നടൻ സായാജി ഷിൻഡേയെ നെഞ്ചുവേദനയേത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്‌ട്രയിലെ സാത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.താരം സുഖം പ്രാപിച്ചു വരികയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസുഖബാധിതനായിരുന്നു സായാജി ഷിൻഡേ. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവിച്ചതിനേത്തുടർന്ന് അദ്ദേഹത്തെ കുടുംബം സാത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തിര പരിശോധനകള്‍ക്കുശേഷം മറ്റുചില പരിശോധനകള്‍കൂടി ഡോക്ടർമാർ നടത്തി. പരിശോധനയില്‍ അദ്ദേഹത്തിന്റെ ഹൃദയത്തിലേക്കുള്ള ധമനികളില്‍ 99 ശതമാനം തടസ്സങ്ങളുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്നാണ് ആൻജിയോപ്ലാസ്റ്റി ചെയ്തത്.
1978-ൽ മറാത്തി ഏകാംഗ നാടകങ്ങളിലൂടെയാണ് സായാജി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. നിരവധി തമിഴ്, തെലുങ്ക്, ബോളിവുഡ്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സായാജി ഷിൻഡേ. 2000-ല്‍ ജ്ഞാനഭാരതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഭാരതി എന്ന തമിഴ് ചിത്രത്തിലെ സുബ്രഹ്മണ്യ ഭാരതിയായുള്ള പ്രകടനത്തിലൂടെയാണ് സായാജി ഷിൻഡേ ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.
ടാഗോർ, ആന്ധ്രാവാല, പോക്കിരി, ലക്ഷ്മി, കൃഷ്ണ, ആര്യ 2, അരുന്ധതി, ദൂക്കുഡു, റൂളർ, ഗോഡ്ഫാദർ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും ബാബ, ദൂള്‍, അഴകിയ തമിഴ് മകൻ, സന്തോഷ് സുബ്രഹ്മണ്യം, ആധവൻ, വേട്ടൈക്കാരൻ, വേലായുധം, കാലാ തുടങ്ങിയ തമിഴ്ചിത്രങ്ങളിലും വേഷമിട്ടു. മലയാളത്തില്‍ നാടോടിമന്നൻ എന്ന ചിത്രത്തില്‍ വില്ലനായുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: