സൂറത്ത്: ഗുജറാത്തില്‍ നിന്നുള്ള ശതകോടീശ്വര ദമ്പതികള്‍ തങ്ങളുടെ മുഴുവന്‍ സ്വത്തുക്കളും ദാനം ചെയ്തു. ജൈനമതാനുയായികളായ ഭാവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് സന്യാസം സ്വീകരിക്കുന്നതിന് മുന്നോടിയായി 200 കോടി രൂപയുടെ സ്വത്തുക്കള്‍ ദാനം ചെയ്തത്.
ഈ മാസാവസാനം നടക്കുന്ന ഒരു ചടങ്ങില്‍ ദമ്പതികള്‍ മോക്ഷമാര്‍ഗ്ഗം തേടിയുളള യാത്ര ആരംഭിക്കും.കെട്ടിട നിര്‍മാണ ബിസിനസില്‍ ഏര്‍പ്പെട്ടിരുന്ന ഹിമ്മത്നഗറില് താമസിച്ച് വന്ന ഭാവേഷ് ഭണ്ഡാരിയും ഭാര്യയും തങ്ങളുടെ 19 വയസുള്ള മകളുടെയും 16 വയസുള്ള മകന്റെയും പാത പിന്തുടരുകയാണ്. മക്കള്‍ 2022ല്‍ സന്യാസം തെരഞ്ഞെടുത്തിരുന്നു.
ഏപ്രില്‍ 22-ന് സന്യാസത്തിനുളള പ്രതിജ്ഞ എടുത്തതിനെ തുടര്‍ന്ന് ദമ്പതികള്‍ എല്ലാ കുടുംബ ബന്ധങ്ങളും ഉപേക്ഷിക്കുകയാണ്. ഇന്ത്യയിലുടനീളം നഗ്നപാദരായി നടന്ന് ഭിക്ഷയെടുത്താകും ഇനിയുളള ജീവിതം.
രണ്ട് വെള്ള വസ്ത്രങ്ങള്‍, ഭിക്ഷ സ്വീകരിക്കുന്നതിനുളള ഒരു പാത്രം, ഒരു വിശറി, ഒരു ചൂല് എന്നിവ മാത്രമേ ജൈന സന്യാസിമാര്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയുളളൂ. എവിടെയെങ്കിലും ഇരിക്കും മുമ്പ് ചൂല് കൊണ്ട് അവിടെ തുടച്ച് പ്രാണികളില്ല എന്ന് ഉറപ്പാക്കും. അവര്‍ പിന്തുടരുന്ന അഹിംസയുടെ ഭാഗമായാണിങ്ങനെ ചെയ്യുന്നത്.
സന്യാസ ജീവിതത്തിന് മുന്നോടിയായി ഭണ്ഡാരി ദമ്പതികളും മറ്റ് 35 പേരും ചേര്‍ന്ന് നാല് കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു ഘോഷയാത്ര നടത്തി. വഴിയരികില്‍ നിന്ന് ഘോഷയാത്ര വീക്ഷിച്ചവര്‍ക്ക് മൊബൈല്‍ ഫോണുകളും എയര്‍ കണ്ടീഷണറുകളും ഉള്‍പ്പെടെ തങ്ങളുടെ എല്ലാ സ്വത്തുക്കളും നല്‍കുകയായിരുന്നു.. രാജകീയ ശൈലിയിലുളള വസ്ത്രം ധരിച്ച് രഥത്തിലായിരുന്നു ഘോഷയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: