Categories: Kerala

പാളയത്ത് തലയെടുപ്പോടെ അലങ്കാര ഗോപുരം: വഴിമാറി അപകര്‍ഷത ; അഭിമാനം ഉയര്‍ന്നു

Published by

തിരുവനന്തപുരം: പാളയം മഹാഗണപതി ക്ഷേത്രത്തിന്റെ അലങ്കാരമണ്ഡപം സമര്‍പ്പണം വിഷുദിനത്തില്‍ നടന്നു. വ്യവസായ പ്രമുഖനും ഹിന്ദുത്വാഭിമാനിയുമായ ചെങ്കല്‍ രാജശേഖരന്‍ നായരുടെ മുന്‍കയ്യില്‍ നിര്‍മ്മിച്ചതാണ് അലങ്കാര ഗോപുരവും തിടപ്പള്ളിയും ഭജനമണ്ഡപവും. 50 അടി നീളവും 20 അടി വീതിയിലും 50 അടി ഉയരത്തിലുമാണ് ഗോപുരം നിര്‍മിക്കുന്നത്. 18 അടി പൊക്കത്തിലുള്ള ഗണപതി വിഗ്രഹമാണ് ഗോപുരത്തിലെ പ്രധാന ആകര്‍ഷണം.

കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായി ഉയര്‍ത്തിക്കാട്ടുന്ന സ്ഥലത്തെ ഹിന്ദുക്കളുടെ അപകര്‍ഷതയാണ് ഇതോടെ തുടച്ചുമാറ്റപ്പെട്ടത്.

അടുപ്പുകല്ലുപോലെ അടുത്തടുത്ത് നില്‍ക്കുന്ന പാളയത്തെ ഗണപതി ക്ഷേത്രം, ജുമാ മസ്ജിദ്, സെന്റ് ജോസഫ്‌സ് ചര്‍ച്ച് എന്നിവ മതസൗഹാര്‍ദ്ദത്തിന്റെ മാതൃക എന്നതില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ അഭിമാനമുള്ള ഹിന്ദുവിന് അപകര്‍ഷതയും ഉണ്ടാക്കുമായിരുന്നു. പള്ളിയും മോസ്‌ക്കും മാര്‍ബിളിലും വെള്ളക്കല്ലിലും പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അമ്പലം ശ്രദ്ധയില്‍ പെടാത്ത ചെറിയൊരു ഓടിട്ട കെട്ടിടമായി നില്‍ക്കുകയായിരുന്നു. ഒരേക്കറോളം ഉണ്ടായിരുന്ന ക്ഷേത്രഭൂമി പലരും കയ്യേറിയതിനാല്‍ 7 സെന്റ് ഭൂമി മാത്രമായി ചുരുങ്ങി. തൊഴാനെത്തുന്നവര്‍ക്ക് പ്രദക്ഷണം ചെയ്യാന്‍ പോലും സൗകര്യം ഇല്ലാത്ത അവസ്ഥ.
ക്ഷേത്രത്തിന്റെ മുഖച്ഛായമാറ്റാന്‍ ഹിന്ദുക്കള്‍ക്ക് ആഗ്രഹമില്ലാതിരുന്നിട്ടോ ശ്രമിക്കാതിരുന്നിട്ടോ അല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വാമി സത്യാനന്ദ സരസ്വതി ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനായി മുന്നിട്ടിറങ്ങിയിരുന്നു.  ദേവസ്വം ബോര്‍ഡ് ഇടങ്കോലിട്ടതിനാല്‍ നടന്നില്ല.
ഇപ്പോള്‍ വ്യവസായ പ്രമുഖനും ഹിന്ദുത്വാഭിമാനിയുമായ എസ് രാജശേഖരന്‍ നായര്‍ സ്വന്തം പണം ഉപയോഗിച്ച് നവീകരണം ഏറ്റെടുക്കുകയായിരുന്നു. ആദ്യമായിട്ടല്ല അദ്ദേഹം ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഏറ്റെടുക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പുരാതനമായ ശംഖുമുഖം ക്ഷേത്രത്തിന്റെ സ്വന്തുക്കളില്‍ ഭൂരിഭാഗവും കയ്യറ്റത്തിന് വിധേയമായിരുന്നു. തിരിച്ചു പിടിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായില്ല. ചവറു തള്ളുന്ന സ്ഥലമായി ക്ഷേത്രഭൂമി ഉപയോഗിക്കപ്പെട്ടു. രാജശേഖരന്‍ നായര്‍ സ്വന്തം നിലയില്‍ ചുറ്റുമതില്‍ നിര്‍മ്മിച്ച് ക്ഷേത്രഭൂമിയുടെ കുറച്ചു ഭാഗം സംരക്ഷിച്ചു. കോവളം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിന്ശ്രീകോവില്‍ ,അലങ്കാരഗോപുരം, ചിത്രമതില്‍, മണിമണ്ഡപം എന്നിവയും നിര്‍മ്മിച്ചു നല്‍കി.’

പാളയം മഹാഗണപതി ക്ഷേത്ര0
നിലവിലുണ്ടായിരുന്ന ക്ഷേത്ര നട

പതിനെട്ടാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലശേഷം കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവായി സ്ഥാനമേറ്റപ്പോള്‍ പദ്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തെക്ക് തലസ്ഥാനം മാറ്റി. .അക്കാലത്ത് ട്രാവന്‍കൂര്‍ നായര്‍ ബ്രിഗേഡിയനില്‍ പെട്ട പട്ടാളക്കാരും കുതിരപ്പട്ടാളക്കാരും തങ്ങള്‍ ആരാധിച്ചിരുന്ന രണ്ടു ഗണപതി വിഗ്രഹങ്ങളും ഒരു ഹനുമാന്‍ വിഗ്രഹവും കൂടെ കൊണ്ടു വന്നു. അതില്‍ ഒന്നാണ് ഇന്നത്തെ പഴവങ്ങാടി ക്ഷേത്രത്തില്‍ ഉള്ള വിഗ്രഹം. രണ്ടാമത്തേത് പട്ടാളക്കാര്‍ തമ്പടിച്ച പാളയത്തും പ്രതിഷ്ഠിച്ചു. ഹനുമാന്‍ വിഗ്രഹം ഇന്നത്തെ നിയമസഭാ മന്ദിരത്തിന്റ അടുത്തും പ്രതിഷ്ഠിച്ചു.പില്‍ക്കാലത്ത് തിരുവിതാംകൂര്‍ സേനയില്‍ ധാരാളം ഇസ്ലാം മതസ്ഥരും ക്രിസ്തുമത വിശ്വാസികളും അണിനിരന്നു,1814ല്‍ സ്വാതി തിരുനാള്‍ മഹാരാജാവ് നാട് ഭരിച്ചിരുന്ന കാലത്താണ് ആദ്യമായി പള്ളി പാളയത്ത് ഉയരുന്നത് , ‘പട്ടാള പള്ളി’ എന്നറിയപ്പെട്ടിരുന്ന ആ പള്ളിയാണ് ഇന്നത്തെ പാളയം ജുമാ മസ്ജിദ്. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് തൊട്ടടുത്ത് തന്നെ ക്രിസ്ത്യന്‍ പള്ളി പണിതത്. അതാണ് ഇന്ന് കാണുന്ന സെന്റ് ജോസെഫ്‌സ് പള്ളി .

അങ്ങനെ സകല മതത്തില്‍ പെട്ട സൈനീകര്‍ക്കും ആരാധിക്കാന്‍ നിര്‍മ്മിച്ച ദേവാലയങ്ങളാണ് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നത്. പള്ളിയും മോസ്‌ക്കും കാലത്തിനനുസരിച്ച് നവീകരിച്ച് പ്രൗഡി കൂട്ടിയപ്പോള്‍ അമ്പലം പഴയപടി നിന്നു.


അലങ്കാര ഗോപുര സമര്‍പ്പണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിര്‍വഹിച്ചു. ചടങ്ങിനെത്തിയവര്‍ക്കുള്ള വിഷുകൈനീട്ടം നല്‍കലിന്റെ ഉദ്ഘാടനം സ്വാമി ചിദാന്ദപുരി നിര്‍വഹിച്ചു. സ്വാമി ബ്രഹ്മാനന്ദ സരസ്വതി, സ്വാമി സാന്ദ്രാനന്ദ, സ്വാമി മഹേശ്വരാനന്ദ സരസ്വതി, തന്ത്രി കണ്ഠരര് മഹേശ്വരര്, ഫാ സജി ഇളമ്പശ്ശേരില്‍, ഡോ വി പി സുഹൈബ് മൗലവി, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി സുന്ദരേശന്‍, എ അജികുമാര്‍, മുന്‍ പ്രസിഡന്റ് കെ അനന്തഗോപന്‍, സംഗീത സംവിധായകകന്‍ എം ജയചന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എസ് രാജശേഖരന്‍ നായര്‍, ഭാര്യ രാധിക എന്നിവര്‍ ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു. ഗോപുര നിര്‍മ്മാണവുമായി ബന്ധപ്പെട്ടവരെ ആദരിക്കുകകയും ചെയ്തു

അലങ്കാര ഗോപുരം നിര്‍മ്മിച്ചു നല്‍കിയ എസ് രാജശേഖരന്‍ നായരേയും കുടുംബാംഗങ്ങളേയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ആദരിച്ചപ്പോള്‍
Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by