സമ്പൂര്ണഗോവയാത്ര എന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി നാനൂറിലേറെ ഗോവന്‍ ഗ്രാമങ്ങളുടെ അകതാരറിഞ്ഞ് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള രചിച്ച ‘ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ’ എന്ന പുസ്തകം പ്രകൃതിസ്നേഹികള്‍ക്കും ഗോവ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്കും സമീപകാലത്ത് ലഭിച്ച മഹാനിധിയാണ്. നൂറ്റാണ്ടുകളുടെ നാഡിമിടിപ്പുകള്‍ ഏറ്റുവാങ്ങിയ അനേകമനേകം വൃക്ഷരാജാക്കന്മാരെക്കുറിച്ചുള്ള അധികാരിക രേഖയാണ് ഈ കൃതി. മൂന്നേക്കറിലധികം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന വൃക്ഷ ചക്രവര്‍ത്തിമാര്‍ വരെ ഈ കൃതിയില്‍ തണല്‍ വിരിച്ച് നിലകൊള്ളുന്നുണ്ട്.
ഭരണഘടനാപരമായ ഉന്നതപദവി യിലിരുന്ന് ഉത്തരവാദിത്വങ്ങള്‍ സ്തുത്യര്‍ഹമായി നിര്‍വഹിക്കുന്നതിന്റെ ഭാഗമായ ഔദ്യോഗിക ജീവിതത്തിരക്കുകള്‍ക്കിടയിലും തന്നില്‍ ഉണര്ന്നുദ്ദീപ്തമായ പ്രകൃതിസ്നേഹാധിഷ്ഠിതമായ ജീവിതഭര്ശനത്തിന്റെ സര്‍ഗാത്മക പ്രകാശനത്തിന് ഈ കൃതിയെ മാധ്യമമാക്കുകയാണ് പി.എസ്. ശ്രീധരന് പിള്ളയിലെ പ്രതിഭാധനനായ എഴുത്തുകാരന്. ഗോവ കണ്ട ഏറ്റവും ജനകീയനായ ഗവര്‍ണര്‍ എന്ന വിശേഷണം കരസ്ഥമാക്കിയ പി.എസ്. ശ്രീധരന്‍പിള്ള താനാര്‍ജ്ജിച്ച ഈ ജനകീയതയെ ഭാവാത്മകമായ പഠനമനന വൃത്തിയിലേക്ക് വികസിപ്പിച്ചതിന്റെ സദ്ഫലമാണ് ഈ പുസ്തകം.
ഗോവന്‍ വൃക്ഷ സമ്പത്തിന്റെ വൈവിധ്യം ചാരുതയോടെ അവതരിപ്പിക്കുന്ന ഈ കൃതിയില്‍ കാനകോണയിലെ പാര്ത്തഗല് ജീവോത്തം മഠത്തിലെ 500 വര്‍ഷത്തിലേറെ പഴക്കമുള്ള അതിവിശിഷ്ടവും അപൂര്‍വവും പരിപാവനവുമായ ഒരു ആല്‍മരത്തെക്കുറിച്ചുള്ള ശ്രദ്ധേയ വിവരണമുണ്ട്. ഈ കൃതി വെളിച്ചം കണ്ടതോടെ ഈ ആല്‍മരം ദര്‍ശിക്കുവാന്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് അനേകമനേകം സഞ്ചാരികളും വൃക്ഷഗവേഷകരും എത്തിച്ചേരുന്നതായി വിവിധ പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു ഗോവന്‍ ഗ്രാമങ്ങളിലും വിവിധ ആരാധനാസ്ഥാനങ്ങളിലും വേരൂന്നി ആകാശവിസ്തൃതിയില്‍ ചില്ലകള്‍ വിരിച്ചു നില്ക്കുന്ന പൈതൃക വൃക്ഷങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്ക് റഫറന്‍സ് ഗ്രന്ഥമാണിത്.
പുണ്യവൃക്ഷങ്ങളുടെ സസ്യശാസ്ത്രപരമായ സവിശേഷതകളും, ഗോവന്‍ ജനതയുടെ വൃക്ഷാരാധനാ മനോഭാവവും സാംസ്കാരികമഹിമയും സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ട് മനോഹരചിത്രങ്ങളാല്‍ അലംകൃതമായ ഈ കൃതി. പി.എസ്. ശ്രീധരന് പിള്ളയുടെ സൂക്ഷ്മനിരീക്ഷണ ശക്തിക്കും ആഖ്യാന പാടവത്തിനും ഗവേഷണോന്മുഖമായ ഗ്രന്ഥരചനാതത്പരതക്കും ഉത്തമനിദര്‍ശനമാണ്. അദ്ദേഹം രചിച്ച വാമന വൃക്ഷകല എന്ന കൃതിക്കും ഈ ഗുണമഹിമയുണ്ട്. വൃക്ഷായുര്‍വേദം പോലുള്ള മഹത്തായ പ്രാചീനകൃതികളുമായും നവീനവൃക്ഷശാസ്ത്ര കൃതികളുമായും സംവദിച്ചതിന്റെ വെളിച്ചം ഈ ഗ്രന്ഥത്തില്‍ ആദ്യന്തം തെളിയുന്നുമുണ്ട്.
സസ്യശാസ്ത്ര പഠിതാക്കളും ഗവേഷകരും ഭരണാധികാരികളും ഇതിനകം തന്നെ ഇൗ കൃതിയുടെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞിട്ടുണ്ട്. പൈതൃകവൃക്ഷങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പാരിസ്ഥിതിക പ്രാധാന്യം സ്ഫടികസ്ഫുടമായി പ്രഖ്യാപിക്കുന്ന ഈ കൃതി. ചൂഷണാധിഷ്ഠിതവും മനുഷ്യകേന്ദ്രീകൃതവുമായ യൂറോപ്യന്‍ പ്രകൃതി വീക്ഷണത്തിന്റെ പരിമിതികള്‍ പരോക്ഷമായി കാട്ടിത്തരുന്നുണ്ട്. ചിരന്തനവും സൗമ്യോദാരവും ലോകഹിത കാംക്ഷിയുമായ ഭാരതീയ പ്രകൃതിദര്‍ശനത്തിന്റെ സാരമറിഞ്ഞും നവീനമായ കാഴ്ച്ചയില്‍ നിറഞ്ഞും വെളിച്ചം കണ്ട ഈ കൃതിയുടെ രൂപവും ഭാവവും ചേതോഹരമാണ്. പി.എസ്. ശ്രീധരന് പിള്ളയുടെ ഇത്തരം സദുദമ്യങ്ങള് ഇനിയുമിനിയും തുടരട്ടേ.
(കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന് കോളേജ് മലയാള ഗവേഷണവിഭാഗം മേധാവിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: