തൃശ്ശൂര്‍: വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടക പൂരങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളിലുമാണ് ഇന്നലെ കൊടിയേറ്റ് നടന്നത്. ഏപ്രില്‍ 19 നാണ് പൂരം.
തിരുവമ്പാടിയില്‍ രാവിലെ 11നും 11.30നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലായിരുന്നു കൊടിയേറ്റ്. പാരമ്പര്യ അവകാശികളായ താഴത്തുപുരക്കല്‍ ആശാരി സുന്ദരന്‍, സുഷിത്ത് എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ കവുങ്ങിലുള്ള കൊടിമരത്തില്‍ ദേശക്കാര്‍ ചേര്‍ന്ന് കൊടിയേറ്റി. ഉച്ചയ്ക്ക് 3ന് തിരുവമ്പാടിയുടെ പൂരം പുറപ്പാടായി. ക്ഷേത്രത്തില്‍ നിന്ന് തിരുവമ്പാടി ചന്ദ്രശേഖരന്റെ പുറത്തേറി പുറപ്പെട്ട ഭഗവതി മൂന്നരയോടെ നായ്ക്കനാലില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നായ്ക്കനാലിലും നടുവിലാലിലും ദേശക്കാര്‍ കൊടിയുയര്‍ത്തി.
പാറമേക്കാവില്‍ 11.20 നു ചടങ്ങുകള്‍ക്ക് തുടക്കമായി. വലിയപാണിക്കുശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷിനിര്‍ത്തി, ചെമ്പില്‍ കുട്ടനാശാരി തയാറാക്കിയ കവുങ്ങിലുള്ള കൊടിമരത്തില്‍ ദേശക്കാര്‍ സിംഹമുദ്രയുള്ള കൊടിക്കൂറ ഉയര്‍ത്തി. തുടര്‍ന്ന് ക്ഷേത്രത്തിലെ പാല മരത്തിലും സ്വരാജ് റൗണ്ടിലെ മണികണ്ഠനാലിലും പതാക ഉയര്‍ത്തി.
ഭഗവതിയുടെ എഴുന്നള്ളിപ്പിന് പാറമേക്കാവ് കാശിനാഥന് തിടമ്പേറ്റി. അഞ്ചാനകളുടെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് കൊക്കര്‍ണിയില്‍ ആറാട്ട് നടത്തി. തന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ആറാട്ട്.
ഘടകപൂര ക്ഷേത്രങ്ങളിലും ഇന്നലെ പൂരം കൊടിയേറി. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലാണ് രാവിലെ ആദ്യം കൊടിയേറിയത്. പിന്നീട് മറ്റ് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ് നടന്നു. അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, കാരമുക്ക് ഭഗവതി ക്ഷേത്രം, ചെമ്പുക്കാവ് കാര്‍ത്യായനി ക്ഷേത്രം പനമുക്കംപള്ളി, കണിമംഗലം ശാസ്താ ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലാണ് കൊടിയേറ്റ് നടന്നത്. 17 നാണ് സാമ്പിള്‍ വെടിക്കെട്ട്. 18 ന് ചമയപ്രദര്‍ശനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: