തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മലയാളികളായ ഡോക്ടര്‍ ദമ്പതികളും വനിതാ സുഹൃത്തും മരണം തെരഞ്ഞെടുത്തതിന് പിന്നില്‍ മറ്റാരുടെയും പ്രേരണയില്ലെന്ന നിഗമനത്തിലാണ് പൊലീസ്.വിചിത്ര മാനസികാവസ്ഥയിലാണ് മൂവരും മരണം തെരഞ്ഞെടുത്തതെന്നാണ് കരുതുന്നത്. ആര്യയ്‌ക്ക് ഇരട്ട വ്യക്തിത്വമുണ്ടായിരുന്നെന്നും സംശയിക്കുന്നുണ്ട്.
മൂന്ന് പേരുടെയും ഇ-മെയില്‍ ഐഡികളിലെയും മൊബൈല്‍ ഫോണിലെയും ആശയവിനിമയങ്ങള്‍ കണ്ടെത്തിയ ശേഷമാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. നവീന്‍ ലോകവസാനത്തെക്കുറിച്ച് എപ്പോഴും പറയുമായിരുന്നു. പ്രളയ സമയത്തും കോവിഡ് കാലത്തും താന്‍ പറഞ്ഞതിലേക്ക് ലോകം എത്തുന്നുവെന്ന് വാദിക്കാനും നവീന്‍ ശ്രമിച്ചിരുന്നുവെന്ന് സുഹ്യത്തുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ധ്യാനത്തിന് പോകാന്‍ ആര്യയെയും ദേവിയെയും നിര്‍ബന്ധിച്ചതും നവീനാണ്. ഇതിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് നിരവധി തവണ യാത്ര ചെയ്തു. ഇതൊന്നും മറ്റാരും അറിയാതിരിക്കാന്‍ ഡയറി താളുകളും മൊബൈല്‍ സന്ദേശങ്ങളും നവീന്‍ നശിപ്പിച്ചിരുന്നു. ഇത് വീണ്ടെടുത്തപ്പോഴാണ് നവീന്റെ ചിന്തകള്‍ സംബന്ധിച്ച് പൊലീസിന് വ്യക്തത വന്നത്.
ആര്യയ്‌ക്ക് ഇരട്ട വ്യക്തിത്വമാണെന്ന് പറയാന്‍ കാരണം ഇവരോട് ആശയ വിനിമയം നടത്തിയ ഡോണ്‍ ബോസ്‌കോ എന്ന ഇമെയില്‍ വിലാസം ആര്യയുടേത് തന്നെയെന്നതാണ്. ഇതിലേക്കയച്ച സന്ദേശങ്ങളും ആര്യയുടേത് തന്നെയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: