എറണാകുളം :റിയാലിറ്റി ഷോ ബിഗ്ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം. സംപ്രേഷണ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്.
ചട്ട ലംഘനം കണ്ടെത്തിയാല്‍ പരിപാടി നിര്‍ത്തിവയ്ക്കാനും കേന്ദ്രത്തിന് നിര്‍ദേശിക്കാം. എറണാകുളം സ്വദേശി അഭിഭാഷകന് ആദര്‍ശ് എസ് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
ബിഗ് ബോസ് മലയാളം സീസണ് ആറിന്റെ സംപ്രേഷണമാണ് കോടതിയിലെത്തിയത്.ഷോയില്‍ നിയമവിരുദ്ധതയുണ്ടെങ്കില്‍ നടപടിയെടുക്കും.പരിപാടിയില്‍ ശാരീരിക ഉപദ്രവം അടക്കമുള്ള നിയമവിരുദ്ധതയുണ്ടോയെന്ന് പരിശോധിക്കും.നിയമ ലംഘനം കണ്ടെത്തിയാല്‍ പരിപാടി നിര്‍ത്തിവയ്പ്പിക്കാമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖും എം എ അബ്ദുള്‍ ഹക്കിമും വ്യക്തമാക്കി.
1995ലെ ടെലിവിഷന്‍ നെറ്റ് വര്‍ക്കുകള്‍ (റെഗുലേഷന്) നിയമപ്രകാരം ഒരു വ്യക്തിയുടെ അന്തസിനെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നതിന് നിരോധനമുണ്ട്. ഇത്തരത്തിലുള്ള പരിപാടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
അടുത്തിടെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്‍ സിജോ ദജോണ്‍ എന്ന മത്സരാര്‍ത്ഥിയെ സഹ മത്സരാര്‍ത്ഥിയായ റോക്കി (ഹസീബ് എസ്.കെ) ശാരീരികമായി ഉപദ്രവിച്ചിരുന്നു. പിന്നാലെ റോക്കിയെ ഷോയില്‍ നിന്ന് പുറത്താക്കി. വിഷയം ഏറെ ഗൗരവകരമെന്ന് വ്യക്തമാക്കിയ കോടതി നിയമലംഘനം പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.
അതിനിടെ ക്വീര്‍ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചെന്നും ബിഗ് ബോസ് ഷോയ്ക്കെതിരെ വിമര്‍ശനമുണ്ട്. സ്വവര്‍ഗാനുരാഗിയായ മത്സരാര്‍ത്ഥിയെ അപമാനിച്ചെന്ന പരാതിയുമായി ദിശ സംഘടന കേരള ബ്രോഡ്കാസ്റ്റ് കണ്ടന്റ് കംപ്ലയിന്റ്സ് കൗണ്‍സിലിനെ (ബിസിസിസി) സമീപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: