ന്യൂദൽഹി: ഇരുപത്തിനാല് മണിക്കൂറിനകം ഇസ്രായേലിനെ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ലണ്ടനിലേക്ക് പറന്ന എയറിന്ത്യ വിമാനം ഇറാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കി ചുറ്റിപ്പറന്നതായി റിപ്പോര്‍ട്ട്. വിമാനങ്ങളുടെ റൂട്ടുകള്‍ അടയാളപ്പെടുത്തുന്ന ഫ്ലൈറ്റ് റഡാര്‍ 24 ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എയറിന്ത്യ വിമാനം ഏത് വഴിയാണ് പറന്നതെന്ന മാപ്പും പങ്കുവെച്ചു . യൂറോപ്പിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ ഇപ്പോള്‍ ഇറാന്റെ വ്യോമാതിർത്തി ഒഴിവാക്കി പറക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
യുദ്ധഭീഷണിയുടെ പശ്ചാത്തലത്തില്‍ ലണ്ടനിലേയ്‌ക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനമാണ് ആദ്യമായി ഇറാൻ വ്യോമാതിർത്തി ഒഴിവാക്കി പറന്നത്. എയറിന്ത്യ വിമാനം കൂടുതൽ ദൂരം സഞ്ചരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. യൂറോപ്പിലേക്കുള്ള വിമാനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്താൻ 45 മിനിറ്റ് വരെ അധികം പറന്നതായാണ് വിവരം. എന്നാൽ ഗള്‍ഫിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങളെ ഇത് ബാധിക്കില്ല.
ഏപ്രിൽ ഒന്നിന് സിറിയയിലെ ഡമാസ്കസിലുള്ള ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ജനറൽമാർ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഇറാനിലേക്കും ഇസ്രായിലേക്കമുള്ള യാത്രയ്‌ക്ക് ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേർപ്പെടുത്തിയിരുന്നു. കൂടാതെ ഇരുരാജ്യങ്ങളിലുമുള്ള ഇന്ത്യൻ പൗരൻമാർ ഉടൻ തന്നെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഇറാന്‍ ഇസ്രയേലിനെ 48 മണിക്കൂറിനകം ആക്രമിക്കുമെന്ന വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത് വാള്‍ സ്ട്രീറ്റ് ജേണല്‍
ഇറാന്‍ ഇസ്രയേലിനെ അടുത്ത 48 മണിക്കൂറിനകം ആക്രമിക്കുമെന്ന വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത് അമേരിക്കന്‍ പത്രമായ വാള്‍ സ്ട്രീറ്റ് ജേണലാണ്. തൊട്ടുപിന്നാലെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഇക്കാര്യം സ്ഥിരീകരിച്ചു. ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചാല്‍ അമേരിക്ക നോക്കിനില്‍ക്കില്ലെന്നും ജോ ബൈഡന്‍ ഇറാനെ താക്കീത് ചെയ്തു. ഇതോടെ ഇതൊരു ലോകയുദ്ധത്തിലേക്ക് വളര്‍ന്നേക്കുമോ എന്ന ഭീതിയും നിലനില്‍ക്കുകയാണ്. വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് ഇറാൻ സൈന്യം ഇസ്രയേലിന്റെ ചരക്ക് കപ്പൽ തടഞ്ഞത്. ദുബായിലേക്ക് പോകുകയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്. ഇതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: