായ നെയ്യ് സേവിക്കുന്നതുകൊണ്ട് കുടുംബത്തില്‍ സര്‍വ ഐശ്വര്യങ്ങളും കൈവരും ക്ഷേത്രത്തിന് സമീപം ഉള്ള നക്ഷത്രവനവും പ്രസിദ്ധമാണ്. ഇവിടെയെത്തുന്ന ഭക്തര്‍ക്ക് അവരുടെ ജന്മനക്ഷത്ര വൃക്ഷത്തിന് വെള്ളമൊഴിച്ച് പ്രാര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: