തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളുകൾ പ്രത്യാശിപ്പിച്ചു കൊണ്ട് മലയാളികൾ വിഷു ആഘോഷിക്കുകയാണ്. പുരോഗതിയുടെ നല്ല നാളെ സ്വപ്നം കാണുന്ന മലയാളിക്ക് ആ സ്വപ്നം യാഥാർഥ്യമായി തീരുന്നതിനുള്ള പരിശ്രമം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് കാലയളവ്. എല്ലാ മലയാളികളുടേതും പോലെ, വിഷു എനിക്കും സവിശേഷമായ ഒരു ദിനമാണ്. തൃശ്ശൂരിലെ വിഷുക്കാലമാണ് ഓർമ്മയിൽ. കുട്ടിക്കാലത്ത് അമ്മയും മുത്തശ്ശിയുമാണ് പുലർച്ചെ വിളിച്ചുണർത്തി കണി കാണിച്ചു തന്നിരുന്നത്. കയ്യിൽ വിഷുക്കൈനീട്ടവും വെച്ച് തരും. കണിയൊരുക്കുന്നതും മുത്തശ്ശിയും അമ്മയുമാണ്. അവർക്കൊപ്പം ആ കൗതുകത്തിൽ ഞാനും നിന്നിരുന്നത് ഇന്നും ഒളിമങ്ങാത്ത ഓർമ്മയാണ്. കൈനീട്ടം കിട്ടുമെന്നത് ആ കുട്ടിക്കാലത്തിന്റെ വലിയ സന്തോഷങ്ങളിൽ ഒന്നായിരുന്നു.
എന്നാൽ എന്താണ് ഇത്തരം ആഘോഷങ്ങളുടെ പിന്നില്ലെന്ന് കുട്ടിക്കാലത്ത് ഏറെയൊന്നും മനസ്സിലായിരുന്നില്ല. നാടിന്റെ പുരോഗതിയുടേയും ഐശ്വര്യത്തിൻ്റേയും സന്ദേശം വിളിച്ചറിയിക്കുന്ന അവസരം കൂടിയാണ് വിഷുവെന്ന പിൽക്കാലത്ത് മനസ്സിലായി. വിഷുവിന് മുന്നോടിയായി ഗുരുവായൂരിലും മമ്മിയൂരിലും കഴിഞ്ഞ ദിവസം ദർശനം നടത്തി. തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആയതിനാൽ ഇക്കുറി വിഷു തിരുവനന്തപുരത്തെ ജനങ്ങൾക്കൊപ്പമാണ്. ഒരു മാറ്റം ആഗ്രഹിക്കുന്ന തിരുവനന്തപുരത്തിന് അത് സാധിക്കട്ടെയെന്നും വിഷു ആഘോഷിക്കുന്ന എല്ലാവർക്കും ആയുരാരോഗ്യവും സമാധാനവും സന്തോഷമുണ്ടാകട്ടെ എന്നും ആശംസിക്കുന്നതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: